ലോകത്ത് നാലിലൊന്ന് സ്ത്രീകളും പങ്കാളിയോട് ലൈം​ഗികതയിൽ നോ പറയാൻ കഴിയാത്തവർ; യുഎൻ പഠനറിപ്പോർട്ട് പുറത്ത്

പ്രായം കുറഞ്ഞ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലൈംഗികബന്ധം നിരസിക്കാനുള്ള സ്വാതന്ത്ര്യം മുതിർന്ന സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
ലോകത്ത് നാലിലൊന്ന് സ്ത്രീകളും പങ്കാളിയോട് ലൈം​ഗികതയിൽ നോ പറയാൻ കഴിയാത്തവർ; യുഎൻ പഠനറിപ്പോർട്ട് പുറത്ത്
Published on: 

ഭർത്താവോ പങ്കാളിയോ ലൈംഗികബന്ധത്തിന് താൽപര്യം പ്രകടിപ്പിച്ചാൽ ലോകത്ത് നാലിലൊരു സ്ത്രീയ്ക്കും അതിനോട് വിസമ്മതിക്കാൻ കഴിയാത്ത അവസ്ഥയെന്ന് യുഎൻ റിപ്പോർട്ട്. പടിഞ്ഞാറൻ, മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ പകുതിയോളം സ്ത്രീകൾക്ക് 45 ശതമനത്തിനും സ്വന്തം പങ്കാളിയിയോട് പോലും ലൈംഗികബന്ധത്തിന് നോ പറയാൻ കഴിയുന്നില്ല. തെക്ക്, കിഴക്ക് ആഫ്രിക്കൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും മൂന്നിലൊന്ന് സ്ത്രീകൾ (33%) സമാനമായ സാഹചര്യം നേരിടുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലാറ്റിനമേരിക്കയിലും കരീബിയൻ മേഖലയിലും പത്തിലൊന്ന് സ്ത്രീകൾക്ക് ലൈംഗികബന്ധം നിരസിക്കാൻ കഴിയുന്നില്ലെന്നും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച യുഎൻ പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ടിൽ പറയുന്നു.

പ്രായം കുറഞ്ഞ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലൈംഗികബന്ധം നിരസിക്കാനുള്ള സ്വാതന്ത്ര്യം മുതിർന്ന സ്ത്രീകളെ അപേക്ഷിച്ച് കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. താരതമ്യം ചെയ്യാവുന്ന വിവരങ്ങൾ ലഭ്യമായ എട്ട് രാജ്യങ്ങളിലെ കണക്കുകൾ വിശകലനം ചെയ്താണ് കണ്ടെത്തൽ. അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കസാക്കിസ്ഥാൻ, മലാവി, മാലി, നൈജീരിയ, താജിക്കിസ്ഥാൻ, സാംബിയ തുടങ്ങിയ രാജ്യങ്ങളിലെ കണക്കുകളാണ് പഠനവിധേയമാക്കിയത്. 15 മുതൽ 19 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് 45 മുതൽ 49 വയസ്സുവരെയുള്ള സ്ത്രീകളെ അപേക്ഷിച്ച് ലൈംഗികബന്ധം നിരസിക്കാനുള്ള അധികാരം കുറവാണ്.

കൗമാരക്കാരായ പെൺകുട്ടികൾ പങ്കാളികളിൽനിന്ന് ഉയർന്ന തോതിലുള്ള അതിക്രമങ്ങൾ നേരിടുന്നുവെന്ന മുൻ പഠനങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ പഠനറിപ്പോർട്ട്. "ഈ കണക്കുകൾ ഏറെ ദുഃഖകരമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഉറപ്പാക്കുന്നതിനുള്ള നിയമപരമായ ബാധ്യതകൾ മുന്നോട്ടുവയ്ക്കുന്ന മപുട്ടോ പ്രോട്ടോക്കോൾ ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവൻ അംഗീകരിച്ചിട്ടും സ്ഥിതി മാറിയിട്ടില്ല. ഈ പ്രതിബദ്ധതകളുടെ പ്രയോജനം സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇനിയും ഏറെ പ്രവർത്തിക്കേണ്ടതുണ്ട്," ആഗോള മനുഷ്യാവകാശ സംഘടനയായ ഇക്വാലിറ്റി നൗവിലെ അഭിഭാഷകൻ ജീൻ പോൾ മുരുങ്ക പറഞ്ഞു.

ലോകത്ത് നാലിലൊന്ന് സ്ത്രീകളും പങ്കാളിയോട് ലൈം​ഗികതയിൽ നോ പറയാൻ കഴിയാത്തവർ; യുഎൻ പഠനറിപ്പോർട്ട് പുറത്ത്
ആരോഗ്യകേരളത്തിന്റെ 70 വർഷങ്ങൾ

2003ൽ ആഫ്രിക്കൻ യൂണിയൻ അംഗീകരിച്ച ചരിത്രപ്രധാനമായ ഉടമ്പടിയാണ് മപുട്ടോ പ്രോട്ടോക്കോൾ. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും അതിക്രമങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ അംഗരാജ്യങ്ങൾക്ക് ബാധ്യത ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷ്യം. വിവാഹം ഇരുവരുടെയും പൂർണ സമ്മതത്തോടെ മാത്രമായിരിക്കണമെന്നും സ്ത്രീകളുടെ ആരോഗ്യപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പ്രോട്ടോക്കോൾ വ്യക്തമാക്കുന്നു. "സ്വതന്ത്രവും സ്വമേധയാ നൽകുന്നതുമായ സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം ലൈംഗികാതിക്രമമാണ്. വിവാഹബന്ധത്തിനുള്ളിലും ഇത് ബാധകമാണ്. വിവാഹം എന്നത് ജീവിതകാലം മുഴുവൻ ലൈംഗികബന്ധത്തിനുള്ള സമ്മതം നൽകുന്നതിന് തുല്യമല്ല. ലൈംഗികബന്ധത്തിൽ ഏർപ്പെടണമോ, എപ്പോൾ ഏർപ്പെടണം, എങ്ങനെ ഏർപ്പെടണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്," ജീൻ പോൾ മുരുങ്ക പറഞ്ഞു.

ലോകത്ത് നാലിലൊന്ന് സ്ത്രീകളും പങ്കാളിയോട് ലൈം​ഗികതയിൽ നോ പറയാൻ കഴിയാത്തവർ; യുഎൻ പഠനറിപ്പോർട്ട് പുറത്ത്
ആരോഗ്യകേരളത്തിന്റെ 70 വർഷങ്ങൾ

ഇതിന്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024ൽ മുരുങ്ക പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ചില ആഫ്രിക്കൻ രാജ്യങ്ങളിൽ വിവാഹത്തിനുള്ളിലെ ബലാത്സംഗം കുറ്റകരമായി കണക്കാക്കുന്നില്ല. ഐവറി കോസ്റ്റ്, എത്യോപ്യ, ദക്ഷിണ സുഡാൻ എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ ഭർത്താക്കന്മാരെ വൈവാഹിക ബലാത്സംഗക്കേസുകളിൽനിന്ന് വ്യക്തമായി ഒഴിവാക്കിയിട്ടുണ്ട്. ടാൻസാനിയ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളിൽ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നില്ലെങ്കിൽ മാത്രമാണ് വിവാഹത്തിനുള്ളിലെ ബലാത്സംഗം കുറ്റകരമാകുന്നത്.

ബാലവിവാഹം അനുവദനീയമായതും വൈവാഹിക ബലാത്സംഗം കുറ്റകരമല്ലാത്തതുമായ രാജ്യങ്ങളിൽ കുട്ടികൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കുന്നില്ല. വിവാഹത്തിന് പുറത്തായിരുന്നെങ്കിൽ ബലാത്സംഗമായി കണക്കാക്കുമായിരുന്ന പ്രവൃത്തികൾക്ക് നിയമത്തിലെ പഴുതുകൾ സംരക്ഷണമൊരുക്കുകയാണ്. ലൈംഗികാതിക്രമങ്ങളിൽനിന്നും ചൂഷണങ്ങളിൽനിന്നും സ്വയം സംരക്ഷിക്കാൻ ഇത്തരം വിവാഹങ്ങളിലെ പെൺകുട്ടികൾക്ക് വളരെ കുറച്ച് മാർഗങ്ങൾ മാത്രമാണുള്ളത്. ഗാബോണിൽ, തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച പെൺകുട്ടിയുടെ ഭർത്താവിനെതിരെ വിവാഹം അസാധുവാക്കിയാൽ മാത്രമേ നിയമനടപടി സ്വീകരിക്കാൻ കഴിയൂ.

വിവാഹം കഴിക്കുന്നതോടെ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ സ്ഥിരമായി സമ്മതം നൽകിയതായി കണക്കാക്കാമെന്ന തെറ്റായ ധാരണയാണ് ഇത്തരം നിയമങ്ങൾക്ക് പിന്നിൽ. പല മേഖലകളിലും ഈ വിശ്വാസം നിലനിർത്തുന്നതിൽ മതത്തിന് നിർണായക പങ്കുണ്ട്. സിയറ ലിയോണിലെ കൗമാരക്കാരായ പെൺകുട്ടികളെ പിന്തുണയ്ക്കുന്ന സംഘടനയായ 'എ ഗേൾ അറ്റ് എ ടൈം' സ്ഥാപക അലിമാതു ഡിമോനെകെനെയുടെ അഭിപ്രായത്തിൽ, ആഫ്രിക്കയിൽ വിവാഹബന്ധത്തിലെ സമ്മതം സംബന്ധിച്ച ചർച്ചകൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.

ലോകത്ത് നാലിലൊന്ന് സ്ത്രീകളും പങ്കാളിയോട് ലൈം​ഗികതയിൽ നോ പറയാൻ കഴിയാത്തവർ; യുഎൻ പഠനറിപ്പോർട്ട് പുറത്ത്
തദ്ദേശ സ്ഥാപനങ്ങളിൽ വെറ്ററിനറി പരിശോധനയില്ലാത്ത അറവുശാലകൾ, മറുഭാഗത്ത് നിപ-ജൈവവൈവിധ്യ ഭീഷണിയും: സി.എ.ജി റിപ്പോർട്ടും യു.എൻ 'വൺ ഹെൽത്ത്' ചട്ടക്കൂടും

"വിവാഹത്തിനുള്ളിലെ ബലാത്സംഗത്തെക്കുറിച്ചുള്ള ചർച്ചകൾ പോലും നമ്മൾ തുടങ്ങിയിട്ടില്ല. സ്ത്രീകൾ ഇതിനെ ഒരിക്കലും ബലാത്സംഗമെന്ന് വിളിക്കാറില്ല. പകരം അതിന് ന്യായീകരണങ്ങൾ കണ്ടെത്തുകയോ സ്വയം കുറ്റപ്പെടുത്തുകയോ ചെയ്യുന്നു," അവർ പറഞ്ഞു. "പശ്ചിമ ആഫ്രിക്കയിൽ വിവാഹജീവിതത്തിന്റെ ഭാഗമായുള്ള ബാധ്യതയായാണ് ലൈംഗികബന്ധത്തെ കാണുന്നത്. ഭർത്താവ് ആവശ്യപ്പെടുന്നതെന്തും ഭാര്യ അനുസരിക്കണമെന്നാണ് നിലപാട്.

വിവാഹസമയത്ത് വരന്റെ കുടുംബം വധുവിന്റെ കുടുംബത്തിന് പണമോ കന്നുകാലികളോ മറ്റ് വസ്തുക്കളോ നൽകുന്ന പരമ്പരാഗത ആചാരമായ വധുവില നൽകിയതോടെ ഭർത്താവിന് ഭാര്യയുടെ മേൽ ഉടമസ്ഥാവകാശം ലഭിച്ചുവെന്നാണ് പലരും കരുതുന്നത്. അതിനാൽ ഭർത്താവിന്റെ ആവശ്യങ്ങൾ നിരസിക്കാൻ ഭാര്യക്ക് കഴിയില്ല. ലൈംഗികബന്ധം മാത്രമല്ല, സാമ്പത്തിക കാര്യങ്ങളിലും കുട്ടികളെ വളർത്തുന്നതിലും ഭർത്താവ് ആവശ്യപ്പെടുന്നതെന്തും അംഗീകരിക്കണമെന്ന നിലപാടാണുള്ളത്," അവർ കൂട്ടിച്ചേർത്തു.