ഒരു ലോകനേതാവ് ഒരു തോക്കും ആറ് വെടിയുണ്ടകളും വെച്ച് എന്താണ് ചെയ്യുക? അങ്കാറയില്‍ നടന്ന ഉച്ചകോടിക്ക് ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ നാറ്റോ നേതാക്കള്‍ക്ക് ഓരോ റീവോള്‍വര്‍ വീതം സമ്മാനമായി നല്‍കിയപ്പോള്‍ നേതാക്കള്‍ ചിന്തിച്ചിട്ടുണ്ടാവുക ഇതായിരിക്കും. എര്‍ദോഗന്‍ തന്റെ അതിഥികള്‍ക്ക് നല്‍കിയ ഈ തികച്ചും അസാധാരണമായ സമ്മാനത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശിച്ചത് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആയിരുന്നു. നാറ്റോ നേതാക്കള്‍ രണ്ടു ദിവസത്തേക്ക് ഒത്തുകൂടിയ അങ്കാറയില്‍ നിന്നുള്ള മടക്കയാത്രയിലാണ് തനിക്കും മറ്റു നേതാക്കള്‍ക്കും സ്വന്തം പേര് കൊത്തിയ ഓരോ റീവോള്‍വര്‍ സമ്മാനമായി ലഭിച്ചെന്നു അദ്ദേഹം പറഞ്ഞത്.
കറുത്ത ലൈനിങ് ഉള്ള ചുവന്ന പെട്ടിയില്‍ വെച്ചിരുന്ന തോക്കിനൊപ്പം ആറ് വെടിയുണ്ടകളും ഈ ആയുധങ്ങളെ കയറ്റുമതി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന ഒരു കുറിപ്പും ഉണ്ടായിരുന്നു. ഇത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന ഒരു സമ്മാനമായിരുന്നുവെന്ന് സഖ്യത്തിലെ വിവിധ അംഗരാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സമ്മാനപ്പെട്ടി വിവിധ രാജ്യങ്ങളിലെ സുരക്ഷാ വിഭാഗങ്ങള്‍ക്കിടയില്‍ ചില നാടകീയ രംഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.
നയതന്ത്ര ചരിത്രത്തിലെ അപൂര്‍വ സമ്മാനം, സുരക്ഷാ സംഘങ്ങള്‍ക്ക് തലവേദന
'നാറ്റോ ഉച്ചകോടിയില്‍ പ്രസിഡന്റ് എര്‍ദോഗനില്‍ നിന്ന് ലഭിച്ചത് അസാധാരണമായ ഒരു സമ്മാനമാണ്. എന്റെ പേര് കൊത്തിയ മഗ്‌നം റീവോള്‍വറും വെടിയുണ്ടകളും', ഹംഗേറിയന്‍ പ്രധാനമന്ത്രി പീറ്റര്‍ മഗ്യാര്‍ എക്സില്‍ കുറിച്ചു. ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവര്‍ ബെല്‍ജിയത്തില്‍ വിമാനമിറങ്ങിയ ശേഷമാണ് ഈ സമ്മാനം എന്താണെന്ന് തന്നെ അറിഞ്ഞത്. 'ബാര്‍ട്ട് ഡി വെവര്‍ സമ്മാനം കണ്ട് അത്ഭുതപ്പെടുകയും അത് സുരക്ഷിതമായ ലോക്കറിലേക്ക് മാറ്റുന്നതിനായി ഉടന്‍ തന്നെ എയര്‍പോര്‍ട്ട് പൊലീസിന് കൈമാറുകയും ചെയ്തു. പ്രസക്തമായ എല്ലാ നിയമനടപടികളും അനുസരിച്ചാണ് ഈ വിഷയം കൈകാര്യം ചെയ്തത്', ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബ്രസല്‍സ് ആസ്ഥാനമായുള്ള യൂറോപ്യന്‍ യൂണിയന്‍ മേധാവികളായ ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, അന്റോണിയോ കോസ്റ്റ എന്നിവര്‍ക്ക് ലഭിച്ച റീവോള്‍വറുകളും ഡി വെവറിന്റെ സുരക്ഷാ സംഘമാണ് കൈകാര്യം ചെയ്തത്. ഇത്തരം കാര്യങ്ങള്‍ വരുത്തിവെക്കുന്ന സുരക്ഷാ, പ്രോട്ടോക്കോള്‍ സംബന്ധമായ എല്ലാ തലവേദനകളും ഉദ്യോഗസ്ഥര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വന്നു. സമ്മാനത്തിന് വോണ്‍ ഡെര്‍ ലെയ്ന്‍ എര്‍ദോഗന് നന്ദി അറിയിച്ചു എന്ന് അവരുടെ വക്താവ് പറഞ്ഞു. ഈ തോക്ക് പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം മിലിട്ടറി മ്യൂസിയത്തിന് സംഭാവന ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളണ്ട് പ്രസിഡന്റ് കരോള്‍ നാവ്‌റോക്കിക്ക് ലഭിച്ച റീവോള്‍വര്‍ ആവശ്യമായ മുന്‍കരുതലുകളോടെയാണ് കൈകാര്യം ചെയ്തത്. കാരണം സമ്മാനങ്ങള്‍ വിനയായ അനുഭവം നേരത്തെ രാജ്യത്തിനുണ്ട്. 2022 ഡിസംബറില്‍ പോളണ്ടിലെ പൊലീസ് മേധാവിക്ക് ഉക്രെയ്‌നില്‍ നിന്ന് സമ്മാനമായി ലഭിച്ച ഒരു ആന്റി-ടാങ്ക് ഗ്രനേഡ് ലോഞ്ചര്‍ രാജ്യത്തെയ്ക്ക് കൊണ്ടുവന്നിരുന്നു. ഈ ഉപകരണം അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് പൊട്ടിത്തെറിക്കുകയും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും വാര്‍സോയിലെ പൊലീസ് ആസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.
സ്റ്റാര്‍മര്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ്, ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്‍ എന്നിവരുടേത് ഉള്‍പ്പെടെയുള്ള പല റീവോള്‍വറുകളും തല്‍ക്കാലം തുര്‍ക്കിയില്‍ തന്നെയാണുള്ളത്. യുകെ അടക്കമുള്ള രാജ്യങ്ങളില്‍ അനുമതിയില്ലാതെ തോക്ക് ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി റീവോള്‍വര്‍ കൂടെക്കൂട്ടിയെങ്കിലും വെടിയുണ്ടകള്‍ തുര്‍ക്കിയില്‍ തന്നെ ഉപേക്ഷിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വീഡിഷ് പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്‌സന് നല്‍കിയ തോക്ക് എല്ലാ നിയമനടപടികളും പാലിച്ച് സ്വീഡനിലേക്ക് എത്തിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
ആഡംബരവും അപൂര്‍വവുമായ 'ഗുമുഷായ്' റീവോള്‍വര്‍
വെറുമൊരു സാധാരണ തോക്കല്ല തുര്‍ക്കി പ്രസിഡന്റ് നേതാക്കള്‍ക്ക് സമ്മാനിച്ചത്. 1990-കളില്‍ തുര്‍ക്കിയുടെ ഔദ്യോഗിക ആയുധ നിര്‍മ്മാതാക്കളായ എംകെഇ നിര്‍മ്മിച്ച, ഇപ്പോള്‍ വിപണിയില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന ഗുമുഷായ്. 357 മാഗ്‌നം റീവോള്‍വര്‍ ആണ് സമ്മാനിച്ചത്. ഓരോ നേതാക്കള്‍ക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് ഈ തോക്കുകള്‍. അതുകൊണ്ട് തന്നെ ഓരോ നേതാവിന്റെയും പേര് തോക്കില്‍ പ്രത്യേകം കൊത്തിവെച്ചിട്ടുണ്ടായിരുന്നു. വെറും ആറു വെടിയുണ്ടകള്‍ മാത്രമല്ല, ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അടക്കമുള്ള ചില നേതാക്കള്‍ക്ക് തോക്ക് വൃത്തിയാക്കാനുള്ള കിറ്റും ഒപ്പം 500 വെടിയുണ്ടകള്‍ അടങ്ങിയ വലിയൊരു ബ്ലോക്കും സമ്മാനിച്ചിരുന്നു. ഒരു വിമാനത്തില്‍ ഇത്രയധികം വെടിയുണ്ടകള്‍ കൊണ്ടുപോകുക എന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ച് വലിയൊരു തലവേദന തന്നെയാണ്.
യാത്രാസംബന്ധമായ വെല്ലുവിളികള്‍ക്കപ്പുറം ഉക്രെയ്ന്‍, ഇറാന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉച്ചകോടിയില്‍ പങ്കെടുത്ത പല പ്രതിനിധികളെയും ഈ സമ്മാനം ആശയക്കുഴപ്പത്തിലാക്കി. എല്ലാവരും വീണ്ടും വീണ്ടും ചോദിച്ച ചോദ്യം ഇതായിരുന്നു, എന്തിനാണ് ഇങ്ങനെയൊരു സമ്മാനം?. മീറ്റിങുകളിലോ ഉച്ചകോടികളിലോ രാഷ്ട്രത്തലവന്മാര്‍ വിവിധ സമ്മാനങ്ങള്‍ കൈമാറുന്നത് വളരെ സാധാരണമാണെങ്കിലും അത്തരം കൈമാറ്റങ്ങള്‍ക്ക് ഇത്രയധികം മുന്‍കരുതലുകളും നിയമനടപടികളും ആവശ്യമായി വരാറില്ല. അതേസമയം, തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
Turkish President Recep Tayyip Erdogan surprised NATO leaders by gifting each of them a personalized .357 Magnum Gumuşay revolver along with six bullets during the alliance summit in Ankara. The unusual diplomatic gift, which also included an exemption note for export controls, created logistical and security challenges for several delegations. Some leaders kept the firearms in Turkey due to import restrictions, while others handed them over to airport police or security teams for safekeeping. The custom-made revolvers, engraved with each leader's name, sparked confusion among delegates, with many questioning the purpose of such a gift. Erdoğan's office has not commented on the controversy surrounding the gesture.