യുദ്ധപശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാനെതിരെ പൊരുതി കടലിടുക്ക് പൂർണമായും തുറക്കുന്നതിനുമായി സഖ്യകക്ഷികളെ സമീപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പോളണ്ടും തള്ളി. ഇറാനുമായുള്ള യുദ്ധത്തിന് തങ്ങളുടെ സൈന്യത്തെ അയക്കാൻ സാധ്യമല്ലെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് വ്യക്തമാക്കി.
ഇറാനിലേക്ക് സൈനിക നീക്കം നടത്താൻ പോളണ്ടിന് പദ്ധതിയില്ലെന്നും ഈ വിഷയത്തിൽ സഖ്യകക്ഷികൾക്ക് യാതൊരുവിധ സംശയവുമില്ലെന്നും ടസ്ക് പറഞ്ഞു. കര, വ്യോമ, നാവിക സേനകളിൽ ഒന്നിനെയും ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമാക്കാൻ പോളണ്ട് ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അയൽരാജ്യമായ യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങൾ പരിഗണിച്ച് സ്വന്തം സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലാണ് നിലവിൽ പോളണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ സഖ്യ രാജ്യങ്ങളും കഴിഞ്ഞ ദിവസം ട്രംപിന്റെ ആവശ്യം നിഷേധിച്ചു. സംഘർഷം വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു. സൈനിക നീക്കത്തേക്കാൾ നയതന്ത്ര ചർച്ചകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും രാജ്യങ്ങൾ വ്യക്തമാക്കിരുന്നു. സ്വന്തം രാജ്യത്തെ നയതന്ത്ര തടസങ്ങളായിരുന്നു അഭ്യർത്ഥന തള്ളുന്നതിൽ ജർമ്മനി ചൂണ്ടിക്കാട്ടിയത്.
ട്രംപിന്റെ കടുത്ത സമ്മർദ്ദങ്ങൾ നൽകിയിട്ടും യൂറോപ്യൻ രാജ്യങ്ങൾ ഇറാനിലെ സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത് അന്താരാഷ്ട്ര തലത്തിൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിൽ സുരക്ഷാ സഖ്യം രൂപീകരിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് ഇതിലൂടെ സംജാതമാകുന്നത്.
English Summary: Poland has refused a request from Donald Trump to send troops to Iran amid rising tensions over the Strait of Hormuz. Prime Minister Donald Tusk said Poland will not participate in military action, with several European nations also favoring diplomacy over conflict.