

ഇസ്രയേലിലെ ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലും കഴിയുന്ന പലസ്തീൻ തടവുകാർക്കെതിരെ അമേരിക്കൻ നിർമിത ഇലക്ട്രോഷോക്ക് ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായ പീഡനങ്ങൾ നടത്തുന്നതായി അന്വേഷണ റിപ്പോർട്ട്. തടവുകാരുടെ ശരീരത്തിൽ വെള്ളമൊഴിച്ചശേഷം വൈദ്യുതാഘാതം ഏൽപ്പിക്കുന്നതടക്കമുള്ള രീതികൾ വ്യാപകമായി ഉപയോഗിക്കുന്നതായാണ് ദി ഗാർഡിയനും അറബ് റിപ്പോർട്ടേഴ്‌സ് ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസവും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത്.
ഇസ്രയേൽ തടവിൽ കഴിയുന്നതിനിടെ നേരിട്ട പീഡനങ്ങളെക്കുറിച്ച് 43 വയസ്സുകാരനായ എസ്സ (യഥാർഥ പേരല്ല) നൽകിയ മൊഴി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രണ്ട് പാദങ്ങളും നഷ്ടപ്പെട്ട ഇദ്ദേഹത്തെ 'ഹെൽസ് വിങ്' എന്നറിയപ്പെടുന്ന ജയിലിലെ വിഭാഗത്തിലേക്ക് സൈനികർ വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയും വെടിയുതിർക്കുകയും ചെയ്തെന്നാണ് വെളിപ്പെടുത്തൽ. ഒരു കോണിലേക്ക് തള്ളിയിട്ടശേഷം റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് ശരീരത്തിലേക്ക് രണ്ടുതവണ വെടിവെച്ചു. തുടർന്ന് കെട്ടിയിട്ടശേഷം ഇദ്ദേഹത്തിന്റെ ശരീരത്തിൽ സ്റ്റൺ ഗൺ അമർത്തി ആവർത്തിച്ച് വൈദ്യുതാഘാതം ഏൽപ്പിച്ചെന്നും മൊഴിയിൽ പറയുന്നു.
പീഡനം നടന്ന് ഒന്നര വർഷത്തിലേറെ പിന്നിട്ടിട്ടും ശരീരത്തിൽ ഇലക്ട്രോഷോക്ക് ഏറ്റതിന്റെ പാടുകൾ അവശേഷിക്കുന്നുണ്ട്. മുറുക്കി കെട്ടിയിട്ട നിലയിൽ തുടർച്ചയായി വൈദ്യുതാഘാതം ഏൽപ്പിച്ചതിന്റെ അടയാളങ്ങളാണിവയെന്ന് ഇന്റർനാഷണൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഫോർ ടോർച്ചർ വിക്ടിംസ് സ്ഥിരീകരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പാദങ്ങളും നഷ്ടപ്പെട്ട എസ്സ ജബാലിയ അഭയാർഥി ക്യാമ്പിലായിരുന്നു താമസിച്ചിരുന്നത്. 2024 ജനുവരിയിൽ അറസ്റ്റിലായ ഇദ്ദേഹത്തെ ഇസ്രയേലിലെ ഓഫർ ജയിലിൽ പാർപ്പിക്കുകയും 2025 ഒക്ടോബറിൽ മോചിപ്പിക്കുകയും ചെയ്തു.
മുൻപ് ടാസർ ഇന്റർനാഷണൽ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ കമ്പനിയായ ആക്‌സൺ എന്റർപ്രൈസ് നിർമിക്കുന്ന ടാസർ ഇലക്ട്രോഷോക്ക് ആയുധങ്ങളാണ് എസ്സയെ പീഡിപ്പിക്കാൻ ഉപയോഗിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. 2024-നും 2025-നും ഇടയിൽ ഇസ്രയേൽ ജയിലുകളിൽനിന്ന് മോചിതരായ മറ്റ് മൂന്ന് തടവുകാരും ആക്‌സൺ നിർമിത ആയുധങ്ങൾ ഉപയോഗിച്ച് പീഡിപ്പിക്കപ്പെട്ടതായി മൊഴി നൽകിയിട്ടുണ്ട്.
ഇസ്രയേൽ ജയിൽ സർവീസ് നേരത്തേ പുറത്തുവിട്ട രണ്ട് വീഡിയോകളിൽ ജയിൽ ഉദ്യോഗസ്ഥരുടെ കൈവശം ആക്‌സൺ നിർമിത ടാസർ തോക്കുകളുള്ളതായി കാണുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തങ്ങളെ പീഡിപ്പിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ഇതുതന്നെയാണെന്ന് മുൻ തടവുകാരും തിരിച്ചറിഞ്ഞതായി അന്വേഷണത്തിൽ പറയുന്നു.
വൈദ്യുതാഘാതം ഏൽപ്പിക്കുന്നതിന് മുമ്പ് ശരീരത്തിൽ വെള്ളമൊഴിച്ചിരുന്നതായി മറ്റൊരു തടവുകാരൻ വെളിപ്പെടുത്തി. പീഡനത്തിന്റെ ആഘാതം വർധിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം. തുടർന്ന് കാഴ്ചശക്തി കുറയുക, ശരീരം വിറയ്ക്കുക, ബോധം നഷ്ടപ്പെടുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
2025 ഓഗസ്റ്റിൽ ഗിൽബോവ ജയിലിൽ തടവുകാരെ ടാസർ ഉപയോഗിച്ച് ഷോക്കേൽപ്പിച്ചശേഷം മുറ്റത്തെ ഷവർ സ്റ്റാളുകളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വീണ്ടും വെള്ളമൊഴിച്ച് വൈദ്യുതാഘാതം ഏൽപ്പിച്ചതായി പലസ്തീൻ കമ്മീഷൻ ഓഫ് ഡിറ്റെയിനീസും ആരോപിച്ചിട്ടുണ്ട്.
തടവുകാരോട് ക്രൂരമായി പെരുമാറുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളോട് ഇസ്രയേൽ നൽകിയ പ്രതികരണം. ഇസ്രയേൽ നിയമങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായാണ് തടവുകാരുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ വക്താവ് അവകാശപ്പെട്ടു.
അതേസമയം, സാദെ തെയ്മാൻ തടങ്കൽ കേന്ദ്രത്തിൽ ഒരു പലസ്തീൻ തടവുകാരനെ പീഡിപ്പിക്കാൻ സൈനികർ ടാസർ ഉപയോഗിച്ചതായി ഇസ്രയേൽ മിലിട്ടറി അഡ്വക്കേറ്റ് ജനറൽ ഇതായി ഓഫീർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തടവുകാരുടെ മൊഴികൾക്കൊപ്പം ഈ കണ്ടെത്തലും ഇലക്ട്രോഷോക്ക് ആയുധങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നു. 2023 ഒക്ടോബർ ഏഴിന് ശേഷമുള്ള കാലയളവിൽ ഇസ്രയേൽ തടങ്കൽ കേന്ദ്രങ്ങളിൽ പീഡനവും ലൈംഗിക അതിക്രമങ്ങളും ഗണ്യമായി വർധിച്ചതായി യുഎൻ കമ്മിറ്റി എഗെയ്ൻസ്റ്റ് ടോർച്ചറും വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രോഷോക്ക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പീഡനത്തിനുപുറമെ, തടവുകാരുടെ ജനനേന്ദ്രിയങ്ങളിലും ഗുദഭാഗത്തും വൈദ്യുതാഘാതം ഏൽപ്പിക്കുന്നതടക്കമുള്ള അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇലക്ട്രോഷോക്ക് ഉപകരണങ്ങൾ പീഡനത്തിനായി ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത്തരം ആയുധങ്ങളുടെ കയറ്റുമതിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു. ഇവയെ യുഎന്നിന്റെ ആംസ് ട്രേഡ് ട്രീറ്റിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
തടവുകാരുടെ ശരീരത്തിൽ അവശേഷിക്കുന്ന മുറിവുകളും മുൻ തടവുകാരുടെ സാക്ഷ്യങ്ങളും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടുന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഇസ്രയേൽ തടങ്കൽ കേന്ദ്രങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമായിരിക്കുകയാണ്.
A report alleges that Palestinian prisoners are subjected to brutal torture in Israeli prisons, including the use of electric shock weapons. Prisoners’ testimonies and injuries on their bodies have emerged as evidence of human rights violations. Amnesty International is calling for restrictions on arms exports.