

ഗസയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങളിലും ഗാർഹിക പീഡനങ്ങളിലും വൻ വർധനവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇസ്രായേലുമായുള്ള സംഘർഷത്തിന്റെ മറപറ്റി ലിംഗപരമായ അതിക്രമങ്ങൾ കുത്തനെ കൂടുന്നു എന്നാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻപിഎഫ്എ) റിപ്പോർട്ട് ചെയ്യുന്നത്. ശൈശവ വിവാഹങ്ങളിൽ ഈ വർഷം ഇതുവരെ മാത്രം വൻ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഏകദേശം 230ഓളം സ്ത്രീകളിൽ സർവേ നടത്തിയാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളും പെൺകുട്ടികളുമായിരുന്നു ഇവരിലേറെയും. ജനിച്ചുവളർന്ന സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട്, പരിതാപകരമായ സാഹചര്യത്തിൽ ക്യാമ്പുകളിൽ ദുരിതജീവിതം നയിക്കുന്ന ഇവരൊക്കെയും എത്ര ജന്മമെടുത്താലും മറക്കാനാവാത്ത ദുരന്തങ്ങളിലൂടെ കടന്നുപോയവരാണ്. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാൻ പീഡകൻമാരെ തന്നെ വിവാഹം ചെയ്യേണ്ടി വന്ന കഥയാണ് ഇവരിൽ ഭൂരിഭാഗം പേർക്കും തന്നെ പറയാനുണ്ടായിരുന്നത്. ചെറിയ പെൺകുട്ടികൾ പോലും ഇത്തരം സാഹചര്യം മറികടക്കാറില്ല എന്നതാണ് ദൌർഭാഗ്യകരമായ കാര്യം. രണ്ട് ചാക്ക് അരിപ്പൊടിയ്ക്കായി 14 വയസ് മാത്രമുള്ള മകളെ വിവാഹം ചെയ്തുനൽകിയ പിതാവിന്റെ കഥയും ഗസയിലെ ദുരിതത്തന്റെ മറ്റൊരു നേർക്കാഴ്ട..
12 മുതൽ 17 വയസ് വരെയുള്ള പെൺകുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നത് ഗസയിൽ ഒരു വാർത്തയേ അല്ലാതായി എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം ആദ്യ പാദത്തിൽ നിന്ന് ഇതുവരെ 123 ശതമാനം വർധനവ് ശൈശവ വിവാഹങ്ങളിലുണ്ടായി. നിർബന്ധിത പലായനം, അതിദാരിദ്ര്യം, സ്കൂളുകൾ അടച്ചത് എന്നിവയൊക്കെ പ്രതിസന്ധി രൂക്ഷമാക്കി. യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടികളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇവരെ ഏറ്റെടുക്കുന്ന ബന്ധുക്കൾ, ബാധ്യത ഒഴിവാക്കാനും പട്ടിണിയിൽ നിന്ന് രക്ഷനേടാനുമൊക്കെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കുകയാണ്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവർ ഗർഭിണികളുമാകും. ഇത് കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും ഏറെ തളർത്തുന്നു. യുദ്ധം തുടങ്ങിയതിൽ പിന്നെ, കൌമാരക്കാരിലെ ഗർഭധാരണത്തിൽ ഗസയിൽ വൻ വർധനവുണ്ടായിട്ടുണ്ട്.
ഒരു കുഞ്ഞിനെ വഹിക്കാൻ ശരീരം പാകപ്പെടാത്ത അവസ്ഥയിൽ, വൃത്തിഹീനമായ, ആവശ്യത്തിന് ഭക്ഷണമില്ലാത്ത സാഹചര്യത്തിൽ, പക്വതയെത്താത്ത പ്രായത്തിൽ ഗർഭിണികളാകുന്നത് പെൺകുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നുവെന്ന് സംഘടനയുടെ ഗസയിലെ പ്രതിനിധി നെസ്റ്റർ ഒവുമുഹാംഗി ചൂണ്ടിക്കാട്ടി.
യുദ്ധത്തിന് മുൻപ്, ഗസയിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള എല്ലാ തലങ്ങളിലും ആൺകുട്ടികളെക്കാൾ പെൺകുട്ടികളുടെ എണ്ണവും അവരുടെ വിദ്യാഭ്യാസ മികവും കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ, സ്കൂളുകൾ ദീർഘകാലമായി അടഞ്ഞുകിടക്കുന്നതിനാൽ ഭൂരിഭാഗം കുട്ടികളുടെയും പഠനം മുടങ്ങിയിരിക്കുകയാണ്. കുടുംബത്തെ സഹായിക്കുന്നതിനായി അനൗദ്യോഗിക ജോലികൾ കണ്ടെത്തുന്നതിന് ആൺകുട്ടികൾക്ക് മേൽ വലിയ സമ്മർദ്ദമുള്ളപ്പോൾ, പെൺകുട്ടികൾ നേരിടുന്നത് സുരക്ഷയുമായി ബന്ധപ്പെട്ട കടുത്ത വെല്ലുവിളികളാണ്.
സാമൂഹികമായി യാഥാസ്ഥിതികമായ ഒരു സമൂഹത്തിൽ, യാതൊരു സ്വകാര്യതയുമില്ലാതെ അപരിചിതർക്കൊപ്പം കഴിയേണ്ടി വരുന്നത് ലൈംഗിക അതിക്രമങ്ങളും ഉപദ്രവങ്ങളും വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. പല കുടുംബങ്ങളും തങ്ങളുടെ പെൺമക്കളെ സംരക്ഷിക്കുന്നതിനും അവരുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി അവരെ വിവാഹം കഴിച്ചു നൽകുകയാണ്. യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടികൾ കൂടുതൽ ചൂഷണസാധ്യത നേരിടുന്നുണ്ടെന്ന് 2025 ഒടുവിലും 2026 തുടക്കത്തിലുമായി നടത്തിയ പഠനങ്ങളെ ആസ്പദമാക്കിയുള്ള യുഎൻപിഎഫ്എ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ഐക്യരാഷ്ട്രസഭയും ഭൂരിഭാഗം സന്നദ്ധ സംഘടനകളും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹത്തെ Early marriage എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. യുദ്ധത്തിന് മുൻപ് തന്നെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ അപേക്ഷിച്ച് ഹമാസ് ഭരണത്തിലായിരുന്ന ഗസയിലെ ഫലസ്തീനികൾക്കിടയിൽ സർവ്വസാധാരണമായിരുന്നു. എന്നാൽ ഇത്തരം വിവാഹങ്ങൾ കുറഞ്ഞുവന്ന സാഹചര്യത്തിലാണ് മുനമ്പിൽ യുദ്ധമാരംഭിക്കുന്നത്.
ഗസയിലെ നിയമപ്രകാരം കുറഞ്ഞ വിവാഹപ്രായം 17 വയസാണ്. ഇതിൽ ഇളവുകൾ അനുവദിക്കുന്നത് രക്ഷിതാക്കളുടെ സമ്മതത്തോടും ജഡ്ജിയുടെ അംഗീകാരത്തോടും കൂടിയാണ്. 14 വയസ്സും ഏഴ് മാസവും മാത്രം പ്രായമുള്ള കുട്ടികളുടെ വിവാഹത്തിന് വരെ കോടതി ഉദ്യോഗസ്ഥർക്ക് അനുമതി നൽകാൻ സാധിക്കുമായിരുന്നു. എന്നാൽ, മുസ്ലീങ്ങളുടെ കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഇസ്ലാമിക് കോടതികൾ യുദ്ധത്തിന്റെ ഭൂരിഭാഗം സമയത്തും അടഞ്ഞുകിടന്നതോടെ ഇത്തരം "നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങൾ" നീക്കം ചെയ്യപ്പെട്ടതായി ഒരു ശരീഅത്ത് വിദഗ്ധൻ വ്യക്തമാക്കി.
കളങ്കം ചാർത്തപ്പെടുമെന്ന പേടിയും പ്രതികാര നടപടികളെക്കുറിച്ചുള്ള ഭയവും കാരണം ഗസയിലെ ലൈംഗിക അതിക്രമങ്ങൾ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുകയാണ്.. രാത്രികാലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വലിയ സുരക്ഷാ ഭീഷണിയുണ്ടെന്നും, ഇത് മൂലം ക്യാമ്പുകളിലെ ശൗചാലയങ്ങളും ബാത്ത്റൂമുകളും ഉപയോഗിക്കുന്നത് അവർ ഒഴിവാക്കുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ പരിശോധനകൾ വ്യക്തമാക്കുന്നു.
യുഎൻഎഫ്‌പിഎയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് പുറത്തുവിട്ട വിശകലന റിപ്പോർട്ട് പ്രകാരം, ബലാത്സംഗവും ലൈംഗികാക്രമണങ്ങളും ഉൾപ്പെടെയുള്ള സംഭവങ്ങൾ ഗസയിൽ അതീവ ഗുരുതരമായി മാറിയിട്ടുണ്ട്. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ ലിംഗാധിഷ്ഠിത അതിക്രമങ്ങളിൽ 2.7% ലൈംഗിക അതിക്രമങ്ങളായിരുന്നു. മുൻ പാദത്തിലെ 2.1%-ൽ നിന്നാണ് ഈ വർധനവ്. കേസുകളുടെ കേവല എണ്ണത്തിൽ 61 ശതമാനത്തിന്റെ വർധനവാണ് ഇത് കാണിക്കുന്നത്.
അതിക്രമങ്ങൾക്കിരയായവരിൽ ഭൂരിഭാഗവും 18-നും 59-നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണെന്നും, 8% കൗമാരക്കാരായ പെൺകുട്ടികളും 5% മുതിർന്ന പുരുഷന്മാരും ഇതിലുൾപ്പെടുന്നു എന്നും ജനസംഖ്യാശാസ്ത്ര വിവരങ്ങൾ സൂചിപ്പിക്കുന്നു.
വിധവകളോ ഭർത്താക്കന്മാർ തടവിലാക്കപ്പെടുകയോ കാണാതാവുകയോ ചെയ്ത സ്ത്രീകൾ ലൈംഗിക ചൂഷണത്തിനും അതിക്രമങ്ങൾക്കും ഇരയാകുന്നതിനുള്ള സാധ്യതയും കൂടുതലാണ്. നിലവിൽ നാലിലൊന്ന് കുടുംബങ്ങളുടെയും നാഥ സ്ത്രീയെന്ന നിലയിലാണ് ഉള്ളത് - ഇത് യുദ്ധത്തിന് മുൻപുള്ള അനുപാതത്തിന്റെ ഇരട്ടിയാണ്.
വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും, ഗാർഹിക പീഡനങ്ങൾക്കും ബാലവിവാഹങ്ങൾക്കുമെതിരെ പോരാടുന്നതിനുള്ള ദീർഘകാല പ്രചാരണ പദ്ധതികളും നിലവിൽ പുരോഗമിക്കുന്നുണ്ട്. ഗസയിലെ ഭൂരിഭാഗം ആളുകളുടെയും ജീവിത ഗതി ഇതിനകം തന്നെ മാറിമറിഞ്ഞിട്ടുണ്ടെങ്കിലും, കുറഞ്ഞപക്ഷം തങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്ന ഒരു ഭാവിയുണ്ടാകുമെന്നാണ് ഇവിടുത്തെ സ്ത്രീകൾ പ്രത്യാശിക്കുന്നത്.
A UN report has highlighted a sharp rise in sexual violence and domestic abuse against women and girls in Gaza. The United Nations Population Fund (UNFPA) reports that gender-based violence has increased significantly amid the ongoing conflict with Israel. The report also points to a substantial rise in child marriages so far this year.