ഇസ്രായേലില്‍ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം നിലനില്ക്കുന്നുവെന്ന വ്യക്തമായ സൂചനകള്‍ നല്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട യുദ്ധങ്ങള്‍ക്കും ആഭ്യന്തര രാഷ്ട്രീയ കൊടുംകാറ്റിനുമിടയില് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ-മതസഖ്യ ഭരണകൂടത്തിനെതിരെ വോട്ടര്‍മാര്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ മുന്നണിക്കോ, മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനോ കേവലഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) ഭൂരിപക്ഷം നേടാന്‍ 61 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ പ്രമുഖ മാധ്യമങ്ങളായ കാന്‍, ചാനല്‍ 13 എന്നിവയുടെ എക്സിറ്റ് പോളുകള്‍ ഇരു മുന്നണികള്‍ക്കും 51 സീറ്റുകള്‍ വീതമാണ് പ്രവചിക്കുന്നത്. ചാനല്‍ 12 ആകട്ടെ നെതന്യാഹുവിന്റെ മുന്നണിക്ക് 52 സീറ്റുകളും പ്രതിപക്ഷത്തിന് 49 സീറ്റുകളുമാണ് നല്‍കുന്നത്. ഇതോടെ രാജ്യത്ത് വീണ്ടും പുതിയൊരു രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്.
അറബ് പാര്‍ട്ടികള്‍ നിര്‍ണായകം
തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക ശക്തിയായി ഉയര്‍ന്നുവരുന്നത് രണ്ടു പ്രധാന അറബ് പാര്‍ട്ടികളാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനത്തോടെ ഇവര്‍ 18 മുതല്‍ 19 വരെ സീറ്റുകള്‍ നേടുമെന്നാണ് എക്സിറ്റ് പോളുകള്‍ കണക്കാക്കുന്നത്. മുമ്പും ഭരണസഖ്യത്തിന്റെ ഭാഗമായിട്ടുള്ള യുണൈറ്റഡ് അറബ് ലിസ്റ്റ് നേതാവ് മന്‍സൂര്‍ അബ്ബാസ്, പ്രതിപക്ഷ സഖ്യവുമായി ചേര്‍ന്ന് 61 സീറ്റുകള്‍ തികച്ച് സര്‍ക്കാരുണ്ടാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു അറബ് കക്ഷിയായ ജോയിന്റ് ലിസ്റ്റിന്റെ നിലപാടും നിര്‍ണായകമാകും. വോട്ടെടുപ്പില്‍ 77.7 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇത് 1999 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഔദ്യോഗിക ഫലങ്ങള്‍ രാത്രിയോടെ പുറത്തുവരാന്‍ തുടങ്ങുമെങ്കിലും, വോട്ടുകളുടെ 10% വരുന്ന (ഏകദേശം 6,00,000) സൈനികര്‍ രേഖപ്പെടുത്തിയ ആബ്സെന്റീ വോട്ടുകളുടെ എണ്ണല്‍ വ്യാഴാഴ്ചയോടെ മാത്രമേ പൂര്‍ത്തിയാകൂ.
പിന്മാറില്ല എന്ന സന്ദേശവുമായി നെതന്യാഹു
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത നെതന്യാഹു, താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സൈനിക നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 'ശക്തവും വലതുപക്ഷ സ്വഭാവമുള്ളതുമായ ഒരു ദേശീയവാദി സര്‍ക്കാരാണ് നാം സ്ഥാപിക്കേണ്ടത്. ഇസ്രായേലിനെ അപകടത്തിലാക്കാനും സയണിസ്റ്റ് വിരുദ്ധ അറബ് പാര്‍ട്ടികളെ ആശ്രയിക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാനും നാം അനുവദിക്കരുത്', നെതന്യാഹു പറഞ്ഞു.
ഇസ്രായേലിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന അറബ് വോട്ടര്‍മാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് 'രാജ്യദ്രോഹം' ആണെന്ന് നെതന്യാഹു വിശേഷിപ്പിച്ചു. നെതന്യാഹുവിന്റെ ഈ പ്രകോപനപരമായ നിലപാട് പ്രതിപക്ഷത്തിന് അറബ് പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സങ്കീര്‍ണ്ണമാക്കും. ഇത് വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സാധ്യത.
പ്രതീക്ഷയോടെ ഐസന്‍കോട്ട്
അള്‍ട്രാ-ഓര്‍ത്തഡോക്സ് ജൂതന്മാര്ക്ക് സൈനിക സേവനത്തില്‍ നിന്ന് ഇളവ് നല്‍കിയതിലും തീവ്രവലതുപക്ഷ നിലപാടുകളിലും ജനങ്ങള്‍ക്കുള്ള അമര്‍ഷം നെതന്യാഹുവിന് തിരിച്ചടിയായിട്ടുണ്ട്. പ്രധാന ടിവി ചാനലുകളുടെ എക്സിറ്റ് പോളുകള്‍ പ്രകാരം നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി 32 സീറ്റുകളില്‍ നിന്ന് 27-ലേക്ക് ചുരുങ്ങിയെങ്കിലും സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലികുഡ് തന്നെ തുടരും. അതേസമയം, വിജയപ്രതീക്ഷയിലാണ് ഐസന്‍കോട്ടിന്റെ ക്യാമ്പ്. 'ഇസ്രായേല്‍ ജനത മാറ്റത്തിന് അനുകൂലമായി വിധി എഴുതിയിരിക്കുന്നു. പ്രതീക്ഷയുടെ ഒരു പുതിയ യുഗത്തിനാണ് തുടക്കമാകുന്നത്,' എന്ന് അനുകൂലികളെ അഭിസംബോധന ചെയ്തുകൊണ്ട് ഐസന്‍കോട്ട് പറഞ്ഞു.
ഒക്ടോബര്‍ ഏഴും ഇസ്രായേലിന്റെ ഭാവി രാഷ്ട്രീയവും
2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലില്‍ നടക്കുന്ന ആദ്യ ദേശീയ തെരഞ്ഞെടുപ്പാണിത്. ആക്രമണത്തിന് ശേഷമുണ്ടായ ഗസ്സ, ലെബനന്, ഇറാന് യുദ്ധങ്ങളും വെസ്റ്റ് ബാങ്കിലെ സംഘര്‍ഷങ്ങളും ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തിയിരുന്നു. നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റും നിലവിലുണ്ട്. നെതന്യാഹുവിനെ പിന്തുണയ്ക്കുന്നവര്‍ അദ്ദേഹത്തെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന നേതാവായി കാണുമ്പോള്‍, എതിരാളികള്‍ അദ്ദേഹത്തെ ജനാധിപത്യത്തെ തകര്‍ക്കുന്ന, സ്വന്തം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി യുദ്ധം നീട്ടിക്കൊണ്ടുപോകുന്ന ഒരു ധ്രുവീകരണ നേതാവായാണ് വിലയിരുത്തുന്നത്. ഗസ്സ യുദ്ധത്തില്‍ മകനെയും രണ്ട് അനന്തരവന്മാരെയും നഷ്ടപ്പെട്ട ഐസന്‍കോട്ടിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Exit polls from Israel's parliamentary election point to continued political uncertainty, with neither Prime Minister Benjamin Netanyahu's right-wing coalition nor the opposition alliance led by former military chief Gadi Eisenkot securing a clear majority. Polls predict around 51–52 seats for Netanyahu's bloc and 49–51 for the opposition in the 120-member Knesset, which requires 61 seats for a majority. Arab parties, projected to win 18–19 seats, could emerge as kingmakers in government formation. Voter turnout reached 77.7%, the highest since 1999. Netanyahu has vowed to remain in office and opposed forming a government with Arab parties, while Eisenkot has expressed confidence in a political shift. The election, the first since the October 7, 2023, Hamas attack, comes amid prolonged wars, domestic tensions and growing criticism of Netanyahu's leadership.