ടീസ്ത നദിയില്‍ മലക്കം മറിഞ്ഞ് ബംഗ്ലാദേശ്; ചൈനയുടെ പിന്തുണതേടി, ഇന്ത്യക്ക് ആശങ്ക

1996 ല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വെള്ളം പങ്കുവയ്ക്കുന്ന 30 വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ വര്‍ഷം ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം.
ടീസ്ത നദിയില്‍ മലക്കം മറിഞ്ഞ് ബംഗ്ലാദേശ്; ചൈനയുടെ പിന്തുണതേടി, ഇന്ത്യക്ക് ആശങ്ക
Published on

ടീസ്ത നദി സംയോജിത പരിപാലന പുനരുദ്ധാരണ പദ്ധതിയില്‍ ചൈനയുടെ പങ്കാളിത്തം ഔദ്യോഗികമായി തേടി ബംഗ്ലാദേശ്. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) സര്‍ക്കാര്‍ ഇതാദ്യമായാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് വിദേശകാര്യ മന്ത്രി ഖലീലുര്‍ റഹ്‌മാന്‍ ടീസ്ത പദ്ധതി വിഷയം ഉന്നയിച്ചത്.

ഹിമാലയത്തിലെ കിഴക്കന്‍ മേഖലയായ പൗഹുന്റി മലയില്‍ നിന്ന് ഉത്ഭവിച്ച് സിക്കിം, പശ്ചിമ ബംഗാള്‍ വഴിയാണ് ടീസ്റ്റ നദി ബംഗ്ലാദേശിലെത്തുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ദീര്‍ഘകാല ജല പങ്കിടല്‍ തര്‍ക്കത്തിന്റെ കേന്ദ്രമായ ഈ നദിയെ ദശലക്ഷക്കണക്കിന് ആളുകള്‍ കൃഷിക്കും ഉപജീവനമാര്‍ഗത്തിനുമായി ആശ്രയിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഇടനാഴിയും തന്ത്രപ്രധാന മേഖലയുമായ സിലിഗുരിക്ക് സമീപമാണ് പദ്ധതിപ്രദേശം. ഇവിടെ ചൈനയുടെ ഇടപെടല്‍ ഒഴിവാക്കാന്‍ 2024 ല്‍ ഇന്ത്യ പദ്ധതിക്ക് സാങ്കേതിക പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

ബംഗ്ലാദേശുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറാണെന്ന് ടീസ്തയിലെ വന്‍കിട വികസന പദ്ധതിയെക്കുറിച്ചുള്ള ചൈനയുടെ നിര്‍ദേശത്തിന് മറുപടിയായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു. കൂടാതെ ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകരോടും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച ദിവസം തന്നെയായിരുന്നു മിസ്രി ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. കാരണം നദിയിലെ വെള്ളം തുല്യമായി വീതിക്കണമെന്ന ബംഗ്ലദേശിന്റെ ആവശ്യത്തിന് മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ എതിരായിരുന്നു.

ടീസ്ത നദിയില്‍ മലക്കം മറിഞ്ഞ് ബംഗ്ലാദേശ്; ചൈനയുടെ പിന്തുണതേടി, ഇന്ത്യക്ക് ആശങ്ക
'ജനവിധി അട്ടിമറിക്കരുത്', തെരുവിലിറങ്ങുന്ന അണികള്‍ കോണ്‍ഗ്രസിനെ തിരുത്തുമോ?

1996 ല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വെള്ളം പങ്കുവയ്ക്കുന്ന 30 വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ വര്‍ഷം ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ടീസ്റ്റ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യക്ക് മുന്‍ഗണന നല്‍കിയിരുന്നു. നദിയിലെ ജലം കൈകാര്യം ചെയുന്നത് ഇന്ത്യ ആയതിനാല്‍ അവര്‍ തന്നെ പദ്ധതി നടപ്പാക്കട്ടെ എന്നായിരുന്നു ഹസീനയുടെ നിലപാട്. 2024 ജൂണില്‍ ഷെയ്ഖ് ഹസീനയുടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍, ടീസ്ത പദ്ധതിക്കായി ഇന്ത്യന്‍ സാങ്കേതിക സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഹസീനയ്ക്ക് അധികാരം ഒഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നു.

ഹസീന സര്‍ക്കാരിന്റെ പതനത്തിനുശേഷം വന്ന മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം ചൈനയോടും പാക്കിസ്ഥാനോടും ആഭിമുഖ്യം പ്രകടിപ്പിച്ചത് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഫെബ്രുവരിയില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം വിദേശകാര്യ മന്ത്രി ഖലിലുര്‍ റഹ്‌മാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന സൂചനകള്‍ക്കിടയിലാണ് ചൈനയുടെ സഹായം തേടല്‍ ഉണ്ടായിരിക്കുന്നത്.

മുന്‍ ഇടക്കാല സര്‍ക്കാര്‍ സ്വീകരിച്ച നയതന്ത്ര നിലപാടിന്റെ തുടര്‍ച്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. 2025 മാര്‍ച്ചില്‍ മുഹമ്മദ് യൂനുസ് ചൈന സന്ദര്‍ശിച്ചപ്പോള്‍ പദ്ധതിയില്‍ ചൈനീസ് പങ്കാളിത്തത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്തിരുന്നു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ചൈനയുടെ നിര്‍ദേശം അനുകൂലമായി പരിഗണിക്കുമെന്ന് ബിഎന്‍പി സെക്രട്ടറി ജനറല്‍ മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ 2025 ജൂണില്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു.

ടീസ്ത നദിയില്‍ മലക്കം മറിഞ്ഞ് ബംഗ്ലാദേശ്; ചൈനയുടെ പിന്തുണതേടി, ഇന്ത്യക്ക് ആശങ്ക
ഭീതിയായി ഹാന്തവൈറസ്, ആഗോളതലത്തില്‍ ജാഗ്രതാ നിര്‍ദേശം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബംഗ്ലാദേശിലെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ചൈനീസ് കമ്പനികള്‍ക്കുള്ള വലിയ സ്വാധീനവും ടീസ്ത പദ്ധതിയിലെ ചൈനയുടെ പങ്കാളിത്തവും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. 15 വര്‍ഷത്തിലേറെയായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടീസ്ത ജലവിഭജന കരാര്‍ മുടങ്ങിക്കിടക്കുകയാണ്. 2011-ല്‍ അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കരാര്‍ ഒപ്പിടാന്‍ കഴിയാതെ പോയത്.

ജലവിഭജന കരാര്‍ നടക്കാത്ത സാഹചര്യത്തില്‍ സ്വന്തം പ്രദേശത്ത് നദീതട സംരക്ഷണവും പരിപാലനവും നടത്താനാണ് ബംഗ്ലാദേശ് തീരുമാനിച്ചത്. ഏകദേശം 100 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയില്‍ വന്‍കിട ജലസംഭരണികള്‍, നദീതടം ആഴം കൂട്ടല്‍, റോഡുകള്‍, സാറ്റലൈറ്റ് നഗരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. 2020 മുതല്‍ തന്നെ ചൈന ഈ പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പദ്ധതിക്കായി 72.5 കോടി ഡോളര്‍ കുറഞ്ഞ പലിശയില്‍ കടമായി ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും പദ്ധതിയുടെ സാമ്പത്തിക ലാഭക്ഷമതയെക്കുറിച്ച് ചൈനയ്ക്ക് ആദ്യം ആശങ്കകളുണ്ടായിരുന്നു. ബംഗ്ലാദേശ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജപ്പാന്‍, ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് എന്നിവയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ നാലാമത്തെ വലിയ വായ്പാദാതാവാണ് ചൈന. 1975 മുതല്‍ 7.5 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയാണ് ചൈന ബംഗ്ലാദേശിന് നല്‍കിയിട്ടുള്ളത്.

English Summary: In a significant diplomatic shift, the newly elected BNP-led government of Bangladesh, headed by Tarique Rahman, has formally requested China’s involvement in the Teesta River Comprehensive Management and Restoration Project.

Madism Digital
madismdigital.com