

നേപ്പാളിൽ ബാലെൻ ഷാ പ്രധാനമന്ത്രിയായി അധികാരത്തിലേറിയിട്ട് 150 ദിവസം പിന്നിടുന്നു. ജെൻസീ പ്രക്ഷോഭത്തിലൂടെ ഒരു സർക്കാർ വീഴുന്നതും യുവാക്കളുടെ വൈബിന് പറ്റിയ ഒരു 'പൂക്കീ പ്രധാനമന്ത്രി' ഒരു രാജ്യത്തുണ്ടാവുന്നതും ലോകം ആദ്യമായി കാണുകയായിരുന്നു നേപ്പാളിലൂടെ.
പഴയ തലമുറയെയും അവരുടെ പഴഞ്ചൻ ചിന്താഗതികളെയും പിന്തള്ളി, നേപ്പാളിന്റെ രാഷ്ട്രീയചരിത്രം തന്നെ മാറ്റിയെഴുതാൻ പോകുന്ന വീരനായകനായാണ് ബാലെൻ ഷാ ചിത്രീകരിക്കപ്പെട്ടത്. എന്നാൽ ഭരണത്തിലേറി 150 ദിവസം പിന്നിടുമ്പോൾ ഈ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ബാലെൻ സർക്കാരിനായോ എന്നത് ചോദ്യചിഹ്നമായി തുടരുകയാണ്.
മാർച്ചിൽ പൊട്ടിപ്പുറപ്പെട്ട വലിയ ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് കാഠ്മണ്ഡു മേയറും റാപ്പറും സ്ട്രക്ചറൽ എഞ്ചിനീയറുമൊക്കെ ആയിരുന്ന ബാലെൻ ഷാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായി നാല് തവണ അധികാരത്തിലുണ്ടായിരുന്ന കെപി ശർമ ഒലിയെ പരാജയപ്പെടുത്തി ആയിരുന്നു ഈ മുന്നേറ്റം.
കഴിഞ്ഞ 17 വർഷമായി തുടരുന്ന, സ്ഥിരതയില്ലാത്ത അധികാരമാറ്റങ്ങളുടെ രാഷ്ട്രീയത്തോട് ഒട്ടും താല്പര്യം തോന്നാതിരുന്ന യുവ വോട്ടർമാർ, ബാലെനിൽ ഉത്തരവാദിത്തബോധവും ഊർജ്ജസ്വലതയും കണ്ടു.
എന്നാൽ ബാലെനെ അധികാരത്തിലേറ്റിയ അതേ തലമുറ തന്നെ, ഇപ്പോൾ അദ്ദേഹത്തിന്റെ രാജിക്കായി തെരുവിലിറങ്ങിയിരിക്കുകയാണ്. പാർലമെന്റിലെ അസാന്നിധ്യമുൾപ്പടെ ചൂണ്ടിക്കാട്ടി സ്വന്തം പാർട്ടി തന്നെ ബാലെനെതിരെ രംഗത്തുണ്ട് എന്നതാണ് ശ്രദ്ധേയം. നേപ്പാളിന്റെ സുനിശ്ചിതവും സ്വതന്ത്രവുമായ ഭാവി മുന്നിൽക്കണ്ട് നടപ്പാക്കിയ നീക്കങ്ങളെല്ലാം തിരിച്ചടിച്ചതും ബാലെന്റെ പ്രതിച്ഛായ തകർത്തു.
ഇന്ത്യയുമായുള്ള തുറന്ന അതിർത്തി വഴി കൊണ്ടുവരുന്ന സാധനങ്ങൾക്കുമേൽ കസ്റ്റംസ് നികുതി കർശനമായി പിരിച്ചെടുക്കാൻ ഷാ ഉത്തരവിട്ടിരുന്നു. ഒരു പരിധിക്ക് മുകളിലുള്ള എല്ലാ സാധനങ്ങൾക്കും നികുതി ചുമത്തി. മരുന്നുകൾക്കും പലചരക്ക് സാധനങ്ങൾക്കും വീട്ടുസാധനങ്ങൾക്കുമായി ഇന്ത്യൻ വിപണികളെ ആശ്രയിക്കുന്ന സാധാരണക്കാരായ നേപ്പാളികളെ ഇത് കാര്യമായി തന്നെ ബാധിച്ചു. ഈ നീക്കം ഉടനടി ജനരോഷത്തിന് കാരണമായി. പ്രതിഷേധങ്ങൾ ശക്തമായതോടെ സർക്കാരിന് തീരുമാനം വേഗത്തിൽ പിൻവലിക്കേണ്ടി വന്നു.
ജൂൺ മാസത്തിൽ, ബാലെന്റെ സ്വന്തം പാർട്ടി അധ്യക്ഷനായ രവി ലാമിച്ചാനെയുമായി ബന്ധപ്പെട്ട് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു നയതന്ത്ര സംഭവം ഉണ്ടായിരുന്നു. ഇന്ത്യ സന്ദർശിച്ച ലാമിച്ചാനെ, വിവിധ രാഷ്ട്രീയപ്രമുഖരുമായും ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി. ലാമിച്ചാനെയ്ക്ക് ലഭിച്ച സ്വീകരണം എല്ലാവരുടെയും ശ്രദ്ധയുമാകർഷിച്ചു.
നയതന്ത്രജ്ഞരുമായി അത്ര നല്ല ബന്ധം സൂക്ഷിക്കാൻ ശ്രമിച്ചിട്ടുള്ളയാളല്ല ബാലെൻ ഷാ. അയൽരാജ്യങ്ങളിൽ, വിദേശകാര്യമന്ത്രിമാർക്ക് താഴെയുള്ള ഒരു റാങ്കിലെ ഉദ്യോഗസ്ഥരുമായും ഇദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാറില്ല. ലാമിച്ചാനെയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ, ഈ പ്രതിച്ഛായ മാറ്റിയെടുക്കാൻ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതിനോടകം തന്നെ പ്രശംസ മുഴുവൻ ലാമിച്ചാനെയ്ക്ക് ലഭിച്ചതിനാൽ ഇത് കാര്യമായ പരിഹാസം ക്ഷണിച്ചു വരുത്തുകയാണുണ്ടായത്.
മുൻസിപ്പൽ പൊലീസുമായുള്ള തർക്കങ്ങളെ തുടർന്ന് ഗണേഷ് നേപ്പാളി എന്ന റൈഡ്-ഷെയർ ഡ്രൈവർ ആത്മഹത്യ ചെയ്തതാണ് ബാലെൻ സർക്കാരിന് മറ്റൊരു അടിയായത്. ഭൂമിയില്ലാത്ത ഭവനരഹിതരെ സർക്കാർ ഒഴിപ്പിച്ചതിനെതിരെ ജനങ്ങൾ പരസ്യമായി പ്രതിഷേധത്തിനിറങ്ങി.
ഇവയ്‌ക്കെല്ലാം പുറമെ, ജൂലൈ അവസാന വാരത്തിൽ ഇന്ത്യൻ അതിർത്തിക്കടുത്തുള്ള തെക്കൻ ജില്ലകളിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗീയ സംഘർഷങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇതോടെ പ്രധാനമന്ത്രിയെന്ന നിലയിൽ തന്റെ ആദ്യത്തെ പ്രധാന പൊതുപ്രസംഗം നടത്താൻ ഷാ നിർബന്ധിതനായി. കാര്യങ്ങൾ മാറ്റാൻ കഴിയുന്ന ഒരു ഔട്ട്‌സൈഡർ എന്ന ബാലെന്റെ പ്രതിച്ഛായയെ പൂർണ്ണമായും തകർത്ത നിമിഷമായിരുന്നു ഇത്.
എപ്പോൾ എവിടെ പ്രതികരിക്കണം, എങ്ങനെ പ്രതികരിക്കണം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ ബാലെന് ഒരറിവുമില്ല എന്ന വസ്തുത മറനീക്കി പുറത്തെത്തി. ഇതിനൊക്കെ പിന്നാലെയാണ് അടുത്തിടെ ഇന്ത്യൻ ആർമിയിൽ നേപ്പാളി യുവാക്കളെ ചേർക്കണം എന്ന ആവശ്യവും ശക്തമായത്.
2020 മുതൽ നേപ്പാളി ഗൂർഖകളുടെ സൈനിക റിക്രൂട്ട്‌മെന്റ് നിർത്തിവച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ കുറഞ്ഞ ശമ്പളമുള്ള ജോലികളേക്കാൾ നേപ്പാളിലെ യുവാക്കൾക്ക് മികച്ചൊരു ബദലാണ് ഇന്ത്യൻ സൈന്യത്തിലെ സേവനമെന്നാണ് പ്രതിഷേധിക്കാർ വാദിക്കുന്നത്.
ഓഗസ്റ്റ് 16ന് നേപ്പാൾ സന്ദർശിച്ച ജനറൽ സേത്ത്, ഷായെയും മറ്റ് മുതിർന്ന നേപ്പാളി നേതാക്കളെയും കാണുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൈനിക പാരമ്പര്യം തുടർന്നുകൊണ്ട് നേപ്പാൾ സൈന്യത്തിന്റെ 'ഓണററി ജനറൽ' പദവി ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ ഗൂർഖാ പൂർവ്വസൈനികരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കണമെന്ന ആവശ്യം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു.
ഷായെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുമായുള്ള നേപ്പാളിന്റെ ബന്ധത്തെ അവഗണിക്കാനോ നിസ്സാരമായി കാണാനോ കഴിയില്ലെന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്.
കഴിഞ്ഞ 150 ദിവസത്തെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള ബാലെൻ ഷായുടെ ഗതി പരിശോധിച്ചാൽ, അദ്ദേഹത്തിന്റെ പിഴവുകൾ ഒരു തുടക്കക്കാരന് സംഭവിക്കാവുന്ന സ്വാഭാവിക തെറ്റുകളായി കണക്കാക്കാനാവില്ല. ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്തവണ്ണം എല്ലാ മേഖലകളിലും അദ്ദേഹം പരാജയപ്പെടുന്നതായാണ് മനസ്സിലാക്കാനാവുക. തികച്ചും ജനപ്രിയമായ ഒരു ജനവിധി എത്ര വേഗത്തിലാണ് ഒരു രാഷ്ട്രീയ പ്രതിസന്ധിയായി മാറിയതെന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോൾ നേപ്പാളിലൂടെ.
It has been 150 days since Balen Shah took office as Nepal’s Prime Minister. Nepal witnessed a historic first: a government being toppled by a Gen Z uprising and a “Gen Z-friendly” young Prime Minister taking charge of a country.
Balen Shah was portrayed as a hero who would push aside the older generation and its outdated thinking and rewrite Nepal’s political history. But 150 days into his tenure, questions remain over whether the Balen government has lived up to those expectations.