

ഗാസയില്‍ നടക്കുന്ന അധിനിവേശം യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള യുദ്ധമായിമാറിയെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. വര്‍ഷങ്ങളായി തുടരുന്ന യാതനയും ദുരിതവും ഒരിക്കല്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഗാസയിലെ സ്ത്രീകൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. യാതൊരുവിധ പ്രസവ സുശ്രൂഷകളോ ആരോഗ്യ സേവനങ്ങളോ ലഭിക്കാതെ, യുദ്ധം സമ്മാനിച്ച മാനസിക സമ്മര്‍ദ്ദത്തിലൂടെ ജീവിക്കുന്ന അഞ്ചുലക്ഷത്തിലധികം സ്ത്രീകള്‍ ഗാസയിലുണ്ടെന്നാണ് കണക്കുകള്‍.
അടുത്ത നിമിഷം കുടുംബത്തിലെ ആര് കൊല്ലപ്പെടുമെന്നോ പാർപ്പിടം നഷ്ടപ്പെടുമെന്നോ അറിയാതെയുള്ള മാനസിക പിരിമുറുക്കത്തിലാണ് ആയിരക്കണക്കിന് ഗര്‍ഭിണികള്‍ ഗാസയില്‍ ജീവിക്കുന്നത്. മെയ് മാസത്തില്‍ ഗാസയില്‍ മാത്രം 5500 ഗര്‍ഭിണികള്‍ ഉണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനയായ യുഎൻഎ വിമണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്മമാരിലെ പോഷകാഹാരക്കുറവ് കാരണം ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 90 ശതമാനവും മാസം തികയാതെ പ്രസവിക്കുന്നവരാണെന്നും ശിശുമരണനിരക്ക് മുന്‍പത്തെ അപേക്ഷിച്ച് ഇരട്ടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയില്‍ ഏകദേശം 55000 സത്രീകളും കൈകുഞ്ഞുങ്ങളും പട്ടിണിയും പോഷകാഹാരക്കുറവുംകൊണ്ട് ദുരിതമനുഭവിക്കുന്നുണ്ട്. ബോംബ് ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായ ഗാസയിലെ ഭൂരിഭാഗം ആശുപത്രികളും പ്രവര്‍ത്തിക്കുന്നില്ല. ഭൂരിഭാഗം സ്ത്രീകളും ടെന്റുകളിലും പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പ്രസവിക്കേണ്ടി വരുന്ന സാഹചര്യം ഐക്യരാഷ്ട്രസഭ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസവങ്ങള്‍ നടക്കുന്നത് വേദനസംഹാരികളില്ലാതെയാണ്. സിസേറിയന്‍ ആവശ്യമായി വരുന്ന പ്രസവങ്ങള്‍ക്കും മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ല.
ശുദ്ധജലത്തിന്റെ അഭാവം മൂലം സ്ത്രീകള്‍ക്ക് അണുബാധയും കുട്ടികള്‍ക്ക് വയറിളക്കംപോലുള്ള രോഗങ്ങളും വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പട്ടിണി, അമ്മമാരുടെ ആരോഗ്യത്തെയും കുട്ടികളുടെ വളര്‍ച്ചയെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഭക്ഷണവും മരുന്നും കൃത്യമായി എത്തിക്കാന്‍ കഴിയുന്നില്ലെന്നത് മനുഷ്യാവകാശ സംഘടനകള്‍ പരാതിപ്പെട്ടിരുന്നു.
ഗാസയില്‍ 95 ശതമാനത്തിലധികം ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ മുലപ്പാല്‍ കുറയുന്നതിനാല്‍ കുട്ടികള്‍ക്ക് ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മ വര്‍ദ്ധിപ്പിക്കുന്നു. യുദ്ധം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം അമ്മമാരുടെ മാനസികാരോഗ്യത്തെ തകര്‍ത്തെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളെ ബോംബാക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കാനുള്ള നെട്ടോട്ടം അമ്മമാരില്‍ വലിയ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുന്നു. ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ദുസ്സഹമായ സ്ഥലം എന്നാണ് യുണിസെഫ് ഗാസയെ വിശേഷിപ്പിച്ചത്. നവജാതശിശുക്കളുടെ മരണനിരക്ക് ഗണ്യമായി വര്‍ദ്ധിച്ചതായി യുണിസെഫും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പുരുഷന്‍മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, സുരക്ഷിതത്വം എപ്പോള്‍ വേണമെങ്കിലും ഇല്ലാതായേക്കാവുന്ന ഗാസയിലെ പല കുടുംബങ്ങളിലേയും രക്ഷാധികാരികള്‍ സ്ത്രീകളാണ്. കണക്കുപ്രകാരം ഗാസയില്‍ ഏഴില്‍ ഒരു കുടുംബം സ്ത്രീകളാണ് നയിക്കുന്നത്. യുദ്ധത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട 22000ത്തോളം വിധവകള്‍ ഇന്ന് ഗാസയിലുണ്ടെന്നും കുടുംബത്തിന്റെ ഏക അത്താണിയായി അവര്‍ മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അനാഥരായ പതിനായിരക്കണക്കിന് കുട്ടികളെ സംരക്ഷിക്കുന്നത് ബന്ധുക്കളായ സ്ത്രീകളാണ്. എന്നാല്‍ ഗാസയിലെ സ്ത്രീകളില്‍ 90 ശതമാനത്തിലധികം പേരും തൊഴില്‍രഹിതരാണ്. ഇത് കുടുംബങ്ങളുടെ അതിജീവനം കൂടുതല്‍ ദുസ്സഹമാക്കുന്നു. 2023 ഒക്ടോബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഗാസയില്‍ 38000ത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും കൊല്ലപ്പെട്ടതായി യുഎന്‍ വിമണ്‍ സ്ഥിരീകരിക്കുന്നുണ്ട്.
English Summary: The war in Gaza has created an extreme humanitarian crisis for women and mothers, who are facing severe shortages of food, medical care, clean water, and safe childbirth services.