വാഷിംങ്ടൺ: ഹോർമുസ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്നും, ഇല്ലാത്ത പക്ഷം കനത്ത നടപടിയുണ്ടാകുമെന്ന് ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ കണ്ടെത്തിയാതായി റിപ്പോർട്ടുകൾ പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. മൈനുകൾ എത്രയും വേഗം എടുത്തുമാറ്റാത്ത പക്ഷം സമാനതകളില്ലാത്ത സൈനിക നീക്കം ഇറാന് നേർക്കുണ്ടാവുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അഥവാ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി നീക്കം ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. മൈനുകൾ സ്ഥാപിക്കുകയോ നീക്കം ചെയ്യാതിരിക്കുകയോ ചെയ്താൽ ഇറാന് സാക്ഷിയാകേണ്ടി വരുന്നത് മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കടുത്ത സൈനിക പ്രത്യാഘാതങ്ങളായിരിക്കുമെന്നും ഇറാൻ സ്ഥാപിച്ച മൈനുകൾ അവർ നീക്കം ചെയ്യുന്നത് ശരിയായ ചുവടുവെപ്പായിരിക്കുമെന്നും ട്രംപ് പറഞ്ഞു. മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന കപ്പലുകളും ബോട്ടുകളും ശ്രദ്ധയിൽപ്പെട്ടാൽ മയക്കുമരുന്ന് കടത്തുകാരുടെ ബോട്ടുകൾ തകർക്കുന്നതിനായി കരീബിയൻ കടൽ മേഖലയിൽ വിന്യസിച്ചിട്ടുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും, ആ നടപടി വളരെ ക്രൂരമായിരിക്കും, ജാഗ്രത പാലിച്ചോളുവെന്നും ട്രംപിന്റെ കുറിപ്പിൽ പറയുന്നു.
അതേസമയം ഹോർമുസിലുള്ള ഇറാന്റെ പടക്കപ്പലുകൾ തകർത്തതായി യുഎസ് അവകാശപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഹോർമൂസിൽ ആക്രമണം നടത്താനായി എത്തിയ 16 ഇറാൻ പടക്കപ്പലുകൾ തകർത്തതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായെത്തിയ കപ്പലുകളെയാണ് ആക്രമിച്ചതെന്നാണ് യുഎസ് സേനയെ ഉദ്ധരിച്ചുള്ള അനൗദ്ധ്യോഗിക റിപ്പോർട്ടുകൾ.
English Summary: US President Donald Trump warned Iran to immediately remove any naval mines reportedly placed in the Strait of Hormuz, threatening unprecedented military action if they are not removed. The warning followed international media reports citing intelligence sources that Iran had deployed mines in the strategic waterway.