അബുദാബി: പശ്ചിമേഷ്യൻ സംഘർഷം കടുത്തതോടെ, സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ ശക്തമാക്കി യുഎഇ. മിസൈൽ, ഡ്രോൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചിത്രീകരിക്കുക, പങ്കുവെക്കുക, രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ സ്വകാര്യ സംഭാഷണങ്ങളിൽ ഉൾപ്പെടുത്തുക തുടങ്ങിയവ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൻറെ തുടർച്ചയായി നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കുടുംബാംഗങ്ങൾക്ക് സംഘർഷത്തിനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ചതിനാണ് ഇന്ത്യൻ വിദ്യാർത്ഥി മൂന്ന് ആഴ്ചകളായി തടങ്കലിൽ കഴിയുന്നത്.
സൈബർ സുരക്ഷ നിയമങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് മുന്നറിയിപ്പുകൾ നൽകിയതിന് ശേഷമാണ് രാജ്യത്ത് നിയമം കടുപ്പിച്ചത്. യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിറ്റെയിൻഡ് ഇൻ ദുബായ് എന്ന അഭിഭാഷക ഗ്രൂപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം വിവിധ രാജ്യങ്ങളിലെ നിവാസികൾ, വിനോദസഞ്ചാരികൾ, പ്രവാസി തൊഴിലാളികൾ എന്നിവരെയടക്കം സൈബർ സുരക്ഷ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏകദേശം 100ലധികം പേർ തടങ്കലിൽ കഴിയുന്നതായാണ് സംഘടനയുടെ വിലയിരുത്തൽ.
മിക്ക കേസുകളും ദേശീയ സുരക്ഷാ വ്യവസ്ഥകൾ പ്രകാരമാണ് കൈകാര്യം ചെയ്യപ്പെടുന്നത്. മിസൈൽ ചിത്രങ്ങൾ പങ്കുവെച്ചതിന് ഒരു ബ്രിട്ടീഷ് പൗരനെയും മറ്റു 20 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാനഡ, റഷ്യ, ജർമനി ഫ്രഞ്ച് പൗരന്മാരെയും ഡ്രോൺ ആക്രമണത്തിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു നൽകിയതിന് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കടുത്ത ശിക്ഷകളും പരിമിതപ്പെടുത്തിയ നിയമപരിരക്ഷകളും ഇത്തരം കേസുകളിൽ ഉണ്ടാകാമെന്നാണ് റിപ്പോർട്ട്. സുരക്ഷാ സാഹചര്യം പരിശോധിക്കാൻ സഹപ്രവർത്തകരുമായി ദൃശ്യം പങ്കുവെച്ചതിന് ബ്രിട്ടീഷ് എയർലൈൻ ജീവനക്കാരനും ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിലായതായാണ് സൂചന. സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ സാധാരണ ആശയവിനിമയങ്ങൾ പോലും സൈബർ സുരക്ഷ കുറ്റമായി കണക്കാക്കപ്പെടുമെന്നതിനാൽ ഇക്കാര്യത്തിൽ ജാഗ്രത ആവശ്യമാണെന്ന് അഭിഭാഷക സംഘടന ചൂണ്ടിക്കാട്ടുന്നു.
English Summary: UAE strengthens cyber security laws as West Asia conflict escalates, banning sharing of missile and drone visuals. Reports say an Indian student has been detained for weeks for sharing conflict images with family.