ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതിയുണർത്തി യുഎഇയും ഇറാനും തമ്മിലുള്ള ബന്ധം വഷളാകുന്നു. തങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചെന്ന ഗുരുതരമായ വെളിപ്പെടുത്തിലിന് പിന്നാലെ, ഇറാനുമായുള്ള എല്ലാ വ്യപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും യുഎഇ പൂർണ്ണമായും നിർത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസമാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടായത്. കടൽ വഴിയുള്ള ഗതാഗതം ലക്ഷ്യമാക്കി ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തി. മിസൈൽ ഭീഷണിയെത്തുടർന്ന് യുഎഇയിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ഇതിൽ വ്യക്തമാക്കിയിരുന്നു.
പ്രയോഗിച്ച രണ്ട് മിസൈലുകളും കടലിലാണ് പതിച്ചത്. ഇതിലൊന്ന് യുഎഇയുടെ സമുദ്രാതിർത്തിക്കുള്ളിലും മറ്റൊന്ന് അന്താരാഷ്ട്ര ജലാശയത്തിലുമാണ് വീണത്. ഇതിന് പുറമെ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ കപ്പലുകൾക്ക് നേരെയും അടുത്തിടെ ഇറാൻ ആക്രമണം നടത്തിയിരുന്നു.
തുടർച്ചയായുള്ള ഈ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികളിലേക്ക് യുഎഇ കടന്നത്. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യത കാത്തുസൂക്ഷിക്കാനും മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുമാണ് ഈ അടിയന്തര തീരുമാനമാണ് യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്‌റ അൽ ഹമേലി വ്യക്തമാക്കി. യുഎഇയും ഇറാനും തമ്മിലുള്ള നിലവിലെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രചരിക്കുന്ന മറ്റ് ഊഹാപോഹങ്ങളെ അവർ ശക്തമായി തള്ളിക്കളഞ്ഞു.
എന്നാൽ, യുഎഇയുടെ മിസൈൽ ആക്രമണ ആരോപണങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. അയൽരാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും നല്ല ബന്ധത്തെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങളെന്ന് ഇറാൻ പ്രതികരിച്ചു.
യുഎഇയുടെ ഈ തീരുമാനം ഗൾഫ് മേഖലയിലെ വാണിജ്യ മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. വർഷങ്ങളായി ഇറാനിയൻ ബിസിനസ്സുകളുടെ ഒരു പ്രധാന സാമ്പത്തിക ഇടനാഴിയായി ദുബായ് പ്രവർത്തിക്കുന്നുണ്ട്. ഇറാനിലേക്ക് ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങളും യുഎഇ വഴിയാണ് കടന്നുപോകുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരമാണ് പ്രതിവർഷം നടക്കുന്നത്. കോവിഡിന് ശേഷം വാണിജ്യ ബന്ധങ്ങളും വിമാന സർവീസുകളും സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ ഈ വിലക്ക് ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കാൻ സാധ്യതയുണ്ട്.
അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഗൾഫ് രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും, അന്താരാഷ്ട്ര നിയമങ്ങൾ പൂർണ്ണമായി പാലിച്ച്, സംഭാഷണങ്ങളിലൂടെയും സഹകരണത്തിലൂടെയും പശ്ചിമേഷ്യയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങൾ യുഎഇ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
The United Arab Emirates (UAE) has suspended all trade, commercial, and financial transactions with Iran until further notice. The decision follows escalating regional tensions and the UAE's detection of two ballistic missiles fired by Iran targeting maritime navigation, which landed in the sea. The UAE Ministry of Foreign Affairs stated the move aims to protect the integrity of the international financial system and ensure regional stability. Iran has denied the missile attack accusations.