

ലണ്ടൻ: രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ കവർച്ച ചെയ്ത സംഭവത്തിൽ ആറ് ബ്രിട്ടീഷ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റിൽ. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയവും ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (CPS)യും നടത്തിയ ദീർഘകാല അന്വേഷണത്തിനൊടുവിലാണ് വൻ അഴിമതി പുറത്തുവന്നത്. മോഷണം ഒളിച്ചുവെക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സറേ, കെന്റ്, ബെർക്ഷയർ, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്.
2021 ഓഗസ്റ്റ് മുതൽ 2022 നവംബർ വരെയുള്ള കാലയളവിൽ കുടിയേറ്റക്കാരെ ലക്ഷ്യമാക്കിയാണ് ഇവർ കുറ്റകൃത്യം നടത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, മോഷണത്തിനായുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
ബെസ്മിർ മാറ്റേര, ജാക്ക് മിച്ചൽ, ലീ-ആൻ ഇവാൻസൺ, ജോൺ ബെർന്താൾ, ബെൻ എഡ്വേർഡ്സ്, ഡേവിഡ് ഗ്രണ്ടി എന്നിവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ ഇവരുടെ സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിച്ചതായും സിപിഎസ് സ്പെഷ്യൽ ക്രൈം ഡിവിഷൻ മേധാവി മാൽക്കം മക്ഹാഫി അറിയിച്ചു. ആറ് പ്രതികളും ജനുവരി 29-ന് വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുമെന്ന് പൊലീസ് അറിയിച്ചു.
English Summary: Six UK immigration officers have been arrested for stealing money from immigrants. They face charges including theft, money laundering, and misconduct, and will appear in Westminster Magistrates Court on January 29.