അമേരിക്കൻ വ്യോമയാന മേഖലയെ പൂർണ്ണമായും സ്തംഭിപ്പിച്ച രാജ്യവ്യാപക വിമാന സർവീസ് തടസ്സത്തിൽ നിന്നും യുഎസ് പതുക്കെ കരകയറുന്നു. പതിവ് അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ പിഴവാണ് അമേരിക്കൻ യാത്രാ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ദിവസങ്ങളിലൊന്നിന് കാരണമായത്. ഇന്ന് വൈകുന്നേരത്തോടെ മാത്രമേ വിമാന സർവീസുകൾ പൂർണ്ണമായും സാധാരണ നിലയിലാകൂ എന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മേധാവി ബ്രയാൻ ബെഡ്ഫോർഡ് അറിയിച്ചു
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം യുഎസ് വ്യോമസേന മേഖലയിലുണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ സ്തംഭമനമാണിത്. എയർ ട്രാഫിക് ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വെള്ളിയാഴ്ച അഞ്ച് മണിക്കൂറോളമാണ് രാജ്യത്ത് വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെക്കാൻ എഫ്എഎ ഉത്തരവിട്ടത്. വ്യോമയാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവെയർ നൽകുന്ന കണക്കുകൾ പ്രകാരം വെള്ളിയാഴ്ച മാത്രം 9,200 വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. 7,500 വിമാനങ്ങൾ വൈകി. ശനിയാഴ്ച രാത്രിയോടെ 6,400-ലധികം വിമാനങ്ങൾ റദ്ദാക്കുകയും 8,000-ലധികം സർവീസുകൾ വൈകുകയും ചെയ്തു. ഇതിനുപുറമെ, ഞായറാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന 875 സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
പ്രതിസന്ധിയെത്തുടർന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേരുകയും, ഇതൊരു സൈബർ ആക്രമണമാണോ എന്ന് കണ്ടെത്താൻ ഫെഡറൽ ഏജൻസികൾ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, എഫ്എഎയുടെ കരാർ സ്ഥാപനമായ എൽ3ഹാരിസ് ഒരു വിദൂര കേന്ദ്രത്തിൽ പുതിയ റൂട്ടറുകൾ സ്ഥാപിച്ചതിലെ സാങ്കേതിക പിഴവാണ് പ്രശ്നത്തിന് കാരണമെന്ന് യുഎസ് ഗതാഗത സെക്രട്ടറി സീൻ ഡഫി വ്യക്തമാക്കി.
അനാസ്ഥയാണോ, ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണോ, അതോ എൽ3ഹാരിസ് കമ്പനിയുടെ ഇൻസ്റ്റാളേഷൻ തകരാറാണോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേടുപാടുകളുള്ള റൂട്ടർ ഇൻസ്റ്റാൾ ചെയ്തതാണോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. പ്രശ്നത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കൃത്യമായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത രണ്ട് റൂട്ടറുകളിലാണ് പ്രധാനമായും തകരാർ കണ്ടെത്തിയതെന്ന് എഫ്എഎ സുരക്ഷാ ജീവനക്കാരുടെ യുണിയനായ പ്രൊഫഷണൽ ഏവിയേഷൻ സേഫ്റ്റി സ്പെഷ്യലിസ്റ്റ് അറിയിച്ചു. അർക്കൻസാസിലും ടെക്സാസിലുമാണ് ഈ റൂട്ടറുകൾ ഉള്ളതെന്നാണ് നിഗമനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണികൾക്ക് മുൻപായി കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നുവെന്ന് എഫ്എഎ വിശദീകരിച്ചപ്പോൾ, തകരാറിന് കാരണമായ അപ്ഗ്രേഡിങ് ജോലികളിൽ തങ്ങളുടെ ടെക്നീഷ്യൻമാർക്ക് പങ്കില്ലെന്ന് പാസ് യൂണിയൻ വ്യക്തമാക്കി.
സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും എഫ്എഎ നടത്തുന്ന അന്വേഷണത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും എൽ3ഹാരിസ് കമ്പനി പ്രതികരിച്ചു. വിമാന സർവീസുകൾ നിലച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച വ്യാപാരത്തിനൊടുവിൽ കമ്പനിയുടെ ഓഹരികളിൽ 4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അപ്രതീക്ഷിതമായുണ്ടായ യാത്രാ തടസ്സങ്ങളിൽ യാത്രക്കാരോട് ക്ഷമാപണം നടത്തിയ എഫ്എഎ മേധാവി ബ്രയാൻ ബെഡ്ഫോർഡ്, നിലവിൽ വ്യോമയാന സംവിധാനങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുനൽകി. കൂടുതൽ അന്വേഷണങ്ങളിലൂടെ വരും ദിവസങ്ങളിൽ പ്രതിസന്ധിയുടെ യഥാർത്ഥ കാരണം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The US aviation system is slowly recovering from a nationwide flight disruption caused by a routine maintenance error. An issue with router upgrades handled by FAA contractor L3Harris led to the cancellation and delay of thousands of flights, making it the worst aviation outage since 9/11. Authorities have ruled out a cyberattack. The FAA has assured that the system is now safe and expects flight operations to fully return to normal by Sunday evening.