ആഗോള ഐടി തകരാർ പരിഹരിച്ചു; സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി മൈക്രോസോഫ്റ്റ്

ഈ ആ​ഗോള തകരാർ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സുപ്രധാന സേവനങ്ങളെ സാരമായി ബാധിച്ചു.
ആഗോള ഐടി തകരാർ പരിഹരിച്ചു; സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി മൈക്രോസോഫ്റ്റ്
Bloomberg
Published on: 

ലോകമെമ്പാടുമുള്ള സർക്കാരുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പൊതു സേവനങ്ങളുടെയും പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ച വലിയ സാങ്കേതിക തകരാർ പൂർണമായും പരിഹരിച്ചതായി മൈക്രോസോഫ്റ്റ്. വ്യാഴാഴ്ച യുഎസ് സമയം ഉച്ചകഴിഞ്ഞും, യുകെ സമയം വൈകുന്നേരം 6 മണിയോടെയുമാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐടി തകരാറുകളിലൊന്ന് ആരംഭിച്ചത്. ഏകദേശം 430 ദശലക്ഷം ആളുകൾ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് 365 ആപ്പുകളായ ഔട്ട്‌ലുക്ക്, ടീംസ്, എഐ അസിസ്റ്റന്റായ കോപൈലറ്റ് എന്നിവയുടെ സേവനങ്ങളാണ് ലോകമെമ്പാടും തടസ്സപ്പെട്ടത്. എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ തകരാർ റിപ്പോർട്ട് ചെയ്തതായി ഓൺലൈൻ ട്രാക്കറായ ഡൗൺഡിറ്റക്ടർ വ്യക്തമാക്കിയിരുന്നു.

ഉപയോക്താക്കൾക്കുണ്ടായ അസൗകര്യങ്ങളിൽ വാഷിങ്ടൺ ആസ്ഥാനമായുള്ള മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച ഔദ്യോഗികമായി ക്ഷമാപണം നടത്തി. ഈ തടസ്സങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണങ്ങളുമായോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏജന്റുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വ്യക്തമാക്കി. നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കുന്നതിനായി നേരത്തെ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പ്രശ്നമാണ് ഈ തടസ്സങ്ങൾക്ക് കാരണമായതെന്നും, നെറ്റ്‌വർക്കിൽ വരുത്തിയ പുതിയ മാറ്റങ്ങൾക്ക് ശേഷമാണ് ഈ പ്രശ്നം പുറത്തുവന്നതെന്നും കമ്പനി അറിയിച്ചു.

ഈ ആ​ഗോള തകരാർ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ സുപ്രധാന സേവനങ്ങളെ സാരമായി ബാധിച്ചു. ജപ്പാനിൽ സർക്കാർ ഇമെയിൽ സേവനങ്ങൾ തടസപ്പെട്ടതോടെ ജീവനക്കാർ ആശയവിനിമയത്തിനായി ടെക്സ്റ്റ് മെസേജുകളെ ആശ്രയിച്ചു. പ്രമുഖ ഷിപ്പിങ് കമ്പനിയായ സ​ഗാവ എക്സ്പ്രസിന്റെ ഓൺലൈൻ റിസർവേഷനുകളെയും ഫാർമസിക്യൂട്ടിക്കൽ കമ്പനിയായ തൈഷോയുടെ ഓർഡറുകളെയും ഇത് ബാധിച്ചു. തൈഷോയ്ക്ക് ഫോണിലൂടെ ഓർഡറുകൾ സ്വീകരിക്കേണ്ടി വന്നു. ഇന്ത്യയിൽ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോ, അകാശ എയർ എന്നിവയുടെ ഇമെയിൽ സപ്പോർട്ട് സേവനങ്ങളെ സാങ്കേതിക തകരാർ ബാധിച്ചു. തായ്‌വാനിൽ സുരക്ഷാ സ്ഥാപനങ്ങൾ, ലൈഫ് ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് കമ്പനികൾ എന്നിവയുടെ ഫണ്ട് മാനേജ്മെന്റ് സേവനങ്ങൾ തടസ്സപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ആഗോള ഐടി തകരാർ പരിഹരിച്ചു; സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി മൈക്രോസോഫ്റ്റ്
എന്താണ് മൈക്രോസോഫ്റ്റിൽ സംഭവിച്ചത്? ആർക്കൊക്കെയാണ് ഇത് തിരിച്ചടിയായത്?

യുകെയിൽ മൈക്രോസോഫ്റ്റുമായി അഞ്ച് വർഷത്തെ കരാറുള്ള ദേശീയ ആരോ​ഗ്യ സേവനമായ എൻഎച്ച്എസിന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾ പണിമുടക്കിയതോടെ ആശുപത്രി ജീവനക്കാർക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ കടലാസുകളെ ആശ്രയിക്കേണ്ടി വന്നു. ആംബുലൻസ് സേവനങ്ങളെയും ഇത് സാരമായി ബാധിച്ചു. കേസുകൾ കെട്ടിക്കിടക്കുന്ന കോടതി സംവിധാനങ്ങളെയും തടസ്സം ബാധിച്ചു. പലയിടത്തും ജൂറിമാരെ നേരത്തെ പറഞ്ഞയക്കേണ്ടി വരികയും, തടവുകാരെ കോടതികളിൽ ഹാജരാക്കാൻ കഴിയാതെ വരികയും ചെയ്തു. മാഞ്ചസ്റ്ററിലെ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ വിവരങ്ങൾ കൈമാറാൻ പഴയ ഫാക്സ് മെഷീൻ അന്വേഷിച്ച് ജീവനക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യവുമുണ്ടായി.

അമേരിക്കയിൽ യുഎസ് ജനപ്രതിനിധി സഭയിലെ ജീവനക്കാർക്ക് ഒരു ദിവസത്തെ പ്രവൃത്തിദിനം പൂർണ്ണമായും നഷ്ടപ്പെട്ടു. സ്‌കൂളുകളുമായുള്ള ഇമെയിൽ ആശയവിനിമയം തടസ്സപ്പെട്ടതോടെ ഫോണുകളിലൂടെയും മറ്റ് ഓൺലൈൻ ആപ്പുകളിലൂടെയും ബന്ധപ്പെടാൻ അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കൊളറാഡോയിലെ ഒരു ജയിലിൽ ഓൺലൈനായി ജാമ്യത്തുക സ്വീകരിക്കുന്നത് തടസ്സപ്പെട്ടതോടെ തടവുകാരെ മോചിപ്പിക്കാൻ ആഗ്രഹിക്കുന്നവർ നേരിട്ടെത്തി പണമടയ്ക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഓസ്ട്രേലിയയിൽ മൈക്രോസോഫ്റ്റ് 365 ഉപയോ​ഗിക്കുന്ന കൗൺസിലുകൾ, കോടതികൾ, സ്കൂളുകൾ എന്നിവയുടെ ഇൻബോക്സുകൾ തുറക്കാൻ സാധിച്ചില്ല. ഫെഡറൽ പൊലീസിനെയും ആഭ്യന്തര സുരക്ഷാ-ഇന്റലിജൻസ് ഏജൻസിയായ എഎസ്ഐഒയെയും ഇത് ബാധിച്ചു. എന്നാൽ തങ്ങളുടെ സംവിധാനങ്ങൾ പല തലങ്ങളിലായാണ് പ്രവർത്തിക്കുന്നതെന്നും ഒരു തലത്തിൽ തടസ്സം നേരിട്ടെങ്കിലും പൂർണ്ണമായും പ്രവർത്തനരഹിതമായിട്ടില്ലെന്നും എഎസ്ഐഒ ഡയറക്ടർ ജനറൽ മൈക്ക് ബർഗസ് വ്യക്തമാക്കി. യൂറോപ്പിൽ നെതർലാൻഡ്സ്, ബെൽജിയം, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ ഏജൻസികളിലും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇമെയിൽ സേവനങ്ങൾ തടസ്സപ്പെട്ടതിനാൽ ആശയവിനിമയത്തിന് ഫോണുകളെ ആശ്രയിക്കാൻ ഫ്രാൻസിലെ ഒരു മുൻസിപ്പാലിറ്റി പൗരന്മാർക്ക് നിർദ്ദേശം നൽകി.

ആഗോള ഐടി തകരാർ പരിഹരിച്ചു; സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി മൈക്രോസോഫ്റ്റ്
നിശ്ചലമായി അമേരിക്കന്‍ വ്യോമഗതാഗതം; 9/11നുശേഷം രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പ്, സംഭവിച്ചതെന്ത്?

ഒരേ സേവന ദാതാവിനെ ആശ്രയിക്കുന്ന ഒന്നിലധികം ആശയവിനിമയ, സാങ്കേതിക പ്ലാറ്റ്ഫോമുകൾ ഒരേസമയം തകരാറിലാകുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതകങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്. ചുരുക്കം ചില സാങ്കേതിക ഭീമന്മാരെ അമിതമായി ആശ്രയിക്കുന്നത് ഭാവിയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാമെന്ന ആശങ്ക യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശക്തമാക്കാൻ ഈ സംഭവം കാരണമായിട്ടുണ്ട്. നിലവിൽ അടിസ്ഥാനപരമായ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയെന്നും, ബാധിക്കപ്പെട്ട എല്ലാ ഉപഭോക്താക്കൾക്കും പ്രദേശങ്ങൾക്കും സേവനങ്ങൾ പഴയപടി പുനഃസ്ഥാപിച്ചതായും മൈക്രോസോഫ്റ്റ് 365 സ്റ്റാറ്റസ് പേജിലൂടെ കമ്പനി സ്ഥിരീകരിച്ചു.

Summary

Microsoft has fully restored its global 365 services—including Outlook, Teams, and Copilot—after a major IT outage that disrupted governments, healthcare systems like the NHS, airlines, and businesses across more than 70 countries. The company clarified that the massive outage was caused by a network configuration update rather than a cyberattack or AI glitch. While operations have returned to normal worldwide, the incident has sparked renewed concerns over global reliance on a few major tech infrastructure providers.