എന്താണ് മൈക്രോസോഫ്റ്റിൽ സംഭവിച്ചത്? ആർക്കൊക്കെയാണ് ഇത് തിരിച്ചടിയായത്?

തുടക്കത്തിൽ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മാത്രം ഒതുങ്ങിനിന്ന പ്രശ്നം നിമിഷങ്ങൾക്കകം ആഗോളതലത്തിലേക്ക് വ്യാപിച്ചു.
എന്താണ് മൈക്രോസോഫ്റ്റിൽ സംഭവിച്ചത്? ആർക്കൊക്കെയാണ് ഇത് തിരിച്ചടിയായത്?
Bloomberg
Published on: 

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച് മൈക്രോസോഫ്റ്റിന്റെ പ്രധാന സേവനങ്ങളായ ഔട്ട്ലുക്ക്, ടീംസ്, കോപൈലറ്റ് എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. 72 രാജ്യങ്ങളിൽ 12മണിക്കൂറിലധികമായി നീണ്ടുനിന്ന ഈ തകരാർ പരിഹരിക്കാൻ കമ്പനി ഇപ്പോഴും പാടുപെടുകയാണ്.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? എന്തുകൊണ്ടാണ് പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയാത്തത്?

വ്യാഴാഴ്ച ഏകദേശം 16:00 GMTയോടെയാണ് മൈക്രോസോഫ്റ്റ് സേവനങ്ങളിൽ തടസം നേരിട്ട് തുടങ്ങിയത്. തുടക്കത്തിൽ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ മാത്രം ഒതുങ്ങിനിന്ന പ്രശ്നം നിമിഷങ്ങൾക്കകം ആഗോളതലത്തിലേക്ക് വ്യാപിച്ചു. ഔട്ട്ലുക്ക് വഴി ഇമെയിലുകൾ പരിശോധിക്കാൻ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ 74 രാജ്യങ്ങളിൽ നിന്നായി ഡൗൺഡിറ്റക്റ്റർ വെബ്സൈറ്റിൽ പരാതികൾ പ്രവഹിച്ചു. ഇന്ന് രാവിലെയോടെ തകരാർ പരിഹരിക്കാൻ മൈക്രോസോഫ്റ്റ് ശ്രമിച്ചെങ്കിലും, പുനഃസ്ഥാപിച്ച സെർവറുകൾ വീണ്ടും പ്രവർത്തനരഹിതമാകുകയാണ് ചെയ്തത്.

എന്താണ് മൈക്രോസോഫ്റ്റിൽ സംഭവിച്ചത്? ആർക്കൊക്കെയാണ് ഇത് തിരിച്ചടിയായത്?
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ 'സേഫ് ഹാര്‍ബര്‍' നിയമപരിരക്ഷ എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍; ഐടി നിയമത്തില്‍ വന്‍ മാറ്റം വരുന്നു

കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ആഗോളതലത്തിൽ ഏകദേശം 430 ദശലക്ഷം ആളുകൾ മൈക്രോസോഫ്റ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ന് രാവിലെയോടെ തന്നെ 43,000-ത്തിലധികം ഔദ്യോഗിക പരാതികൾ ലഭിച്ചിരുന്നു. സാധാരണ ഉപയോക്താക്കളെ മാത്രമല്ല ഇത് ബാധിച്ചത്, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളെയും, ഫിലിപ്പീൻസ് സുപ്രീം കോടതിയുടെ ആശയവിനിമയങ്ങളെയും, ഓസ്‌ട്രേലിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളെയും ഈ തടസ്സം ഗുരുതരമായി ബാധിച്ചു.

മൈക്രോസോഫ്റ്റ് സംവിധാനങ്ങളെ ആശ്രയിക്കുന്ന ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ മുൻനിര എഐ കമ്പനികളുടെ സേവനങ്ങളെയും ഇത് ഭാഗികമായി ബാധിച്ചു.

തകരാറിന് പിന്നിലെ യഥാർത്ഥ കാരണം എന്താണ്? ഇതൊരു സൈബർ ആക്രമണമാണോ?

ഇതൊരു സൈബർ ആക്രമണമല്ലെന്ന് മൈക്രോസോഫ്റ്റ് ഉറപ്പിച്ച് പറയുന്നുണ്ട്. കമ്പനി വരുത്തിയ ഒരു നെറ്റ്‌വർക്ക് മാറ്റം പഴയ നിലയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴോ, അല്ലെങ്കിൽ അഡ്മിനിസ്‌ട്രേഷൻ നെറ്റ്‌വർക്ക് വഴി സെർവറുകളിലേക്ക് അയച്ച ഒരു അപ്‌ഡേറ്റിലുണ്ടായ പിഴവോ ആകാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. 2024 ജൂലൈയിൽ ലോകത്തെ നിശ്ചലമാക്കിയ ക്രൗഡ്‌സ്ട്രൈക്ക് തകരാറിന് സമാനമായ സാഹചര്യമാണിതെന്ന് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്കും പ്രതികരിച്ചു.

ട്രാഫിക് ഓവർലോഡ്: സിസ്റ്റത്തിലെ ചില സെർവറുകൾ അപ്രതീക്ഷിതമായി തകരാറിലായപ്പോൾ, അവിടെനിന്നുള്ള ട്രാഫിക് മറ്റ് സെർവറുകളിലേക്ക് ഓട്ടോമാറ്റിക് ആയി തിരിച്ചുവിട്ടു. എന്നാൽ ഈ അമിതഭാരം താങ്ങാനാവാതെ ആ സെർവറുകളും തകരാറിലായി. നാല് വരിയുള്ള ഒരു ഹൈവേ പെട്ടെന്ന് രണ്ട് വരിയായി ചുരുങ്ങുമ്പോൾ ഉണ്ടാകുന്ന വൻ ഗതാഗതക്കുരുക്കിന് സമാനമാണിതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

നിർമ്മിത ബുദ്ധിയോടുള്ള അമിത താല്പര്യം: മൈക്രോസോഫ്റ്റ് തങ്ങളുടെ മുഴുവൻ ശ്രദ്ധയും AI-യിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും, അതിനാൽ ഇമെയിൽ പോലെയുള്ള അടിസ്ഥാന സേവനങ്ങൾക്ക് വേണ്ടത്ര നിക്ഷേപമോ പരിഗണനയോ ലഭിക്കുന്നില്ലെന്നും വിമർശനമുണ്ട്.

പരിഹാരശ്രമങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ട്?

തകരാര‍്‍ പരിഹരിച്ച് സർവറുകൾ ഓരോന്നായി പുനഃസ്ഥാപിക്കാൻ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നുണ്ട്. എന്നാൽ തിരികെ വരുന്ന സർവറുകൾ മറ്റ് സർവറുകളുമായി കണക്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ (ഡാറ്റ സിൻക്രണൈസ് ചെയ്യാൻ), അമിത ട്രാഫിക് കാരണം അവ വീണ്ടും പഴയപടി പ്രവർത്തനരഹിതമാകുകയാണ്. കൂടാതെ, മൈക്രോസോഫ്റ്റിന്റെ അടിസ്ഥാന സംവിധാനങ്ങൾ വികസിപ്പിച്ച പല പരിചയസമ്പന്നരായ എൻജിനീയർമാരും കമ്പനി വിട്ടുപോയത് ഇത്തരം സങ്കീർണ്ണമായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും സാങ്കേതിക വിശകലന വിദഗ്ധനായ റൂപർട്ട് ഗുഡ്‌വിൻസ് ചൂണ്ടിക്കാട്ടുന്നു.

എന്താണ് മൈക്രോസോഫ്റ്റിൽ സംഭവിച്ചത്? ആർക്കൊക്കെയാണ് ഇത് തിരിച്ചടിയായത്?
ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഒഴിയുന്നു; വന്‍ തിരിച്ചുവരവിനൊരുങ്ങി ആഭ്യന്തര കമ്പനികള്‍

സേവനങ്ങൾ എപ്പോൾ തിരിച്ചെത്തും?

എപ്പോൾ പൂർണമായും പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഒറ്റയടിക്ക് എല്ലാ സേവനങ്ങളും ലഭ്യമാകില്ലെന്നും, ഘട്ടംഘട്ടമായി മാത്രമേ പുനഃസ്ഥാപനം സാധ്യമാകൂ എന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. പ്രശ്നം ഉപയോക്താക്കളുടെ ഉപകരണങ്ങളിലല്ല, മറിച്ച് മൈക്രോസോഫ്റ്റിന്റെ സെർവറുകളിലാണ്. അതിനാൽ ഉപയോക്താക്കൾക്ക് സാങ്കേതികമായി ഒന്നും ചെയ്യാൻ കഴിയില്ല. ഔട്ട്‌ലുക്കിന്റെ ഡെസ്‌ക്‌ടോപ്പ് ആപ്പിലെ പഴയ (ഡൗൺലോഡ് ചെയ്ത) ഇമെയിലുകൾ വായിക്കാൻ സാധിച്ചേക്കും.

ഭാവി പ്രത്യാഘാതങ്ങൾ എന്തെല്ലാം?

ഈ വർഷം ആദ്യം വടക്കേ അമേരിക്കയിലുണ്ടായ 10 മണിക്കൂർ തടസ്സത്തിനും, ക്രൗഡ്‌സ്ട്രൈക്ക് തകരാറിനും പിന്നാലെയാണ് ഈ വലിയ വീഴ്ചയും സംഭവിക്കുന്നത്. ഈ സാങ്കേതിക തകരാർ സാമ്പത്തിക തലത്തേക്കാളുപരി വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഡിജിറ്റൽ സേവനങ്ങൾക്കായി അമേരിക്കൻ കമ്പനികളെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടം യൂറോപ്യൻ രാജ്യങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്വന്തമായി ഡാറ്റാ സെർവറുകൾ നിർമ്മിച്ച് 'സാങ്കേതിക സ്വയംപര്യാപ്തത' നേടാനുള്ള യൂറോപ്പിന്റെ ശ്രമങ്ങൾക്ക് ഈ സംഭവം വേഗത കൂട്ടും.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് യൂറോപ്പിനുമേൽ ഇറക്കുമതി തീരുവകൾ ചുമത്തിയതും ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഈ അകൽച്ച വർധിപ്പിച്ചിട്ടുണ്ട്. ഡാറ്റ സുരക്ഷയെ കരുതി, അമേരിക്കൻ ആപ്പായ സൂം ഉപയോഗിക്കുന്നത് ഫ്രഞ്ച് പ്രധാനമന്ത്രി വിലക്കിയതും ഫ്രഞ്ച് സോഫ്റ്റ്‌വെയറുകളിലേക്ക് മാറാൻ നിർദ്ദേശിച്ചതും ഇതിന്റെ വ്യക്തമായ സൂചനയാണ്.

ഉപഭോക്താക്കൾ ദീർഘകാല ലൈസൻസിങ് കരാറുകളിൽ ഒപ്പുവെച്ചിട്ടുള്ളതിനാലും, നിലവിൽ മൈക്രോസോഫ്റ്റിന് പകരം വെക്കാൻ സുരക്ഷിതമായ മറ്റൊരു വലിയ ബദൽ ഇല്ലാത്തതിനാലും ഒറ്റയടിക്ക് കമ്പനിയുടെ വരുമാനത്തിൽ ഇടിവുണ്ടാകില്ല. എന്നാൽ ഭാവിയിൽ സ്വന്തം സിസ്റ്റങ്ങളുടെ ഡിജിറ്റൽ പ്രതിരോധശേഷി വർധിപ്പിക്കാനും പ്രാദേശിക ബദലുകൾ കണ്ടെത്താനും ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നത് ഉറപ്പാണ്. പ്രശ്നം സെർവറുകളിലായതിനാൽ ഉപയോക്താക്കൾക്ക് തൽക്കാലം കാത്തിരിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. ടീംസിലെ ചാറ്റുകളും നേരത്തെ ഡൗൺലോഡ് ചെയ്ത ഔട്ട്‌ലുക്ക് മെയിലുകളും മാത്രമാണ് ഇപ്പോൾ പലർക്കും ആശ്രയം.

Summary

A massive global outage disrupted major Microsoft services, including Outlook, Teams, and Copilot, affecting users across 74 countries for over 12 hours. The crash was caused by a faulty network update and subsequent server overloads, not a cyberattack. The prolonged downtime has sparked criticism regarding Microsoft's neglect of its core infrastructure in favor of AI development, while also accelerating Europe's push for "technological sovereignty" to reduce dependence on American tech giants.