സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ 'സേഫ് ഹാര്‍ബര്‍' നിയമപരിരക്ഷ എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍; ഐടി നിയമത്തില്‍ വന്‍ മാറ്റം വരുന്നു

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാര്‍ക്ക് ഉപയോക്താക്കള്‍ പങ്കുവെക്കുന്ന പോസ്റ്റുകളുടെ പേരില്‍ നിലവില്‍ ലഭിച്ചുവരുന്ന നിയമപരമായ സംരക്ഷണമാണ് 'സേഫ് ഹാര്‍ബര്‍'
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ 'സേഫ് ഹാര്‍ബര്‍' നിയമപരിരക്ഷ എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍; ഐടി നിയമത്തില്‍ വന്‍ മാറ്റം വരുന്നു
Published on: 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിയമപരമായ സംരക്ഷണം (സേഫ് ഹാര്‍ബര്‍) എടുത്തുമാറ്റാന്‍ നിയമനിര്‍മാണം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാര്‍ക്ക് ഉപയോക്താക്കള്‍ പങ്കുവെക്കുന്ന പോസ്റ്റുകളുടെ പേരില്‍ നിലവില്‍ ലഭിച്ചുവരുന്ന നിയമപരമായ സംരക്ഷണമാണ് 'സേഫ് ഹാര്‍ബര്‍'. ഇതാണ് ഐടി നിയമത്തില്‍ ഭേദഗതി വരുത്തി എടുത്തുമാറ്റാന്‍ ഒരുങ്ങുന്നത്. ഇന്റര്‍നെറ്റ് രംഗത്തെ കമ്പനികളുടെ പ്രവര്‍ത്തന മാതൃകയുടെ അടിത്തറ തന്നെ ഈ സംരക്ഷണമായതിനാല്‍, സര്‍ക്കാരിന്റെ ഈ നീക്കം ഇന്ത്യയിലെ സോഷ്യല്‍ മീഡിയ കമ്പനികളുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുകയും സാങ്കേതിക മേഖലയും സര്‍ക്കാരും തമ്മില്‍ വലിയൊരു ഏറ്റുമുട്ടലിന് വഴിവെക്കുകയും ചെയ്‌തേക്കാം.

സേഫ് ഹാര്‍ബര്‍ ഭീഷണിയിലാകുന്നതിന്റെ കാരണങ്ങള്‍

2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 79 പ്രകാരമാണ് പ്ലാറ്റ്ഫോമുകള്‍ക്ക് സേഫ് ഹാര്‍ബര്‍ പരിരക്ഷ ലഭിക്കുന്നത്. ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന വിവരങ്ങളുടെയോ ഉള്ളടക്കങ്ങളുടെയോ നേരിട്ടുള്ള നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് കമ്പനികളെ ഒഴിവാക്കുന്നതാണ് ഈ വ്യവസ്ഥ. അതായത്, ഒരു പ്ലാറ്റ്ഫോമില്‍ വരുന്ന നിയമവിരുദ്ധമായ ഒരു പോസ്റ്റിന്റെ പേരില്‍ പ്ലാറ്റ്ഫോമിന്റെ ഉടമകളെ നേരിട്ട് കോടതി കയറ്റാന്‍ കഴിയില്ല.

എന്നാല്‍, ഇന്നത്തെ സോഷ്യല്‍ മീഡിയ കമ്പനികള്‍ വെറുമൊരു 'വിവരവാഹകര്‍' മാത്രമല്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കണ്ടന്റുകള്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ സങ്കീര്‍ണ്ണമായ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് അവയുടെ മുന്‍ഗണന നിശ്ചയിക്കുക, പ്രചാരം കൂട്ടുക തുടങ്ങിയ കാര്യങ്ങള്‍ കമ്പനികള്‍ ചെയ്യുന്നുണ്ട്. കൂടാതെ, സ്വന്തം കമ്മ്യൂണിറ്റി ഗൈഡ്ലൈനുകള്‍ ഉപയോഗിച്ച് പോസ്റ്റുകള്‍ നീക്കം ചെയ്യുകയോ തടയുകയോ ചെയ്യുന്നത് വഴി കമ്പനികള്‍ എഡിറ്റോറിയല്‍ അധികാരം പ്രയോഗിക്കുന്നുണ്ട്. ഈ പ്ലാറ്റ്ഫോമുകളുടെ നിയമങ്ങള്‍ പലപ്പോഴും ഇന്ത്യന്‍ ഭരണഘടനയോ നിയമങ്ങളോ അനുശാസിക്കുന്ന പരിധികള്‍ക്ക് വിധേയമല്ലെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. ഇത്തരം കാരണങ്ങളാല്‍, വിവരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കൈമാറുക മാത്രം ചെയ്യുന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും ടെലികോം കമ്പനികള്‍ക്കും നല്‍കുന്ന അതേ നിയമപരിരക്ഷ അല്‍ഗോരിതം വഴി ഉള്ളടക്കം നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയകള്‍ക്ക് നല്‍കേണ്ടതില്ലെന്ന നിഗമനത്തിലാണ് കേന്ദ്രം എത്തിച്ചേര്‍ന്നിട്ടുള്ളത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ 'സേഫ് ഹാര്‍ബര്‍' നിയമപരിരക്ഷ എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍; ഐടി നിയമത്തില്‍ വന്‍ മാറ്റം വരുന്നു
സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ കുറവ്; ഏഷ്യ-പസഫിക് മേഖലയില്‍ ഇന്ത്യ താഴെനിന്ന് മൂന്നാമത്

പശ്ചാത്തലവും തര്‍ക്കങ്ങളും

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭരണകൂടവും പ്രധാന സാങ്കേതിക പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധത്തില്‍ വലിയ രീതിയിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സമീപകാലത്ത് നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലും മറ്റും ഇന്‍സ്റ്റാഗ്രാം പോലെയുള്ള മാധ്യമങ്ങള്‍ പ്രചാരണത്തിനും വിവരങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള പ്രധാന വഴിയായി മാറി. അല്‍ഗോരിതങ്ങള്‍ ചില പ്രത്യേക പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ വ്യാപ്തി നല്‍കുന്നു എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മെറ്റായുടെ ഉന്നത ഉദ്യോഗസ്ഥരെ ഐടി മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.

അതുപോലെ, കേന്ദ്ര സര്‍ക്കാരിന്റെ സഹയോഗ് പോര്‍ട്ടല്‍ വഴിയുള്ള കണ്ടന്റ് നീക്കം ചെയ്യല്‍ നോട്ടീസുകളെ ചോദ്യം ചെയ്ത് എക്സ് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കമ്പനി അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതിനുപുറമെ, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ തടയുന്നതില്‍ പ്ലാറ്റ്ഫോമുകള്‍ പരാജയപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയും വീഴ്ചവരുത്തുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് നിശികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

പരിഗണനയിലുള്ള മറ്റ് പ്രധാന മാറ്റങ്ങള്‍

സേഫ് ഹാര്‍ബര്‍ ഭേദഗതിക്ക് പുറമെ മറ്റ് രണ്ട് പ്രധാന മാറ്റങ്ങളും ഐടി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നുണ്ട്. ഉപയോക്താക്കളുടെ സുരക്ഷയെയോ സ്വകാര്യതയെയോ ബാധിക്കുന്ന തരത്തിലുള്ള വലിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പ്ലാറ്റ്ഫോമുകള്‍ സര്‍ക്കാരിനെ വിവരമറിയിക്കണം. ഉദാഹരണത്തിന്, ഫോണ്‍ നമ്പര്‍ ഇല്ലാതെ ഉപയോഗിക്കാവുന്ന വാട്ട്സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചത് ഈ ആശങ്ക കാരണമാണ്. അതോടൊപ്പം, ഡീപ്പ് ഫേക്കുകള്‍, സമ്മതമില്ലാത്ത ചിത്രങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ സാധാരണക്കാര്‍ക്ക് നേരിട്ട് വേഗത്തില്‍ ഇടപടാന്‍ സാധിക്കുന്ന രീതിയില്‍ ഗ്രീവന്‍സ് സംവിധാനങ്ങള്‍ പുനസംഘടിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ 'സേഫ് ഹാര്‍ബര്‍' നിയമപരിരക്ഷ എടുത്തുമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍; ഐടി നിയമത്തില്‍ വന്‍ മാറ്റം വരുന്നു
കസ്റ്റഡിയിലെടുത്ത സമയം മുതല്‍ 24 മണിക്കൂര്‍, അറസ്റ്റ് ചെയ്ത സമയമല്ല: മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനുള്ള സമയപരിധി വ്യക്തമാക്കി സുപ്രീം കോടതി

ഐടി ആക്ടില്‍ സമഗ്രമായ ഭേദഗതികള്‍ വരുത്തിയാല്‍ മാത്രമേ ഈ നിയമങ്ങള്‍ നിലവില്‍ വരികയുള്ളൂ. ഇതിനായി പാര്‍ലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. സേഫ് ഹാര്‍ബര്‍ പിന്‍വലിക്കുന്നത് വ്യാജവാര്‍ത്തകള്‍, ഡീപ്പ് ഫേക്കുകള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കുമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇത് ഡിജിറ്റല്‍ രംഗത്ത് പ്ലാറ്റ്ഫോമുകളുടെ കര്‍ശനമായ സെന്‍സര്‍ഷിപ്പിനും സാധാരണക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനും വഴിവെക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധരും അവകാശ സംരക്ഷണ പ്രവര്‍ത്തകരും ആശങ്കപ്പെടുന്നു.

Summary

The Union government is considering legislative changes to withdraw the legal protection known as 'safe harbour' currently enjoyed by major social media platforms such as Facebook, Instagram, YouTube and X. The protection, provided under Section 79 of the Information Technology Act, 2000, shields platforms from direct legal liability for content posted by their users. The proposed move could significantly change how social media companies operate in India and potentially trigger a major confrontation between the government and global technology companies.