50-ൽ അധികം യുദ്ധവിമാനങ്ങൾ മിഡിൽ ഈസ്റ്റിൽ വിന്യസിച്ച് അമേരിക്ക; നടപടി, ഇറാനുമായുള്ള ആണവ ചർച്ചകൾക്കിടെ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം യുദ്ധവിമാനങ്ങളാണ് മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്നത്.
50-ൽ അധികം യുദ്ധവിമാനങ്ങൾ മിഡിൽ ഈസ്റ്റിൽ വിന്യസിച്ച് അമേരിക്ക; നടപടി, ഇറാനുമായുള്ള ആണവ ചർച്ചകൾക്കിടെ
Published on

വാഷിങ്ടൺ: മിഡിൽ ഈസ്റ്റിലെ സൈനിക സാന്നിധ്യം വർധിപ്പിച്ച് അമേരിക്ക. ഇറാനുമായുള്ള ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ നടപടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം യുദ്ധവിമാനങ്ങളാണ് മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്നത്. യുഎസിന്റെ നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണിത് എന്നാണ് യുഎസ് ഉദ്യോഗസ്ഥർ ഈ നീക്കത്തെ കുറിച്ച് പറഞ്ഞത്.

അമേരിക്കയുടെയും ഇറാന്റെയും ഉദ്യോഗസ്ഥർ ജനീവയിൽ രണ്ടാമത്തെ പരോക്ഷ ആണവ ചർച്ചകൾ നടത്തിവരുന്നതിനിടയിലാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. 'കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ൽ അധികം ഫൈറ്റർ ജെറ്റുകൾ ഈ മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു. യുഎസ് സൈനിക വിന്യാസത്തിന്റെ വ്യാപ്തിയും വേഗതയും ഇത് അടിവരയിടുന്നു.' ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിമാനങ്ങളുടെ നീക്കങ്ങൾ യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ആക്സിസോ റിപ്പോർട്ട് ചെയ്തു. ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും സൈനിക വിമാന നിരീക്ഷകരും രേഖപ്പെടുത്തിയതനുസരിച്ച്, F-22, F35, F16 ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ നിരവധി വിമാനങ്ങൾ ഈ മേഖലയിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട്. യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ സ്ഥിരത കൈവരിക്കുന്നതിനുവേണ്ടി തയ്യാറെടുക്കുന്നതിന്റെ സൂചനയാണിതെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

യുഎസ് വിമാനവാഹിനി കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും അനുബന്ധ കപ്പലുകളും കരീബിയൻ കടലിൽ നിന്ന് പുറപ്പെട്ട് ഇപ്പോൾ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യഭാഗത്തുകൂടി മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുകയാണെന്ന് നാവിക സേന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച അറിയിച്ചത്. യുഎസ്എസ് മഹൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് വിൻസ്റ്റൺ ചർച്ചിൽ എന്നീ മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുകളോടൊപ്പമാണ് ഫോർഡിന്റെ യാത്ര.

ഈ കപ്പൽ വ്യൂഹം ഇറാനടുത്തുള്ള സമുദ്രമേഖലയിൽ എത്താൻ ഒരാഴ്ചയിലധികം സമയമെടുത്തേക്കാം. അതേസമയം, ജനീവയിലെ ചർച്ചകൾ നിലവിലുണ്ടായിരുന്ന സ്ഥിതിഗതികളിൽ പുരോഗതി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, ഇനിയും ധാരാളം കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ചകളെ ഗൗരവമേറിയതും ക്രിയാത്മകവും എന്നാണ് വിശേഷിപ്പിച്ചത്. 'മുൻ കാലങ്ങളിൽ നടന്നിട്ടുള്ള യോഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നമുക്ക് മുന്നോട്ട് പോകാൻ വ്യക്തമായ വഴി ലഭിച്ചു.' അദ്ദേഹം പറഞ്ഞു.

English Summary: The United States has deployed more than 50 fighter jets to the Middle East amid ongoing indirect nuclear talks with Iran in Geneva.

Related Stories

No stories found.
Madism Digital
madismdigital.com