

ഇറാൻ - ഇസ്രയേൽ യുഎസ് സംഘർഷം തുടരുന്നതിനനുസരിച്ച് അമേരിക്കയുടേയും പ്രതിരോധ മേഖലയിലെ ചിലവുകൾ കുതിച്ചുയരുകയാണ്. ഇറാനെതിരായ സൈനിക നടപടികളുടെ ആദ്യ 24 മണിക്കൂറിനിടയിൽ തന്നെ അമേരിക്കയ്ക്ക് ഏതാണ്ട് 77.9 കോടി ഡോളറിലധികം പണം ചിലവഴിക്കേണ്ടി വന്നതായിട്ടാണ് റിപ്പോർട്ടുകൾ. തുർക്കിയിലെ വാർത്താ ഏജൻസിയായ ഓപ്പറേഷൻ എപ്പിക് ഫ്യൂറിയാണ് ആദ്യ ദിവസം തന്നെ ഇത്രയും തുക അമേരിക്ക ചെലവഴിച്ചതായുള്ള റിപ്പോർട്ട് പുറത്തുവിട്ടത്.
സംഘർഷം മിഡിലീസ്റ്റിലുടനീളം വ്യാപിപ്പിച്ചതിന്റെ ഭാഗമായി ചിലവ് വളരെയധികം ഉയർന്നതിൽ മുന്നറിയിപ്പുമായി സാമ്പത്തിക വിശകലന വിദഗ്ധരും രംഗത്തുണ്ട്. യുദ്ധത്തിന് മുന്നോടിയായി നാവിക കപ്പലുകൾ വിന്യസിച്ചതിന്റെയും വ്യോമയാന രംഗത്തെ തയ്യാറെടുപ്പുകളുടെയും ഭാഗമായി കുറഞ്ഞത് 63 കോടി ഡോളർ എങ്കിലും അമേരിക്ക ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
യുഎസ് സെൻട്രൽ കമാൻഡിന്റെ പല യുദ്ധവിമാനങ്ങളുടെ നിർമ്മാണം വളരെ ചെലവേറിയതാണ്. എഫ്-18, എഫ്-16, എഫ്-22, എഫ്-35 തുടങ്ങിയ യുദ്ധവിമാനങ്ങളാണ് പ്രാരംഭ സമയത്ത് ആക്രമണങ്ങൾക്കായി അമേരിക്ക ഉപയോഗിച്ചത്. കൂടാതെ ഇഎ-18ജി ഗ്രൗളർ ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങൾ, എ10സി തണ്ടർബോൾട്ട് വിമാനങ്ങൾ, എംക്യൂ-9 റീപ്പർ ഡ്രോണുകൾ എന്നിവ ഉൾപ്പെടെ യുദ്ധമുഖത്ത് ഉപയോഗിക്കുന്നുണ്ട്. 2025, 2026 ലെ പ്രതിരോധ വകുപ്പിന്റെ ബജറ്റിൻ്റെ വലിയൊരു പങ്കിൽ നഷ്ടം സംഭവിക്കാൻ ഈ യുദ്ധം കാരണമാകും.
സംഘർഷം തുടർന്നാൽ ശതകോടി ഡോളറുകൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിൽ ഇനിയും നഷ്ടമാകും. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പോലെയുള്ള ഒരു കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് ഒരു ദിവസം പ്രവർത്തിപ്പിക്കുന്നതിന് ഏകദേശം 650 കോടി ഡോളർ ചിലവാകുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നിലധികം സ്ട്രൈക്ക് ഗ്രൂപ്പുകൾ ആഴ്ചകൾ വിന്യസിക്കുന്നതിന് ഭീമമായ ചെലവാണ് അമേരിക്കയ്ക്ക് വരുന്നത്. വിവിധ രാജ്യങ്ങളുമായുള്ള സംഘർഷങ്ങളും അമേരിക്കയുടെ പ്രതിരോധ ചെലവുകൾ ഉയർത്തുകയാണ്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾ നടത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി കുറഞ്ഞത് 1 ലക്ഷം കോടി ഡോളർ എങ്കിലും അമേരിക്ക ചെലവഴിച്ചതായി പെന്റഗൺ പറയുന്നുണ്ട്.
English Summary: The United States is spending billions of dollars amid the ongoing Iran–Israel conflict, with military deployment and advanced aircraft operations significantly increasing defense costs. Experts warn that prolonged conflict could strain the US economy and impact upcoming defense budgets, recalling the massive expenditures seen in Iraq and Afghanistan wars.