

രാഷ്ട്രീയ വിവാദങ്ങൾ ആഞ്ഞടിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഓഹരി കൈമാറ്റ നീക്കങ്ങളിൽ വീണ്ടും ചൂടുപിടിച്ച് കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എംഎസ്‌സി) കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കമാണ് പുതിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുന്നത്. ഈ ഓഹരി കൈമാറ്റ നീക്കത്തിൽ നിലവിലെ യുഡിഎഫ് സർക്കാരിന് യാതൊരു പങ്കില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശൻ, ആരോപണങ്ങളുടെ മുന മുൻ എൽഡിഎഫ് സർക്കാരിലേക്കും സിപിഎം മുഖപത്രമായ ദേശാഭിമാനിയിലേക്കുമാണ് തിരിച്ചുവിടുന്നത്. എന്നാൽ വസ്തുതകൾ നിരത്തി മുഖ്യമന്ത്രിയുടെ വാദങ്ങളെ പ്രതിരോധിച്ചുകൊണ്ട് ദേശാഭിമാനിയും രംഗത്തെത്തിയതോടെ വിഴിഞ്ഞം ഒരു ചൂടൻ രാഷ്ട്രീയ പോർക്കളമായി മാറിയിരിക്കുന്നു.
വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ യാതൊരു ഓഹരി കൈമാറ്റവും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. അദാനി ഗ്രൂപ്പ് ഓപ്പറേറ്റർ മാത്രമാണെന്നും തുറമുഖത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സർക്കാരിനാണെന്നും സതീശൻ പറഞ്ഞു. ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതി തേടിയുള്ള അപേക്ഷയിൽ നിയമപരമായ വശങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിച്ച് ഒരു തീരുമാനവും എടുക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയ ആയുധമായി മുഖ്യമന്ത്രി പ്രധാനമായും ഉപയോഗിച്ചത് ജൂൺ ആദ്യവാരം ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്തയാണ്. എംഎസ്‌സിയുമായി അദാനി ഗ്രൂപ്പ് ഒരു വർഷമായി ചർച്ചകൾ നടത്തിവരികയാണെന്നും ഇക്കാര്യം മുൻ എൽഡിഎഫ് സർക്കാരിന് കൃത്യമായി അറിയാമായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. വിഴിഞ്ഞത്ത് 13,000 കോടിയുടെ നിക്ഷേപം വരുന്നതിനെ ഇടതു സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമായി ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് അത് ആഘോഷിച്ചവർ, ഇപ്പോൾ യുഡിഎഫ് സർക്കാരിന്റെ തലയിൽ കുറ്റം കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്നാണ് വി ഡി സതീശന്റെ വിമർശനം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉണ്ടാക്കിയ കരാറിലെ 'കോമൺ യൂസർ ഫെസിലിറ്റി' എന്ന വ്യവസ്ഥയാണ് കേരളത്തിന്റെ സുരക്ഷാ കവചമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പത്രവാർത്തകളെ കൂട്ടുപിടിച്ച് രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പൊളിഞ്ഞുവെന്നാണ് ഇടതുപക്ഷത്തിന്റെ തിരിച്ചടി. എംഎസ്‌സിക്ക് ഓഹരി കൈമാറുന്ന കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് ദേശാഭിമാനിയാണെന്ന മുഖ്യമന്ത്രിയുടെ വാദം പൂർണ്ണമായും തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ജൂൺ ഒന്നിന് ദേശീയ മാധ്യമമായ ഇക്കണോമിക്സ് ടൈംസും, ജൂൺ മൂന്നിന് മാതൃഭൂമിയും ഈ ഓഹരി പങ്കാളിത്ത നീക്കത്തെക്കുറിച്ച് കൃത്യമായി വാർത്ത നൽകിയിരുന്നു. ഈ മാധ്യമങ്ങളുടെ പേരുകൾ ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ട് എൽഡിഎഫിനെതിരെ സതീശൻ പുകമറ സൃഷ്ടിക്കുകയാണെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് പിന്നിലെ മുഖ്യമന്ത്രിയുടെ രഹസ്യ നീക്കങ്ങളും വിവാദമായ 'മംഗളൂരു യാത്രാ ഡീലും' പുറത്തുകൊണ്ടുവന്നതിലുള്ള രാഷ്ട്രീയ വിരോധമാണ് ഈ കടന്നാക്രമണത്തിന് കാരണമെന്നും പത്രം ആരോപിക്കുന്നു.
കരാർ വ്യവസ്ഥകൾ ലംഘിച്ച് ഓഹരി കൈമാറ്റം നടത്താൻ കഴിയില്ലെന്നും, കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ സംസ്ഥാനം ഇക്കാര്യം പരിഗണിക്കൂ എന്നും സർക്കാർ നിലപാടെടുക്കുമ്പോൾ പ്രശ്നം അവസാനിക്കുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എംഎസ്‌സിയുമായി നടന്ന ചർച്ചകളെക്കുറിച്ച് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം. മറുഭാഗത്ത്, അദാനി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് മുൻപിൽ മുഖ്യമന്ത്രി കീഴടങ്ങുകയാണെന്ന് പ്രതിപക്ഷവും ആഞ്ഞടിക്കുന്നു.
The political climate in Kerala has intensified following the Adani Grop's move to transfer 49% of its shares in the Vizhinjam International Seaport to the Mediterranean Shipping Company (MSC). Chief Minister V.D. Satheesan has firmly stated that the current UDF government has no involvement in this decision, instead directing accusations at the previous LDF administration and the CPM mouthpiece, Deshabhimani. In retaliation, Deshabhimani has stepped in to counter the Chief Minister's claims with factual evidence, transforming the Vizhinjam port issue into a fierce political battlefield once again.