'യെസ്'; മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്

ഡൽഹിയിലെ ഇന്ദിരാഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു.
'യെസ്'; മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്
Published on: 

കോൺ​ഗ്രസിലെ പൊട്ടിത്തെറിക്ക് ആക്കംകൂട്ടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ പാർട്ടി അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പരാതി നൽകി. സംസ്ഥാനത്തെ മുന്നണി സംവിധാനത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും ആരോപിച്ചാണ് പരാതി. ഡൽഹിയിലെ ഇന്ദിരാഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു. കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് രേഖാമൂലം പരാതി കൈമാറുകയും ഖാർഗെ കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

എഐസിസി നേതാവ് ദീപാദാസ് മുൻഷിയുമായും അടൂർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നാളെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുന്നതോടെ തന്റെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് നൽകുന്നത്. മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ മുന്നണി മര്യാദകൾ പാലിക്കുന്നില്ല എന്നതാണ് അടൂർ പ്രകാശിന്റെ പ്രധാന ആരോപണം.

സർക്കാരിന്റെ പല പ്രധാന തീരുമാനങ്ങളും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളും യുഡിഎപിൽ ചർച്ച ചെയ്യാതെയാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഘടകകക്ഷി നേതാക്കളായ മുസ്ലിം ലീഗിലെ എം കെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനാക്കിയതും, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനെ ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ നിയമിച്ചതും മുന്നണിയിലോ കൺവീനറായ താനുമായോ ആലോചിക്കാതെയാണെന്നാണ് അടൂർ പറയുന്നത്.

'യെസ്'; മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്
'എം സി റോഡ് വികസനത്തിലെ അഴിമതി, മലേഷ്യന്‍ എഞ്ചിനീയറുടെ മരണം': ഗ്യാനേഷ് കുമാറിനെതിരെ കേരളം, 20 വര്‍ഷം പഴക്കമുള്ള കേസില്‍ വിജിലന്‍സ് അന്വേഷണം

ഇത്തരം സുപ്രധാന തീരുമാനങ്ങൾ പോലും മാധ്യമങ്ങളിലൂടെയാണ് താൻ അറിയുന്നതെന്ന് അടൂർ പ്രകാശ് നേരത്തെ പരസ്യമായി തുറന്നടിച്ചിരുന്നു. ആർക്കെങ്കിലും സ്ഥാനമാനങ്ങൾ കൊടുക്കുന്നതിന് താൻ എതിരല്ലെങ്കിലും കൂട്ടായ ചർച്ചകളിലൂടെ വേണമായിരുന്നു തീരുമാനങ്ങൾ എടുക്കേണ്ടതെന്നാണ് അടൂരിന്റെ പക്ഷം. കൂടാതെ, സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വെറും ഒറ്റത്തവണ മാത്രമാണ് ക്ലിഫ് ഹൗസിൽ മുന്നണി യോഗം ചേർന്നതെന്നും ജൂലൈ മാസത്തിന് ശേഷം യുഡിഎഫ് ഏകോപന സമിതി യോഗങ്ങൾ വിളിച്ചുചേർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുന്നില്ലെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അടൂർ പ്രകാശിന്റെ നീക്കങ്ങളെ തള്ളി കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരസ്യപ്രസ്താവനകൾ പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന് ഓർമ്മിപ്പിച്ചു. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡൽഹിയിലുള്ള താൻ ആർക്കെതിരെയും പരാതി പറയാൻ വന്നതല്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. ഇതിനിടെ മന്ത്രി അനൂപ് ജേക്കബ് ഡൽഹിയിലെ അടൂർ പ്രകാശിന്റെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത് ശ്രദ്ധേയമായെങ്കിലും ഇതൊരു സാധാരണ സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഹൈക്കമാൻഡിന് മുന്നിലെത്തിയ പരാതിയിൽ സ്വീകരിക്കുന്ന തുടർനടപടികളാകും സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി നിർണായകമാവുക.

Summary

UDF Convenor Adoor Prakash has officially lodged a complaint with Congress President Mallikarjun Kharge against Kerala Chief Minister V.D. Satheesan, alleging a lack of consultation within the front and unilateral decision-making. Prakash expressed dissatisfaction over key appointments made without UDF consensus, noting that he often learns of major decisions through the media. He is also scheduled to meet Rahul Gandhi. Meanwhile, KPCC President Sunny Joseph dismissed the allegations, stating he does not believe the Chief Minister takes unilateral decisions.

Madism Digital
madismdigital.com