തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷ വിവാദത്തില്‍ കമ്മീഷണറുടെ താക്കീതിന് പിന്നാലെ അവധിയിൽ പോയ കന്റോൺമെന്റ് സി ഐ സതീഷ് കുമാറിനെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്. സതീഷ് കുമാർ അവധിയിൽ പോയപ്പോൾ നാർക്കോട്ടിക് സെൽ സിഐയ്ക്ക് പകരം ചുമതല നൽകിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിഐ തിരികെ ജോലിയില്‍ പ്രവേശിച്ചതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.
ഹോസ്റ്റലിലെ പ്രശ്നങ്ങൾക്ക് പിന്നാലെ സതീഷ് കുമാർ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ അദ്ദേഹത്തെ നേരിട്ട് വിളിപ്പിച്ച് താക്കീത് ചെയ്യുകയായിരുന്നു. എസ്എഫ്ഐക്കെതിരെ മോശം പദങ്ങൾ ഉപയോഗിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിൽ അടക്കം കമ്മീഷണര്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച് അദ്ദേഹം അവധിയിൽ പ്രവേശിക്കുകയായിരുന്നു. സതീഷ് കുമാർ അവധിയിലായിരുന്ന സമയത്ത് നർക്കോട്ടിക് സെൽ സിഐയ്ക്കായിരുന്നു സ്റ്റേഷന്റെ താൽക്കാലിക ചുമതല നൽകിയിരുന്നത്.
സതീഷ് കുമാർ അവധിയിൽ പോയതിനും എസ്ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് അയച്ചതിനും എതിരെ കോൺഗ്രസ് അനുകൂല സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പുറമെ ഭരണാനുകൂല പൊലീസ് സംഘടനകൾ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെ നേരിട്ട് സമീപിച്ച് ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ പെട്ടെന്ന് നടപടിയെടുക്കുന്നത് പൊലീസിനുള്ളിൽ വലിയ അമർഷത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ് തിരക്കിട്ട് സിഐയെ തിരികെ വിളിച്ചത്. സിഐ മടങ്ങിയെത്തിയതോടെ താൽക്കാലിക ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മടങ്ങി.
അതേസമയം, സിഐ സതീഷ് കുമാറിനും കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനുമെതിരെ നടപടി വേണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം. ഇരുവരെയും പത്ത് ദിവസത്തിനകം ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് എസ്എഫ്ഐയുടെയും സിപിഎമ്മിന്റെയും പ്രധാന ആവശ്യം. . ഈ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എസ്ഐ തോക്കുമായാണ് പരിശോധനയ്ക്ക് എത്തിയത് എന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ച് നടത്തിയിരുന്നു.
ഹോസ്റ്റലിലെ ലാത്തിച്ചാർജ് അടക്കമുള്ള വിഷയങ്ങളിൽ ഈ മാസം പത്തിന് മുൻപ് തീരുമാനമുണ്ടായില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് എസ്എഫ്ഐയുടെ മുന്നറിയിപ്പ്. എസ്ഐ ഗോകുലിനെ നിലവിൽ മൂന്ന് ദിവസത്തെ പരിശീലനത്തിന് വിട്ടിരിക്കുകയാണ്. കൂടാതെ അദ്ദേഹത്തിന് വിവാഹ ആവശ്യങ്ങൾക്കായി ഒരു മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്. കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് സിഐ സതീഷ് കുമാർ വീണ്ടും ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്.
Cantonment CI Satheesh Kumar, who went on leave following the clashes between SFI activists and police at the Thiruvananthapuram University hostel, has returned to duty. The Home Department urgently recalled him, canceling his leave, to prevent discontent within the police force. This move comes despite strong protests and an ultimatum from the SFI and CPM demanding his immediate removal from the station.