സിഎംആർഎൽ-എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ ഇ ഡി ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സംസ്ഥാന വിജിലൻസിന് തീരുമാനിക്കാമെന്നാണ് പുതിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.
കേസിൽ നേരത്തെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജികൾ വന്നിരുന്നെങ്കിലും തെളിവില്ലെന്ന് കണ്ട് അന്ന് അന്വേഷണ സംഘം അത് മടക്കിയിരുന്നു. എന്നാൽ പഴയ ഈ റിപ്പോർട്ടുകളൊന്നും തന്നെ പുതിയൊരു അന്വേഷണത്തിന് യാതൊരുവിധ തടസ്സവും ഉണ്ടാക്കില്ലെന്നും എ ജി ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കുന്നതിൽ തീരുമാനം വൈകുന്നുവെന്ന കടുത്ത വിമർശനങ്ങൾക്കിടെയാണ് ഈ സുപ്രധാന നിയമോപദേശം സർക്കാരിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ഇനി കേസെടുക്കുന്ന കാര്യത്തിലും വിജിലൻസ് അന്വേഷണത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര വകുപ്പാണ്. കേസെടുത്താൽ അത് നിയമപരമായി നേരിടാമെങ്കിലും, അതുണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയവും ക്രമസമാധാനപരവുമായ പ്രത്യാഘാതങ്ങൾ കൂടി പരിഗണിച്ചാകും സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും തുടർനടപടികൾ.
അതേസമയം, നിയമോപദേശം ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
The Advocate General (AG) has advised the Kerala Home Department that a Vigilance investigation can be initiated based on the Enforcement Directorate's (ED) report in the CMRL-Exalogic monthly payoff case. The ED had recommended registering an FIR against Opposition Leader Pinarayi Vijayan, his daughter Veena T, and former minister P.A. Mohammed Riyas. The AG clarified that previous rejections of similar petitions by the Vigilance will not legally hinder a fresh probe. The final decision on proceeding with the investigation now rests with the Home Department.