നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ, യുഡിഎഫിന് ഭരണസാധ്യതയുണ്ടെന്ന പ്രവചനങ്ങൾ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിപ്പദത്തിനായുള്ള വടംവലിക്ക് തിരികൊളുത്തിയിരിക്കുന്നു. ഫലം വരുന്ന മെയ് 4-ന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യങ്ങൾ, ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്കനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രമുഖ നേതാക്കളെല്ലാം. ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന 'ജനനായകൻ' എന്ന പദവിയിലേക്കും, അതുവഴി മുഖ്യമന്ത്രി കസേരയിലേക്കും കണ്ണുവെച്ചുള്ള നേതാക്കളുടെ ഈ 'പ്രതിച്ഛായ' പോര് പാർട്ടിയെ ജനമധ്യത്തിൽ പരിഹാസ്യമാക്കുകയാണെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്.
'ജനനായക'നായി ചെന്നിത്തല; എഐയും പോഡ്കാസ്റ്റും ആയുധങ്ങൾ
പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയ ശേഷം അല്പം പിന്നാക്കം പോയ രമേശ് ചെന്നിത്തല അതിശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. കെസി വേണുഗോപാലും വിഡി സതീശനും തമ്മിലുള്ള തർക്കങ്ങൾക്കിടയിൽ കാഴ്ചക്കാരനായി നിൽക്കാതെ, 'നമ്പർ വൺ' കസേരയ്ക്കായി ചെന്നിത്തല ടീം കളം നിറഞ്ഞു കളിക്കുകയാണ്.
വിജയ് നായകനായ തമിഴ് സിനിമയുടെ അതേ പേരിൽ (ജനനായകൻ) ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അണികൾ ആവേശത്തോടെയാണ് പ്രചരിപ്പിക്കുന്നത്. എഐ (AI) സാങ്കേതികവിദ്യ വരെ ഉപയോഗിച്ച് തയ്യാറാക്കിയ ഈ വീഡിയോയിൽ കെഎസ്യു കാലം മുതലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും, ആഭ്യന്തരമന്ത്രിയായിരിക്കെ നടപ്പാക്കിയ പദ്ധതികളും, ഇംഗ്ലീഷ്-ഹിന്ദി പ്രസംഗങ്ങളുടെ ശകലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോയ്ക്ക് പുറമെ, 'കേരള യാത്ര' എന്ന പേരിൽ ഒരു പുതിയ പോഡ്കാസ്റ്റ് പരമ്പരയ്ക്കും ചെന്നിത്തല തുടക്കമിട്ടിട്ടുണ്ട്. ഇതിനായി പുതിയ യൂട്യൂബ് ചാനലും ആരംഭിച്ചു. ഇത് രാഷ്ട്രീയ നേട്ടത്തിനല്ലെന്നും, ഭാവി കേരളത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണെന്നും ചെന്നിത്തല പറയുമ്പോഴും, തന്റെ നാല് പതിറ്റാണ്ടത്തെ പൊതുപ്രവർത്തന പരിചയം എടുത്തുകാണിക്കാനുള്ള അവസരമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. അനാവശ്യ ചർച്ചകൾ ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യോഗ്യത തെളിയിക്കാനുള്ള നീക്കമാണിത്. 'ഒസിയുടെ ദൗത്യം പൂർത്തിയാക്കാൻ ആർസി', 'കേരളത്തെ ആർസി നയിക്കട്ടെ' തുടങ്ങിയ ഹാഷ്ടാഗുകളുമായി അണികൾ സോഷ്യൽ മീഡിയയിൽ കാർഡുകളുടെ കുത്തൊഴുക്ക് തന്നെ സൃഷ്ടിക്കുന്നുണ്ട്.
പുസ്തകവും ഡോക്യുമെന്ററിയുമായി കെസി വേണുഗോപാൽ; ഫലം കാത്ത് വിഡി സതീശൻ
മുഖ്യമന്ത്രിപ്പദത്തിനായുള്ള കിടമത്സരത്തിൽ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഒട്ടും പിന്നിലല്ല. ലോക പുസ്തക ദിനത്തിൽ, തന്റെ മൂന്ന് പതിറ്റാണ്ടത്തെ നിയമസഭാ-ലോക്സഭാ പ്രസംഗങ്ങൾ കോർത്തിണക്കിയ 'നേരിനൊപ്പം പോരാട്ടങ്ങൾ നിലപാടുകൾ' എന്ന പുസ്തകം അദ്ദേഹം പ്രഖ്യാപിച്ചു. സുനാമി മുതൽ തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും വരെ ഉൾക്കൊള്ളുന്നതാണ് പുസ്തകമെന്ന് വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിന് പുറമെ, ദേശീയ അവാർഡ് ജേതാവ് വിനോദ് മങ്കര ഒരുക്കുന്ന കെസിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം ആലപ്പുഴയിൽ അന്തിമഘട്ടത്തിലാണ്. അദ്ദേഹത്തിന്റെ ജീവചരിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഹൈക്കമാൻഡിലുള്ള സ്വാധീനത്തിന് പുറമെ, കേരളത്തിലെ ജനമനസ്സുകളിലും ഇടംപിടിക്കാനുള്ള ശ്രമമാണ് പുസ്തകത്തിലൂടെയും ഡോക്യുമെന്ററിയിലൂടെയും വേണുഗോപാൽ നടത്തുന്നത്..
അതേസമയം, ട്രക്കിംഗും റിസോർട്ട് ഉദ്ഘാടനവുമൊക്കെയായി ഫലം കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും സജീവമാണ്. ക്രിസ്ത്യൻ വിശ്വാസികളുടെ പരിപാടികളിലെ പ്രധാന പ്രസംഗങ്ങൾ ചേർത്തുള്ള അദ്ദേഹത്തിന്റെ പുസ്തകം 'ആദം നീ എവിടെയാകുന്നു' എന്ന പേരിൽ ഉടൻ പുറത്തിറങ്ങും
പെട്ടിപൊട്ടിച്ചിട്ട് പോരെ ഈ വടംവലി?
വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ, ഈ പ്രതിച്ഛായ പോര് കോൺഗ്രസിന് ഗുണകരമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥ വോട്ടെണ്ണൽ മെയ് 4-നാണ്. പെട്ടി പൊട്ടി ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രിയാകാൻ നേതാക്കൾ നടത്തുന്ന ഈ പരസ്യമായ മത്സരം ജനങ്ങൾക്ക് മുന്നിൽ പാർട്ടിയെ പരിഹാസ്യമാക്കുകയാണെന്ന് കോൺഗ്രസിനുള്ളിലെ ഒരു വിഭാഗം തന്നെ അഭിപ്രായപ്പെടുന്നു.
മുൻകാലങ്ങളിൽ അധികാരത്തിലെത്തിയ ശേഷം ഗ്രൂപ്പ് തിരിഞ്ഞ് കടിപിടികൂടിയിരുന്ന കോൺഗ്രസ്, ഇത്തവണ ഭരണം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ പോലും അധികാരത്തിനായി അങ്കം വെട്ടുന്നത് അണികളിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. 'ഇതൊക്കെ പെട്ടി പൊട്ടിച്ചിട്ട് പോരെ' എന്ന അഭിപ്രായം പല കോൺഗ്രസ് നേതാക്കളും സ്വകാര്യ സംഭാഷണങ്ങളിൽ പങ്കുവെക്കുന്നുണ്ട്. നേതാക്കൾ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, പാർട്ടി കെട്ടിപ്പടുക്കാൻ കഷ്ടപ്പെടുന്ന സാധാരണ അണികൾ ഈ പോരിന്റെ വെറും കാഴ്ചക്കാരായി മാറുകയാണ്. അധികാരം ഉറപ്പിച്ചാൽ ഹൈക്കമാൻഡ് എന്ത് തീരുമാനിക്കുമെന്നറിയാൻ മെയ് 4 വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും, സോഷ്യൽ മീഡിയയിലെ ഈ യുദ്ധം കോൺഗ്രസിനുള്ളിലെ അധികാരക്കൊതിയുടെ നേർക്കാഴ്ചയായി മാറുകയാണ്.
English Summary: With the election results still pending, top Congress leaders in Kerala have triggered an intense social media war to project themselves as the ideal Chief Ministerial candidate. Ramesh Chennithala has launched an AI-generated video titled Jananayakan and a new podcast series, while AICC General Secretary KC Venugopal is countering with a biography and a documentary. Even Opposition Leader VD Satheesan is in the fray with a new book, signaling a high-stakes battle for public image and high-command favor. This premature scramble for power, occurring before the official vote count, has drawn criticism for potentially making the party a target of public ridicule.