പത്താം നാളിലെങ്കിലും വരുമോ മുഖ്യമന്ത്രി? ഹൈക്കമാൻഡ് പ്രഖ്യാപനം കാത്ത് കേരളം

ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് ചോദിച്ചത് മുഖ്യമന്ത്രി ആരാവണമെന്ന ചോദ്യമല്ല, പകരം കേരളത്തിലെ യഥാര്‍ത്ഥ രാഷ്ട്രീയസാഹചര്യവും കാര്യങ്ങള്‍ സുഗമമാക്കാനുള്ള ഓരോരുത്തരുടെയും നിര്‍ദേശവുമാണ്
പത്താം നാളിലെങ്കിലും വരുമോ മുഖ്യമന്ത്രി? ഹൈക്കമാൻഡ് പ്രഖ്യാപനം കാത്ത് കേരളം
Published on

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നുള്ള ചോദ്യത്തിന് ഇന്ന് വിരാമമായേക്കും. മുതിര്‍ന്ന നേതാക്കളുമായുള്ള അവസാനഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. തുടർന്നായിരിക്കും പ്രഖ്യാപനം. നിലവില്‍ ഹൈക്കമാന്‍ഡ് ഒരു പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ ഖാര്‍ഗെ- രാഹുല്‍ കൂടിക്കാഴ്ച വൈകിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെറിയ ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന് 10 ദിവസം ആയിട്ടും കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു മുന്‍ കെപിസിസി അധ്യക്ഷന്മാരെയും മുതിര്‍ന്ന നേതാക്കളെയും വര്‍ക്കിങ് പ്രസിഡന്റുമാരെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് ചര്‍ച്ചയ്ക്കായി വിളിപ്പിച്ചത്. ശനിയാഴ്ച വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിട്ടും സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ കൂടിയാലോചനകള്‍ നടത്താന്‍ കൂടുതല്‍ നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

അതേസമയം, ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് ചോദിച്ചത് മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യമല്ല, പകരം കേരളത്തിലെ യഥാര്‍ത്ഥ രാഷ്ട്രീയസാഹചര്യവും കാര്യങ്ങള്‍ സുഗമമാക്കാനുള്ള ഓരോരുത്തരുടെയും നിര്‍ദേശവുമാണ്. കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തിനും പ്രകടനങ്ങള്‍ക്കും പിന്നിലുള്ള വസ്തുതകളും രാഹുല്‍ ചോദിച്ചു. ഫ്‌ളക്‌സുകള്‍ ഉയര്‍ത്തിയും പ്രതിഷേധ പ്രകടനത്തിലുടെയും സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചതിലെ വിയോജിപ്പും രാഹുല്‍ മറച്ചുവെച്ചില്ല. ഇത്തരം സാഹചര്യം നേരിടാന്‍ പാര്‍ട്ടിക്ക് കഴിയുമോ എന്നും ആരാഞ്ഞു.

പത്താം നാളിലെങ്കിലും വരുമോ മുഖ്യമന്ത്രി? ഹൈക്കമാൻഡ് പ്രഖ്യാപനം കാത്ത് കേരളം
ക്രൗഡ് പുള്ളറില്‍നിന്ന് 'വില്ലനി'ലേക്ക്; കെ സിക്കുവേണ്ടി ഷാഫി വി ഡിയെ വെട്ടിയത് കെപിസിസി പ്രസിഡന്റ് പദം ലക്ഷ്യമിട്ടോ? കോൺഗ്രസിൽ പുതിയ പ്രതിസന്ധി

സോണിയാഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഓരോ നേതാവിനോടും രാഹുല്‍ 20 മിനിറ്റോളം സംസാരിച്ചു. മുഖ്യമന്ത്രിപദത്തിലേക്ക് ആരാണ് അനുയോജ്യന്‍ എന്ന കാഴ്ചപ്പാട് നേതാക്കള്‍ വിശദീകരിച്ചു. അതിനുള്ള കാരണങ്ങള്‍ രാഹുല്‍ ചോദിച്ചറിഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് എല്ലാവരും ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്ന ഹൈക്കമാന്‍ഡിന്റെ തീരുമാനം രാഹുല്‍ ഗാന്ധി അറിയിച്ചിട്ടില്ല.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തതില്‍ വോട്ടര്‍മാര്‍ക്കിടയിലും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിലുള്ള അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ രാവിലെ നടക്കുന്ന യോഗത്തില്‍ 8 ഉന്നത നേതാക്കള്‍ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചര്‍ച്ചയാകും.

ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാര്‍ട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനം നീണ്ടുപോകുന്നതിനാല്‍ അടിയന്തര യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. 22 സീറ്റുകള്‍ നേടി ചരിത്രപരമായ വിജയം നേടിയ ലീഗിന് വിജയം ആഘോഷിക്കാന്‍ പോലും കഴിയാത്ത സാഹചര്യം ജനങ്ങള്‍ക്കിടയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ലീഗ് നേതൃത്വം കരുതുന്നു.

പത്താം നാളിലെങ്കിലും വരുമോ മുഖ്യമന്ത്രി? ഹൈക്കമാൻഡ് പ്രഖ്യാപനം കാത്ത് കേരളം
വൈദ്യുതിയില്ലാത്ത സ്കൂളുകൾ ലക്ഷത്തിലേറെ, 98,500 എണ്ണത്തിൽ പെൺകുട്ടികൾക്ക് ടോയ്‌ലറ്റില്ല; വിദ്യാഭ്യാസമേഖലയുടെ ദുരവസ്ഥയുമായി നീതി ആയോഗ് റിപ്പോർട്ട്

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭാ ചര്‍ച്ചകളിലേക്ക് മുന്നണി കടക്കും. കെ. മുരളീധരന്‍, സി.പി ജോണ്‍, ഷിബു ബേബി ജോണ്‍, എ.പി അനില്‍ കുമാര്‍, ചാണ്ടി ഉമ്മന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ പേരുകള്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. സാമുദായിക സമവാക്യങ്ങളും ജില്ലാ പ്രാതിനിധ്യവും പരിഗണിച്ചായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുക.

English Sumamry: The 10 days long deadlock over the selection of the next Kerala Chief Minister is expected to end today. Following the UDF’s decisive victory in the 2026 Assembly elections, the Congress High Command has concluded its final rounds of deliberations. A formal announcement is anticipated by this afternoon following a high-level meeting between Congress President Mallikarjun Kharge and Rahul Gandhi in Delhi.

Madism Digital
madismdigital.com