

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച് എട്ടു ദിവസം പിന്നിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിനു കഴിയാത്തത് പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും വലിയ അസ്വാരസ്യങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നതിന്റെ കാഴ്ചയാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം വെളിപ്പെടുത്തുന്നത്. പഴയ എ, ഐ ഗ്രൂപ്പുകളേക്കാള്‍ ശക്തികേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു കെ സി വേണുഗോപാലും വി ഡി സതീശനും ഷാഫി പറമ്പിലുമൊക്കെ. മുഖ്യമന്ത്രി സ്ഥാനത്തേക്കു കെ.സി. വേണുഗോപാലിനെ കൂടുതല്‍ എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നതിന്റെ പ്രധാന കാരണവും പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കുന്ന ശക്തികേന്ദ്രങ്ങളാണ്.
കെ.സി.വേണുഗോപാലിനെ നാല്‍പ്പതിലേറെ എംഎല്‍എമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുണ്ട്. ഇതില്‍ പലരെയും ഷാഫി പറമ്പില്‍ ആണ് കെ.സി പക്ഷത്തേക്ക് കൊണ്ടുവന്നത്. ഷാഫിയുടെ ശക്തികേന്ദ്രമായ മലബാറില്‍ നിന്നാണ് ഇതില്‍ കൂടുതല്‍ എംഎല്‍എമാരും. എ ഗ്രൂപ്പുകാരനായ ഷാഫി പറമ്പില്‍ എ ഗ്രൂപ്പിലെ എംഎല്‍എമാരെയും മുതിര്‍ന്ന നേതാക്കളെയും കെ.സി.വേണുഗോപാലിനൊപ്പം നിര്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ മുറുമുറുപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. ടീം യുഡിഎഫിന്റെ നായകനെന്ന നിലയില്‍ സതീശന്‍ ഉറപ്പിച്ചിരുന്ന മുഖ്യമന്ത്രി പദം വെട്ടുന്ന തരത്തിലേക്കു നീണ്ട നാടകങ്ങള്‍ക്കു പിന്നിലെ 'യഥാര്‍ഥ വില്ലന്‍' ഷാഫിയാണെന്നാണ് പാര്‍ട്ടിക്കുള്ളിലും സോഷ്യല്‍ മീഡിയയിലും ഉയരുന്ന വിമര്‍ശനം.
കോണ്‍ഗ്രസ് യുവനിരയിലെ 'ക്രൗഡ് പുള്ളര്‍' എന്ന വിശേഷണമുള്ള ഷാഫി പറമ്പിലിന്, വടകര ലോക്‌സഭ മണ്ഡലത്തിലെ വിജയത്തിനുശേഷം മേഖലയില്‍ വലിയ ജനസ്വാധീനമാണുള്ളത്. 'ഷാഫി എഫക്റ്റ്' കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തദ്ദേശഭരണ, നിയമസഭ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയത്തില്‍ പ്രതിഫലിച്ചു. ഇതു പരമാവധി മുതലെടുത്താണ് ഷാഫി വി ഡി സതീശനെ വെട്ടാനുള്ള നീക്കത്തിന്റെ പ്രധാന സൂത്രധാരനാവുന്നതെന്നാണ് കോണ്‍ഗ്രസില്‍ ഉയരുന്ന വിമര്‍ശനം.
കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ താക്കോല്‍സ്ഥാനം തനിക്കു ലഭിക്കുമെന്ന് ഷാഫി വിശ്വസിക്കുന്നു. കെപിസിസി അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്ന ഷാഫി നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കെ.സി പക്ഷത്ത് കൂടുതല്‍ അടിയുറച്ചത്. എ ഗ്രൂപ്പിലെ പ്രധാനികളായ പി.സി.വിഷ്ണുനാഥും എ.പി.അനില്‍കുമാറും ഷാഫിക്കൊപ്പമുണ്ട്. എ ഗ്രൂപ്പിനെ പൂര്‍ണമായും കെ സി പക്ഷത്തേക്ക് എത്തിക്കാന്‍ ഷാഫിക്കു സാധിച്ചിട്ടുണ്ട്.
വേണുഗോപാല്‍ പക്ഷത്തേക്ക് ഷാഫി കൂറുമാറാന്‍ മറ്റൊരു പ്രധാന കാരണം വി.ഡി.സതീശനോടുള്ള കടുത്ത എതിര്‍പ്പാണ്. സതീശനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഷാഫി, ലൈംഗികാരോപണക്കേസുകളെത്തുടര്‍ന്ന് പാലക്കാട് മുന്‍ എംഎല്‍്എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിക്കു പിന്നാലെയാണ് സതീശനില്‍നിന്ന് അകലാന്‍ തുടങ്ങിയത്. തന്റെ നോമിനിയും വിശ്വസ്തനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് സതീശന്റെ ഇടപെടല്‍ കാരണമാണെന്നാണ് ഷാഫി വിശ്വസിക്കുന്നത്.
അധികാരത്തിലെത്തിയാല്‍ സതീശനായിരിക്കും മുഖ്യമന്ത്രിയാകുകയെന്ന് ഒരുസമയത്ത് ഷാഫി പറമ്പില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് കെ.സി കേരള രാഷ്ട്രീയത്തില്‍ സജീവമായത്. കെ സി എത്തിയതോടെ ഷാഫി സതീശനുമായി അകന്നുതുടങ്ങി. ഇതിനിടയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിഷയം വരുന്നത്. അതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു.
അതേസമയം, സതീശനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ഷാഫിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സതീശനെ പിന്തുണച്ച് നിന്നിരുന്ന പല എംഎല്‍എമാരെയും ഷാഫി ഭീഷണിപ്പെടുത്തിയാണ് കെ സി പക്ഷത്തേക്ക് എത്തിച്ചതെന്നാണ് ഇവരുടെ വിമര്‍ശനം. സതീശനെ പിന്തുണയ്ക്കുന്ന മുസ്ലിം ലീഗിലും ഷാഫിക്കെതിരായ വികാരം ഉയര്‍ന്നിട്ടുണ്ട്.
English summary:
Tensions are rising within the Congress over the Kerala Chief Minister race, with Shafi Parambil facing backlash for allegedly backing KC Venugopal over VD Satheesan. Once celebrated as the Congress youth wing’s “crowd puller,” Shafi is now facing criticism from sections within the party over his alleged role in shifting MLA support. Critics accuse him of influencing legislators to back the KC camp, deepening factional tensions ahead of the CM decision. The growing divide has also triggered strong reactions on social media and within sections of the UDF leadership.