'പികെ ശശി ഒന്നിനും കൊള്ളാത്തവൻ, അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ല'; സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു

പികെ ശശിയുടെ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സുരേഷ് ബാബു പറഞ്ഞു.
'പികെ ശശി ഒന്നിനും കൊള്ളാത്തവൻ, അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ല'; സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു
Published on

തിരുവനന്തപുരം: പികെ ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാർട്ടി നേതാക്കൾക്കെതിരെ വിമതരുടെ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ബാബുവിന്റെ പ്രതികരണം. പികെ ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.

പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരൻ കയറിയിരിക്കുന്നത് എന്നായിരുന്നു സുരേഷ് ബാബുവിനെതിരെ വിമതരുടെ സമ്മേളനത്തിൽ പികെ ശശി ഉയർത്തിയ വിമർശനം. പികെ ശശിയുടെ ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് സുരേഷ് ബാബു പറഞ്ഞു. നടപടിക്ക് വിധേയനാകുക, തിരിച്ചുവരിക എന്നത് എസ്എഫ്ഐ കാലം മുതലുള്ള പികെ ശശിയുടെ പതിവാണെന്നും ആരോപിച്ചു. അതുകൊണ്ട് തന്നെ ശശിയുടെ പ്രസ്താവന മുഖവിലക്കെടുക്കുന്നില്ലെന്നും അവഗണിച്ചു തള്ളുന്നുവെന്നും ഇ എൻ സുരേഷ് ബാബു വ്യക്തമാക്കി. ഇനി വി ഡി സതീശൻ, ശശിയുടെ തീവ്രത അളക്കട്ടെയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

Also Read
മുൻ എംഎൽഎ പികെ ശശിയെ പുറത്താക്കി സിപിഐഎം
'പികെ ശശി ഒന്നിനും കൊള്ളാത്തവൻ, അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ല'; സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു

ഇന്ന് രാവിലെയായിരുന്നു സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ പികെ ശശി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത്. മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഐഎം എത്തി എന്നതടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്. പിന്നാലെ ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി ഇ എൻ സുരേഷ് ബാബു മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

തന്നെ പുറത്താക്കാനുള്ള സമ്പൂർണ അധികാരം പാർട്ടിക്കുണ്ടെന്ന് പി കെ ശശി പ്രതികരിച്ചു. ദീർഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു എന്നും, ഇനിയും കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു. പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി, അടുത്തിടെയാണ് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചത്‌. അദ്ദേഹം ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നുണ്ടെന്നും, ഇതിന് മുന്നോടിയായി ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

English Summary: District secretary of CPIM in Palakkad, E. N. Suresh Babu, launched a sharp attack on former MLA P. K. Sasi, saying he does not take Sasi seriously.

Related Stories

No stories found.
Madism Digital
madismdigital.com