

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ദീപക്കിന്റെ കുടുംബം. ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചതിൽ നിരാശയുണ്ടെന്നും, ജാമ്യം അനുവദിക്കരുതായിരുന്നുവെന്നും ദീപക്കിന്റെ കുടുംബം പറഞ്ഞു. ദീപക്കിന്റെ നീതിക്കായി നിയമപരമായി മുന്നോട്ടുപോകുമെന്നും കുടുംബം വ്യക്തമാക്കി.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അമ്പതിനായിരം രൂപയുടെ രണ്ട് ആൾജാമ്യത്തിൽ ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 22 ദിവസമായി ഷിംജിത റിമാന്റിൽ കഴിയുകയായിരുന്നു. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ ഷിംജിത അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ പാടില്ല എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കർശനമായ ഉപാധികളോടെയാണ് ഷിംജിതയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ഗവ. പ്ലീഡർ അഡ്വ. ശ്രീജ ഹാജരായി. പ്രതിഭാഗത്തിനായി അഡ്വ. എം. സുഷമ ഹാജരായി. അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുന്നത് വരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. മാത്രമല്ല, ഷിംജിത ദീപക്കിനെ ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളും ഇതിലൂടെ വ്യക്തമാകുമെന്നും പ്രോസിക്യൂഷന്റെ വാദിച്ചിരുന്നു.
എന്നാൽ, ഷിംജിത 22 ദിവസമായി ജയിലിൽ ആണെന്നും ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു. അതേസമയം, തനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്.
ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ ദൃശ്യങ്ങളോടൊപ്പം ഉന്നയിച്ച ആരോപണങ്ങളാണ് ദീപക് ജീവനൊടുക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
English Summary: Deepak’s family opposed the bail granted to Shimjitha in the suicide abetment case, stating they are disappointed and will continue legal proceedings seeking justice.