

നെടുമ്പാശേരിയിൽ മിനി കൂപ്പർ കാർ അപകടത്തിൽ മരിച്ച ദേവികയുടെ മരണത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ദേവികയുടെ കുടുംബം. സംഭവത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ദേവികയുടെ കുടുംബം ആവശ്യപ്പെട്ടു. തങ്ങൾക്ക് നേരിട്ട ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.
മകളുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ദേവികയുടെ അമ്മ വൈകാരികമായി പ്രതികരിച്ചു. കുടുംബത്തിന്റെ പ്രതീക്ഷയും ആശ്രയവുമായിരുന്നു ദേവികയെന്നും മകളെ പഠിപ്പിക്കുന്നതിനായി സ്ഥലം വിറ്റിരുന്നുവെന്നും അവർ പറഞ്ഞു. പഠനത്തിലും മറ്റ് കാര്യങ്ങളിലും മികവ് പുലർത്തിയിരുന്ന ദേവികയുടെ വിയോഗം കുടുംബത്തിന് വലിയ നഷ്ടമാണെന്നും അമ്മ വ്യക്തമാക്കി. അപകടം സംഭവിച്ചത് പുറത്തേക്ക് പോകാനിരിക്കെയാണെന്നും അവർ കൂട്ടിച്ചേർത്തു.
ദേവികയുടെ മരണത്തിൽ സുഹൈലിന്റെ ഭാഗത്തുനിന്ന് മനഃപൂർവമായ ഇടപെടൽ ഉണ്ടായിരുന്നോയെന്ന സംശയവും കുടുംബം ഉന്നയിച്ചു. സർക്കാരും പൊലീസും തങ്ങൾക്ക് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും നീതി ലഭിക്കുന്നതിനായി കേസിന്റെ അവസാനം വരെ പോരാടുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ദേവികയുടെ ഇളയ സഹോദരൻ ചെറിയ പ്രായത്തിലുള്ളയാളാണെന്നും കുടുംബത്തിന്റെ ഭാവി പ്രതീക്ഷകൾ ദേവികയിലായിരുന്നുവെന്നും അമ്മയുടെ സഹോദരൻ സന്ദീപ് പ്രതികരിച്ചു.
അതേസമയം, സുഹൈലിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിലാണ് റിമാൻഡ് ചെയ്തിരിക്കുന്നതെന്ന വിവരം ആശങ്കയുണ്ടാക്കുന്നതായി ദേവികയുടെ അച്ഛൻ സന്തോഷ് പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യം ആരോപിക്കപ്പെടുന്ന ഒരാളെ അത്തരമൊരു ജയിലിൽ പാർപ്പിച്ചതിന്റെ കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. പ്രതിക്ക് പ്രത്യേക സംരക്ഷണം ഒരുക്കുന്നതിന് കുടുംബത്തിന്റെ ഇടപെടലുണ്ടോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ദേവികയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മിനി കൂപ്പർ അപകടത്തിൽ പ്രതിയായ സുഹൈലിന്റെ ലൈസൻസ് റദ്ദാക്കും. അപകടത്തെ കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് ലഭിച്ചയുടൻ ഇതിനായുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ റിമാൻഡിലാണ് സുഹൈൽ. ഇയാൾക്കൊപ്പം വണ്ടിയിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ഒന്നിച്ചാണ് ബാറുകളിൽ കയറി മദ്യപിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുഹൈൽ മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടഞ്ഞില്ലെന്നും അമിതവേഗത പ്രോത്സാഹിപ്പിച്ചുവെന്നുമാണ് ഇവർക്കെതിരായ കുറ്റം. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിത വേഗതയിൽ ചീറിപ്പാഞ്ഞെത്തിയ മിനി കൂപ്പറിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സ്‌കൂട്ടര്‍ യാത്രികരായ ഇജാസും ദേവികയും ഗോപികയുമാണ് അപകടത്തിൽ മരിച്ചത്. തൃക്കാക്കരയിൽ ജോലി ചെയ്യുന്ന മൂന്ന് പേരും ചായ കുടിക്കാൻ എയർപോർട്ടിന് സമീപം എത്തിയതാണ്. മൂവരും തൽക്ഷണം മരിച്ചു. മൂന്ന് പേർക്കും 21 വയസ് മാത്രമാണ് പ്രായം. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച ശേഷം പതിവുപോലെ മടങ്ങും വഴിയായിരുന്നു അപകടം. അപകടശേഷം നാട്ടുകാരുമായി വഴക്കിട്ട സുഹൈലിനെ തടഞ്ഞുവെച്ചാണ് നാട്ടുകാർ പൊലീസിലേൽപ്പിച്ചത്.
നെടുമ്പാശ്ശേരിയിലേക്ക് സുഹൃത്തുക്കളെ കൂട്ടാനായി യാത്ര ചെയ്യുകയായിരുന്നു സുഹൈൽ സജീവ് എന്നാണ് വിവരം. എന്നാൽ യാത്രയ്ക്കിടയിൽ വഴിയിലെ മൂന്ന് ബാറുകളിൽ കയറി പ്രതി മദ്യപിച്ചിരുന്നതായും, ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നാണ് പൊലീസിനോട് സുഹൈൽ പറഞ്ഞിരുന്നത്. എന്നാൽ ഫോണിലെ ദൃശ്യങ്ങൾ പണിയായി. 19 വയസ്സ് മാത്രമുള്ള സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാനും പൊലീസ് നീക്കമുണ്ട്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ 'ഇഹാ ഡിസൈൻസി'ന്റെ ഉടമകളായ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ സജീവ്.
ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള പ്രൊഫൈൽ ആണ് ഇഹ ഡിസൈൻസിന്റെത്. ആഡംബര ജീവിതം നയിച്ചിരുന്ന ആളാണ് സുഹൈൽ എന്നാണ് ഈ അക്കൌണ്ടിലെ വീഡിയോകളിൽ നിന്ന് മനസ്സിലാകുന്നത്. ഇതുകൊണ്ടു തന്നെ പണവും സ്വാധീനവുമുപയോഗിച്ച് കേസിൽ നിന്ന് ഊരിപ്പോരാം എന്ന ധാരണ സുഹൈലിനുണ്ടെന്ന് വ്യക്തമാകുന്നു. അപകടശേഷം പിടിച്ചുവെച്ച നാട്ടുകാരോട്, ഒക്കെ എന്ർറെ വാപ്പ നോക്കിക്കോളും എന്നായിരുന്നു സുഹൈലിന്ർറെ മറുപടി. അമികവേഗതത്തിലെത്തിയ മിനി കൂപ്പറിന്ർറെ ഇടിയിൽ സ്കൂട്ടർ പൂർണമായും തകർന്നു. അമിതവേഗം പതിവാക്കിയ ആളാണ് സുഹൈൽ. ഇൻസ്റ്റഗ്രാമിലെ സുഹൈലിന്റെ സ്റ്റോറികളെല്ലാം ആഡംബര വണ്ടികൾ ചീറിപ്പായിക്കുന്ന വീഡിയോകളാണ്.
ചിലതിലൊക്കെ 215 കി.മീ വേഗതയിലാണ് വണ്ടിയും കൊണ്ട് സുഹൈൽ പായുന്നത്. പോസ്റ്റുകളോ മറ്റോ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിലവിലില്ല. സ്റ്റോറി ഹൈലൈറ്റുകളിലാണ് വിവിധ വണ്ടികളും ഇവ ഓടിക്കുന്ന ദൃശ്യങ്ങളുമുള്ളത്. ഇതിനിടെ, ഇന്നലെ അങ്കമാലിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സുഹൈലിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് കയ്യേറ്റശ്രമമുണ്ടായി. പ്രതിയെ കണ്ടയുടൻ നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും 'നിന്റെ വാപ്പ എവിടേടാ' എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം അടിക്കാൻ ശ്രമിച്ചയാളെ പോലീസ് തടഞ്ഞെങ്കിലും, പിന്നീട് ആശുപത്രിയുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വശത്തുനിന്നുണ്ടായ ആക്രമണം സുഹൈലിന്റെ മുഖത്ത് കൊള്ളുകയായിരുന്നു.
മുഖം പൊത്തിപ്പിടിച്ചാണ് പിന്നീട് സുഹൈൽ നടന്നത്. തുടർന്ന് പോലീസ് ഇയാളെ വീണ്ടും ആശുപത്രിയിലേക്ക് തന്നെ തിരികെ കൊണ്ടുപോയി. ആക്രമണത്തിൽ പ്രതിക്ക് കാര്യമായ പരിക്കുകൾ ഒന്നുമില്ലെന്നാണ് വിവരം.അതേസമയം, പോലീസിന്റെ കസ്റ്റഡിയിലിരിക്കെ പ്രതിയെ അടിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. 'കസ്റ്റഡിയിലിരിക്കുന്ന ആളെ അടിക്കാറായോടാ' എന്ന് ചോദിച്ചുകൊണ്ട് പൊലീസുകാർ ഇയാളെ പിടികൂടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
The family of Devika, who died in the Mini Cooper accident in Nedumbassery, has demanded that a murder charge be filed against the accused, Sohail Sajeev. Devika’s parents broke down emotionally while speaking to the media, stating that they would fight until the very end to ensure justice for their daughter.