

കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്ത പക്ഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കോൺഗ്രസ് സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും, മറിച്ചായാൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നിലപാടിലേക്ക് പോകാനാണ് തീരുമാനം എന്നും എൽദോസ് വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമായിരുന്നു പ്രതികരണം. പാർട്ടി നീതിപൂർവമായ തീരുമാനമെടുക്കണമെന്ന് എൽദോസ് ആവശ്യപ്പെട്ടു.
എൽദോസിന് പകരമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പെരുമ്പാവൂരിൽ പരിഗണിക്കുന്നതായാണ് സൂചന. ഇതിന് പുറമെ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. എന്നാൽ മുഹമ്മദ് ഷിയാസിനെ പരിഗണിക്കാനാണ് ഏറെ സാധ്യത എന്നും റിപ്പോർട്ടുകളുണ്ട്.
ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കിയ സാഹചര്യമാണ് എൽദോസിന്റെ സ്ഥാനാർത്ഥിത്വത്തിന് തിരിച്ചടിയായത്. മാർച്ച് 26ന് കേസ് പരിഗണിക്കാനിരിക്കെ ഹൈക്കമാൻഡ് സ്ഥാനാർത്ഥിത്വം നിഷേധിച്ചുവെന്നാണ് വിവരം. കേസിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിയിലെ ദേശീയ നേതാക്കളും എൽദോസിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു.
English Summary: Congress MLA Eldhose Kunnappilly may contest as an independent in Perumbavoor if the party does not nominate him, amid reports favoring Mohammed Shiyas due to a pending legal case