

റെയിൽവേ നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ വർധിപ്പിച്ചതിന് പിന്നാലെ റെയിൽവേ കോടതികളിലെത്തുന്ന കേസുകളിൽ വൻ കുറവ്. കോഴിക്കോട് ഓണററി സ്പെഷ്യൽ സെക്കൻഡ് ക്ലാസ് റെയിൽവേ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കുന്ന കേസുകളുടെ എണ്ണം ഒന്നരമാസത്തിനിടെ നാലിലൊന്നായി കുറഞ്ഞതായാണ് റിപ്പോർട്ട്.
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പ്രതിമാസം 1008 മുതൽ 1610 വരെ കേസുകളാണ് കോഴിക്കോട് റെയിൽവേ കോടതിയിലെത്തിയിരുന്നത്. എന്നാൽ ജൂലായ് ഒന്നിന് പുതുക്കിയ പിഴനിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ കേസുകളുടെ എണ്ണം 446 ആയി താഴ്ന്നു. പ്രതിദിനം ശരാശരി 80 കേസുകൾ പരിഗണിച്ചിരുന്ന കോടതിയിൽ ജൂലായിൽ ഇത് 20 കേസുകളായി കുറഞ്ഞു.
ഓഗസ്റ്റ് പകുതി പിന്നിട്ടപ്പോഴും കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. ഓഗസ്റ്റ് 18 വരെ പ്രതിദിനം 10 മുതൽ 15 വരെ കേസുകൾ മാത്രമാണ് കോടതിയിലെത്തിയത്. കോഴിക്കോട് കോടതിക്ക് പുറമെ പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ, കാസർകോട് തുടങ്ങിയ സ്റ്റേഷനുകളിലും പ്രത്യേക ക്യാമ്പ് സിറ്റിങ്ങുകൾ വഴി റെയിൽവേ നിയമലംഘനക്കേസുകൾ പരിഗണിക്കുന്നുണ്ട്.
ഇവിടെയും സമാനമായ കുറവാണ് രേഖപ്പെടുത്തുന്നത്. വടകര, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിൽ നേരത്തെ ക്യാമ്പ് സിറ്റിങ്ങുകളിൽ നൂറിലേറെ കേസുകൾ വരെ പരിഗണിച്ചിരുന്നെങ്കിൽ ജൂലായ് മുതൽ 10 മുതൽ 20 വരെ കേസുകൾ മാത്രമാണ് എത്തുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യൽ, മതിയായ ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചുകളിൽ കയറൽ, റെയിൽപ്പാളം അനധികൃതമായി മുറിച്ചുകടക്കൽ, വനിതാ കോച്ചിൽ യാത്ര ചെയ്യൽ, ട്രെയിനിൽ അക്രമാസക്തമായി പെരുമാറൽ, ഭിന്നശേഷിക്കാർക്കായുള്ള കോച്ചുകളിൽ അനുമതിയില്ലാതെ കയറൽ, ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പുതുക്കിയ പിഴനിരക്കുകൾ ബാധകമായത്.
ഇതിൽ ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള പിഴ 250 രൂപയിൽനിന്ന് 500 രൂപയായാണ് ഉയർത്തിയത്. മറ്റ് നിരവധി നിയമലംഘനങ്ങൾക്കുള്ള പിഴയും നേരത്തെയുണ്ടായിരുന്നതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വരെയായി വർധിപ്പിച്ചിട്ടുണ്ട്. താനൂർ മുതൽ മഞ്ചേശ്വരം വരെയുള്ള മലബാർ മേഖലയിലെ റെയിൽവേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനക്കേസുകളാണ് കോഴിക്കോട് റെയിൽവേ കോടതി പ്രധാനമായും കൈകാര്യം ചെയ്യുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണ് കോടതിയുടെ പ്രവർത്തനം.
After railway fines were sharply increased, the number of cases reaching the Honorary Special Second Class Railway Magistrate Court in Kozhikode fell to one-fourth within just one and a half months. While more than 1,000 cases were being reported every month from January to June, the figure dropped to 446 in July after the revised fines came into effect. The daily average also fell from around 80 cases to just 20.