നിതിൻ രാജിന്റെ മരണം: അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും ജാതീയ അധിക്ഷേപത്തിനും കേസ്; ലോൺ ആപ്പ് വിവാദവും അന്വേഷണത്തിൽ | Anjarakandy Case

Nithin raj
Nithin raj
Published on

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണയ്ക്കും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവുമാണ് (SC/ST Act) കേസെടുത്തിരിക്കുന്നത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

നിതിൻ രാജ് ലോൺ ആപ്പുകളിൽ നിന്നും പണം കടമെടുത്തിരുന്നതായും ഇത് കേസിലെ മറ്റൊരു നിർണ്ണായക വഴിത്തിരിവായതായും പോലീസ് സൂചിപ്പിക്കുന്നു. ലോൺ എടുക്കുന്നതിനായി ഒരു അധ്യാപികയുടെ ഫോൺ നമ്പറാണ് നിതിൻ നൽകിയിരുന്നത്. ഇതേത്തുടർന്ന് ആപ്പിൽ നിന്നുള്ള പ്രതിനിധികൾ അധ്യാപികയെ നിരന്തരം വിളിച്ചത് നിതിന് വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമുണ്ടാക്കാൻ കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അധ്യാപകരിൽ നിന്ന് നിതിൻ നേരിട്ട ക്രൂരമായ ജാതീയ അധിക്ഷേപങ്ങളെക്കുറിച്ചും മാനസിക പീഡനങ്ങളെക്കുറിച്ചും വീട്ടുകാരും സുഹൃത്തുക്കളും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ, കോളേജ് അധികൃതരെ കൂടുതൽ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവന്നു.

"ഗേറ്റിന് പുറത്തിറങ്ങിയാൽ കൈകാലുകൾ വെട്ടും": ഭയപ്പെടുത്തുന്ന ശബ്ദരേഖ

കുടുംബം ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോളേജിലെ സ്റ്റാഫ് റൂം പോലും നിതിനെ മാനസികമായി തകർക്കാനുള്ള ഗൂഢാലോചന കേന്ദ്രമായി മാറിയെന്നാണ് വെളിപ്പെടുത്തൽ.

സ്റ്റാഫ് റൂമിൽ വെച്ച് അധ്യാപകർ കൂട്ടമായി നിതിനെ അധിക്ഷേപിച്ചിരുന്നു. "കോളേജ് ഗേറ്റിന് പുറത്തിറങ്ങിയാൽ നിന്റെ കയ്യും കാലും വെട്ടും" എന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതായി ശബ്ദരേഖയിൽ പറയുന്നു.

പഠനത്തിൽ മിടുക്കനായിരുന്ന ഒരു ദളിത് വിദ്യാർത്ഥിയെ അധ്യാപകർ തന്നെ എങ്ങനെയാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നതിന്റെ വ്യക്തമായ തെളിവായി ഈ സന്ദേശങ്ങൾ മാറിയിരിക്കുകയാണ്.

Nithin raj
നോവായി ശ്രീനന്ദ, മലയാളി പെൺകുട്ടിയുടെ മൃതദേഹം ചിക്കമംഗളൂരുവിൽ 1500 അടി താഴ്ചയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം

ഇന്റേണൽ മാർക്ക്' ഭീഷണിയെന്ന് മന്ത്രി; കോളേജ് മാനേജ്‌മെന്റിനെതിരെ രൂക്ഷവിമർശനം

നിതിൻ മരിച്ചിട്ടും ഒരു സഹപാഠി പോലും ആ വീട് സന്ദർശിക്കാത്തത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളെ കോളേജ് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി തടഞ്ഞു വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

"പ്രൊഫഷണൽ കോളേജുകളിൽ 'ഇന്റേണൽ മാർക്ക്' ഒരു ആയുധമാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഉപയോഗിച്ച് വിദ്യാർത്ഥികളെ നിശബ്ദരാക്കുന്ന രീതിയാണ് അവിടെ നടക്കുന്നത്," മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

ജാതീയ അധിക്ഷേപം: 'പുഴുത്ത പട്ടി' എന്ന് വിളിച്ച് ആക്ഷേപിച്ചു

അനാട്ടമി വിഭാഗം മേധാവി ഡോ. റാം, നിതിനെ 'പുഴുത്ത പട്ടി' എന്നും 'സ്ലം ഡോഗ്' എന്നും വിളിച്ച് പരസ്യമായി അധിക്ഷേപിച്ചിരുന്നതായി സഹോദരി നികിത ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ഡോ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ സസ്പെൻഷൻ കേവലം ഒരു പുകമറയാണെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പൂക്കോട് വെറ്ററിനറി കോളേജിലെ ക്രൂരമായ റാഗിംഗിനെത്തുടർന്ന് മരിച്ച ജെ.എസ്. സിദ്ധാർത്ഥിന്റെ അമ്മ ഷീബ നിതിന്റെ വീട് സന്ദർശിക്കവെ ആവശ്യപ്പെട്ടു. സമാന സാഹചര്യത്തിൽ മകനെ നഷ്ടപ്പെട്ട ഒരമ്മ എന്ന നിലയിൽ നിതിന്റെ അമ്മയുടെ സങ്കടത്തിൽ പങ്കുചേരാനാണ് ഷീബ ഉഴമലയ്ക്കലിലെ വീട്ടിലെത്തിയത്.

Nithin raj
കോന്തുരുത്തി പുറമ്പോക്ക് ഒഴിപ്പിക്കൽ; 17 കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു

വിറങ്ങലിച്ച് ഉഴമലയ്ക്കൽ; ആശ്വാസമേകാൻ പ്രതിപക്ഷ നേതാവ്

വാടകവീട്ടിൽ നിന്ന് ഡോക്ടറായി മകൻ മടങ്ങിവരുമെന്ന് കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് നിതിൻ വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതദേഹമായാണ് എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉഴമലയ്ക്കലിലെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഇത്തരം 'ഇൻസ്റ്റിറ്റിയൂഷണൽ കൊലപാതകങ്ങൾ' കേരളത്തിന് നാണക്കേടാണെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:The death of Nithin Raj, a Dalit student at Kannur Dental College, has sparked massive outrage in Kerala, with his family alleging severe caste discrimination by faculty members. A 13-member special investigation team led by the Kannur ACP has been formed to probe the case, especially after disturbing voice notes surfaced alleging death threats and mental harassment within the staff room.

Related Stories

No stories found.
Madism Digital
madismdigital.com