

കൊച്ചി: തേവര കോന്തുരുത്തി പുഴയുടെ പുറമ്പോക്ക് പ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ 17 കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. അൻപത് വർഷത്തിലേറെയായി താമസിക്കുന്ന വീടുകളിൽ നിന്ന് തന്നെ നീക്കാൻ ശ്രമിക്കുന്നതായും, തങ്ങളുടെ വാദം കേൾക്കാതെയാണ് നടപടികൾ പുരോഗമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഹർജി ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് പരിഗണിച്ചെങ്കിലും, വിഷയവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി നിലവിലുണ്ടെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് മാറ്റി. ആകെ 126 കുടുംബങ്ങളെ ബാധിക്കുന്ന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അധികൃതരും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരും തെറ്റിദ്ധരിപ്പിച്ചതായും ഹർജിക്കാർ ആരോപിക്കുന്നു.
ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതെന്നാണ് വ്യക്തമാക്കുന്നത്. നൽകിയ ഉറപ്പുകൾ വിശ്വസിച്ചതാണ് തിരിച്ചടിയായതെന്നും, കേസിൽ കക്ഷിചേരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും ഹർജിക്കാർ പറയുന്നു. പ്രദേശത്ത് താമസിക്കാത്ത ഒരാൾ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായതെന്നും, തങ്ങളുടെ സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്നും പരാതിയിൽ പറയുന്നു.
പബ്ലിക് ഹിയറിംഗ് നടത്താതെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതെന്നും, പുനരധിവാസം ആവശ്യപ്പെട്ടിട്ടും പരിഗണന ലഭിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. പകരം നഷ്ടപരിഹാരം വാങ്ങാൻ സമ്മതിച്ചെന്ന തരത്തിൽ കാര്യങ്ങൾ ചിത്രീകരിക്കുന്നതായും ഹർജി പറയുന്നു. പുറമ്പോക്ക് ഭൂമിയുടെ കയ്യേറ്റം സംബന്ധിച്ച് ശാസ്ത്രീയ സർവേ പോലും നടത്തിയിട്ടില്ലെന്നും, ചിലരെ ഒഴിവാക്കി തങ്ങളെ മാത്രം ലക്ഷ്യമിടുന്നതായും ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു.
പ്രായമായവരും രോഗികളും ഉൾപ്പെടുന്ന താമസക്കാർ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ആശങ്കയിലാണ്. പുറമ്പോക്ക് ഭൂമി തിരിച്ചറിയാൻ സർവേ നടത്തണം, പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അഡ്വ. എം. ഉമാദേവിയും അഡ്വ. സതീഷ് മൂർത്തിയും മുഖേന സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
English Summary: Seventeen families in Konthuruthy, Kochi, have approached the High Court against eviction from puramboke land where they have lived for over 50 years, alleging lack of hearing, survey, and rehabilitation measures