ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി ബിൽ കാരണം ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ തെറാപ്പിയും നിർത്തിയോ? കേന്ദ്രത്തോട് ഹൈക്കോടതി

ആരോഗ്യ സംരക്ഷണം മൗലികാവകാശമാണെന്നും ചികിൽസ മുടങ്ങുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു
ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി ബിൽ കാരണം ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ തെറാപ്പിയും നിർത്തിയോ? കേന്ദ്രത്തോട് ഹൈക്കോടതി
Published on

പാർലമെന്റ് അടുത്തിടെ ട്രാൻസ്ജെൻഡർ വ്യക്തി (അവകാശ സംരക്ഷണ) ഭേദഗതി ബിൽ പാസാക്കിയ സാഹചര്യത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ തെറാപ്പിയും തടസ്സപ്പെടുന്നുണ്ടോയെന്ന ചോദ്യവുമായി ഹൈക്കോടതി. വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. പുതിയ നിയമ ഭേദഗതിയെത്തുടർന്ന് ഇത്തരം ചികിത്സകൾ പലയിടത്തും നിർത്തിവെച്ചതായുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ പരാതിയിലാണ് കോടതി ഇടപെടൽ.

നിയമഭേദഗതി ചൂണ്ടിക്കാട്ടി ആശുപത്രികൾ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (എച്ച് ആർ ടി ) നിർത്തിവെച്ചതായി ചൂണ്ടിക്കാട്ടി രണ്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ചികിത്സകൾ വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി നേരിട്ടു ബന്ധപ്പെട്ടതാണെന്നു ഹർജിക്കാർക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷക അരുന്ധതി കട്ജു കോടതിയിൽ ചൂണ്ടിക്കാട്ടി. നിയമഭേദഗതിയുടെ പേരിൽ ചികിത്സ നിഷേധിക്കുന്നത് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അവർ വാദിച്ചു.

ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയരായ വ്യക്തികളെ പുതിയ നിയമം എങ്ങനെ ബാധിക്കുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി ശ്രീകുമാറിനോട് ചോദിച്ചു. വ്യവസ്ഥ സ്റ്റേ ചെയ്യുന്നതിനു പകരം ഹര്‍ജിക്കാർക്കു വ്യക്തിപരമായി ആശ്വാസം നല്‍കാനാകുമെന്ന നിരീക്ഷിച്ച കോടതി, ഇതിനകം ലിംഗമാറ്റ പ്രക്രിയയിലേക്കു കടന്ന വ്യക്തികള്‍ക്കു ചികിത്സ തുടരാന്‍ തടസ്സമുണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി ബിൽ കാരണം ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ തെറാപ്പിയും നിർത്തിയോ? കേന്ദ്രത്തോട് ഹൈക്കോടതി
ദൈവികത്വം വേണ്ട, മനുഷ്യരായി കണ്ടാൽ മതി, ക്വിയർ കമ്യൂണിറ്റിലുള്ളവർ സംഘപരിവാർ രാഷ്ട്രീയത്തിലേക്കു പോകുന്നതിൽ ആശങ്ക: ശീതൾ ശ്യാം

ഇതു നിയമത്തിന്റെ നേരിട്ടുള്ള പ്രശ്നമല്ലെന്നും പ്രായോഗികതലത്തില്‍ പരിഹരിക്കേണ്ട വിഷയമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. ഇതേത്തുടർന്ന് വിഷയത്തില്‍ വിശദമായ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്നു കോടതി ഉത്തരവിട്ടു. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.

ഹര്‍ജിക്കാരുടെ വാദങ്ങള്‍

2019 ലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമത്തില്‍ ഭേദഗതി വരുത്തിയ 2026 ലെ നിയമം നിരവധി അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്നുവെന്ന വാദമാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. പ്രത്യേകിച്ച്, 2014 ലെ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി (NALSA) കേസില്‍ സുപ്രീം കോടതി അംഗീകരിച്ച സ്വയം തിരിച്ചറിയല്‍ അവകാശത്തെ തകര്‍ക്കുന്നതാണ് പുതിയ ഭേഗഗതിയെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.

ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി ബിൽ കാരണം ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ തെറാപ്പിയും നിർത്തിയോ? കേന്ദ്രത്തോട് ഹൈക്കോടതി
ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ: സംരക്ഷണമോ അതോ സ്വത്വനിഷേധത്തിന്റെ പുതിയ ചട്ടക്കൂടോ?

ഹർജിക്കാരി ഇതിനകം തന്നെ ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ രേഖകൾ നേടിയിട്ടുണ്ടെന്നും 2019-ലെ നിയമപ്രകാരം പാൻ കാർഡ്, ആധാർ, റേഷൻ കാർഡ് എന്നിവയിൽ ലിംഗമാറ്റത്തിന് അനുസൃതമായി പേരും വിവരങ്ങളും പുതുക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ഹോർമോൺ തെറാപ്പി ആരംഭിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ശസ്ത്രക്രിയ അപകടകരമാണെന്ന് വൈദ്യനിർദ്ദേശം ലഭിച്ച സാഹചര്യത്തിൽ, പുതിയ നിയമഭേദഗതി വ്യക്തിയുടെ ലിംഗപരമായ സ്വത്വത്തെ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നിര്‍ബന്ധിത മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥയാണ് പ്രധാന വിവാദങ്ങളിലൊന്ന്. മുമ്പ് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ലിംഗപരമായ തിരിച്ചറിയല്‍ അംഗീകരിച്ചിരുന്നു. എന്നാൽ ഇത് ഭേദഗതി ചെയ്ത് മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശ നിര്‍ബന്ധമാക്കിയത് വ്യക്തികളുടെ സ്വകാര്യതാവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.

വ്യക്തിയുടെ സ്വകാര്യതാവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ ചരിത്രപരമായ പുട്ടസ്വാമി വിധി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ, ഒരു വ്യക്തിയുടെ ലിംഗപരമായ സ്വത്വം നിശ്ചയിക്കുന്നത് വൈദ്യപരിശോധനകളുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. സ്വയം തിരിച്ചറിയുന്ന ലിംഗസ്വത്വം അംഗീകരിക്കപ്പെടണമെന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നും ഹർജി കുറ്റപ്പെടുത്തുന്നു.

പുതിയ നിര്‍വചനം, ഉള്‍പ്പെടുത്തലോ ഒഴിവാക്കലോ?

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ നിര്‍വചനത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും വലിയ ചര്‍ച്ചയാകുന്നുണ്ട്. മുന്‍പ് ട്രാന്‍സ്‌മെന്‍, ട്രാന്‍സ്‌വുമണ്‍, നോണ്‍-ബൈനറി വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്ന നിര്‍വചനം ഇപ്പോള്‍ സാമൂഹിക-സാംസ്‌കാരിക വിഭാഗങ്ങളിലേക്കും ജൈവിക മാനദണ്ഡങ്ങളിലേക്കും ചുരുക്കിയതോടെ, നിരവധി ആളുകള്‍ നിയമപരമായ പരിധിയില്‍നിന്ന് പുറത്താകുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി ബിൽ കാരണം ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ തെറാപ്പിയും നിർത്തിയോ? കേന്ദ്രത്തോട് ഹൈക്കോടതി
സ്ത്രീയുടെ ശരീരത്തിലും തിരഞ്ഞെടുപ്പുകളിലും പുരുഷാധിപത്യം തുടരുന്നത് എന്തുകൊണ്ട്? ചോദ്യവുമായി സുപ്രീം കോടതി

ഈ സാഹചര്യത്തില്‍, ഇതിനകം ചികിത്സ സ്വീകരിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളോട് അത് നിർത്തിവെക്കാന്‍ ആവശ്യപ്പെടുന്നത് യുക്തിയുക്തമല്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, സ്വയം തിരിച്ചറിയലിന്റെ അടിസ്ഥാനത്തില്‍ ജീവിച്ചിരുന്ന വ്യക്തികള്‍ക്ക് ഇപ്പോള്‍ പുതിയ നിര്‍വചനപ്രകാരം നിയമപരമായ അംഗീകാരം നിഷേധിക്കപ്പെടുന്നുവെന്നതാണ് പ്രധാന ആശങ്ക.

സാമൂഹിക പ്രത്യാഘാതങ്ങള്‍, ഭയം, ഒറ്റപ്പെടല്‍, മാനസിക സമ്മര്‍ദ്ദം

നിയമഭേദഗതി നടപ്പിലാക്കിയതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ വ്യാപകമായ ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമപരമായ ഒഴിവാക്കലും സാമൂഹിക കളങ്കവും മൂലം നിരവധി വ്യക്തികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നതായും ആത്മഹത്യ ചിന്തകള്‍ വരെ ഉയര്‍ന്നുവരുന്ന സാഹചര്യവുമാണുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു.

കുടുംബങ്ങളില്‍നിന്നുള്ള തള്ളിപ്പറയല്‍ നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആശ്രയമായിരുന്ന ഷെല്‍ട്ടര്‍ ഹോമുകളും പിന്തുണാ സംവിധാനങ്ങളും ഈ നിയമത്തിന്റെ ഫലമായി ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമത്വാവകാശ ചോദ്യങ്ങള്‍; സുപ്രീം കോടതിയിലും വെല്ലുവിളി

പുതിയ നിയമത്തില്‍ ട്രാന്‍സ്‌മെന്‍, നോണ്‍-ബൈനറി ഐഡന്റിറ്റികള്‍ ഉള്‍പ്പെടുത്താത്തത് ഭരണഘടനയിലെ അനുച്ഛേദം 14 പ്രകാരമുള്ള സമത്വാവകാശത്തെ ലംഘിക്കുന്നുവെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം, ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന മറ്റൊരു ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്.

ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി ബിൽ കാരണം ലിംഗമാറ്റ ശസ്ത്രക്രിയയും ഹോർമോൺ തെറാപ്പിയും നിർത്തിയോ? കേന്ദ്രത്തോട് ഹൈക്കോടതി
നിർണായക നിലപാടുമായി കേന്ദ്രം; ശബരിമല കേസിലെ നാൾവഴിയും ഒൻപതംഗ ബെഞ്ചിനുമുന്നിലെ വാദങ്ങളും

ഈ സാഹചര്യത്തില്‍, 2014 ലെ നാൽസ വിധി ഉയര്‍ത്തിപ്പിടിച്ച സ്വയം തിരിച്ചറിയല്‍ അവകാശവും 2026 ലെ പുതിയ നിയമവും തമ്മിലുള്ള സംഘര്‍ഷം നിയമപരമായും സാമൂഹികമായും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. കേരള ഹൈക്കോടതിയുടെ ഇടപെടല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും നിയമ വിദഗ്ധരും.

English Summary: Kerala High Court seeks clarification from the Centre on whether the 2026 Transgender amendment law affects hormone therapy and gender-affirming treatments amid rising concerns.

Related Stories

No stories found.
Madism Digital
madismdigital.com