

കാർത്തികപ്പള്ളിയിലെ രണ്ടുവയസുകാരന്‍റെ മരണം പോഷകാഹാരക്കുറവിനെ തുടർന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മാതാപിതാക്കളുടെ പരിചരണത്തിലെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, മരിച്ച കുട്ടിയുടെ സഹോദരങ്ങളായ നാല് കുട്ടികളെ സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ശിശുക്ഷേമ സമിതി ഊര്‍ജ്ജിതമാക്കി.
കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ നിലവിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മറ്റ് ദുരൂഹതകളുണ്ടോയെന്ന് വിശദമായി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂവെന്ന നിലപാടില്‍ പൊലീസ് എത്തിയത്.
രാഹുലിന്റെ ശരീരത്തിൽ വിളർച്ചയും രക്തക്കുറവും ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സാധാരണയായി ഈ പ്രായത്തിലുള്ള കുട്ടിക്ക് ഏകദേശം 12 കിലോഗ്രാം ഭാരമുണ്ടാകേണ്ടിടത്ത് രാഹുലിന് ഏഴ് കിലോഗ്രാം മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടി കടുത്ത പോഷകാഹാരക്കുറവ് നേരിട്ടിരുന്നതായാണ് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
ഏഴ് കുട്ടികളുള്ള ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഒരു വർഷത്തിനിടെ മരിക്കുന്നത്. കിടക്കയിൽ മരിച്ച നിലയിലാണ് രാഹുലിനെ കണ്ടെത്തിയതെന്നാണ് പിതാവ് രാജേഷ് പൊലീസിന് നൽകിയ മൊഴി. ഏഴാമത്തെ പ്രസവത്തിനായി താരയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ മരണം സംഭവിച്ചത്. ദമ്പതികളുടെ ജീവിതരീതിയും കുട്ടികളുടെ പരിചരണത്തിൽ വരുത്തിയിരുന്ന വീഴ്ചകളും ചൂണ്ടിക്കാട്ടി നാട്ടുകാർ നേരത്തേ തന്നെ ആശങ്കകൾ ഉന്നയിച്ചിരുന്നു. കുട്ടികൾക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും ലഭിച്ചിരുന്നില്ലെന്നും സ്കൂളിൽ അയച്ചിരുന്നില്ലെന്നും കുട്ടികൾ അലഞ്ഞുതിരിഞ്ഞു നടന്നിട്ടും മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ താര ഏഴ് കുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടി നേരത്തേ മരിച്ചിരുന്നു. കുടുംബത്തിന്റെ സാഹചര്യവും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഏതാനും മാസം മുമ്പ് നാട്ടുകാരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് താരയെയും കുട്ടികളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാൽ, പിന്നീട് താര സ്വന്തം ഇഷ്ടപ്രകാരം കുട്ടികളുമായി അവിടെനിന്ന് മടങ്ങുകയായിരുന്നു.
രാഹുലിന്റെ മരണത്തിന് പിന്നാലെ മറ്റ് നാല് കുട്ടികളെ സാമൂഹ്യനീതി വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും ഭാവിയും ഉറപ്പാക്കുന്നതിനായി അവരെ സ്ഥിരമായി സർക്കാർ സംരക്ഷണത്തിൽ പാർപ്പിക്കാനുള്ള നിയമനടപടികളാണ് ഇപ്പോൾ പരിഗണിക്കുന്നത്. മാതാപിതാക്കളുടെ ഭാഗത്തുനിന്ന് കുട്ടികളുടെ പരിചരണത്തിൽ തുടർച്ചയായി വീഴ്ചയുണ്ടായെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണ്.
The post-mortem report has confirmed that malnutrition caused the death of the two-year-old in Karthikappally. Police suspect that negligence in parental care led to the child’s death. Steps to move the child’s siblings to a government-run care centre have been expedited.