

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത അഞ്ച് പേരും കോണ്‍ഗ്രസ് അനുഭാവികള്‍. സിജു സാമുവൽ, ഹംസ കെപി, ജാഫർ കെ, അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പിസി പുലാമന്തോൾ എന്നിവരുടെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവരിൽ രണ്ട് പേരുടെ പ്രൊഫൈൽ ഫോട്ടോകളില്‍ മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ ചൊല്ലി പാർട്ടിക്കുള്ളിൽ ചർച്ചകളും തർക്കങ്ങളും ഉയർന്ന സമയത്താണ് വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ അധിക്ഷേപങ്ങളും വിമർശനങ്ങളും ഉണ്ടായത്.
വേണുഗോപാലിനെതിരെ തുടർച്ചയായി സൈബർ ആക്രമണം നടക്കുന്നതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം നൽകിയ പരാതിയിലാണ് പൊലീസ് നടപടി. നേരത്തെ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും രണ്ട് മാസത്തോളം നടപടിയുണ്ടായില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. തുടർന്ന് ജോൺസൺ എബ്രഹാം ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി സൈബർ വിഭാഗം ഐജിക്ക് ചുമതല നൽകുകയും തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
സൈബർ ആക്രമണത്തിന് ഉപയോഗിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയ അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നൽകിയ പരാതിക്കൊപ്പം കൈമാറിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പരാതിക്കാരന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അക്കൗണ്ടുകളുടെ ഉടമകളെ കേന്ദ്രീകരിച്ചുള്ള കൂടുതൽ അന്വേഷണ നടപടികളിലേക്ക് പൊലീസ് കടക്കും. സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ഉറവിടം, ഉള്ളടക്കത്തിന്റെ സ്വഭാവം, അക്കൗണ്ടുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
Police have found that the five people booked in the cyberattack case against AICC General Secretary K.C. Venugopal are Congress supporters. The accounts registered in the names of Siju Samuel, Hamsa KP, Jaffer K, Aliyar Thattikunnath, Abdul Khader Reshi, and PC Pulamanthol were included in the case. Police also said that two of the profiles had photographs of Chief Minister V.D. Satheesan as their profile pictures.