

തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിനു ശേഷം എൽഡിഎഫിനു അധികാരം നഷ്ടമാകുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളുടെയും പ്രവചനം. എന്നാൽ സീറ്റ് കുറഞ്ഞാലും ഹാട്രിക് ഉറപ്പെന്ന പ്രതീക്ഷ എൽഡിഎഫ് ആവർത്തിക്കുന്നു. 78 സീറ്റാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധ വികാരം ചെറിയ തോതിൽ യുഡിഎഫിന് അനുകൂലമായി വോട്ടായാൽ പോലും 71 എന്ന മാജിക് നമ്പർ തൊടാൻ സാധ്യമെന്ന് ഇടത് ക്യാംപുകൾ വിശ്വസിക്കുന്നു.
2008 ലെ മണ്ഡല പുനർക്രമീകരണമാണ് വീണ്ടും അധികാരത്തിലെത്തുമെന്ന് എൽഡിഎഫ് ഉറപ്പിച്ചു പറയാൻ ആദ്യത്തെ കാരണം. ഈ സമയത്ത് പല മണ്ഡലങ്ങളെയും ഇടത് അനുകൂല സ്വഭാവമുള്ള മണ്ഡലങ്ങളാക്കി ക്രമീകരിക്കാൻ എൽഡിഎഫിനു സാധിച്ചിരുന്നു. മണ്ഡലപുനർക്രമീകരണത്തിൽ യുഡിഎഫ് നടത്തിയ ഇടപെടലുകൾ ശുഷ്‌കവും എൽഡിഎഫിന്റേത് ക്രിയാത്മകമായ രീതിയിലുമായിരുന്നു. 2008 നു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ (2011) നേരിയ മാർജിനിലാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. അഞ്ച് വർഷത്തെ ഭരണത്തിനുശേഷം എൽഡിഎഫ് നേരിട്ട തിരഞ്ഞെടുപ്പ് ആണെങ്കിലും കണക്കുകളിൽ വലിയ തിരിച്ചടി അവർക്കുണ്ടായില്ല.
ഏത് പ്രതികൂല കാലാവസ്ഥയിലും തങ്ങൾക്കു 50 സീറ്റുകൾ നേടാവുന്ന അന്തരീക്ഷം കേരളത്തിലുണ്ടെന്നാണ് എൽഡിഎഫ് വിശ്വാസം. കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ പിന്നീട് വേണ്ടത് 21 സീറ്റുകൾ മാത്രമാണ്. ഇങ്ങനെയൊരു സാധ്യതയാണ് 70 നും 80 നും ഇടയിൽ സീറ്റുകൾ നേടി തങ്ങൾക്കു ഹാട്രിക് ഉറപ്പിക്കാൻ പറ്റുമെന്ന് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും എൽഡിഎഫിനു ആത്മവിശ്വാസം നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ ലഭിച്ചതെങ്കിലും എൽഡിഎഫിന്റെ അടിസ്ഥാന വോട്ട് ബാങ്കിൽ വിള്ളലുണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ 58 ഇടത്ത് എൽഡിഎഫിനു മേൽക്കൈ ഉണ്ടായിരുന്നു. അതായത് കേവല ഭൂരിപക്ഷത്തിൽ നിന്ന് 13 സീറ്റുകൾ മാത്രം കുറവ്.
തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തുന്ന ചരിത്രമാണ് കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനുള്ളത്. അതുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലെ 58 ൽ നിന്ന് 71 ലേക്ക് എത്തുക അത്ര ബുദ്ധിമുട്ടല്ലെന്ന് എൽഡിഎഫ് വിശ്വസിക്കുന്നുണ്ട്. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതുപോലെ ന്യൂനപക്ഷ ഏകീകരണം നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നിട്ടില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
സ്ത്രീ വോട്ടർമാരുടെ വർധനവാണ് എൽഡിഎഫിനു പ്രതീക്ഷ നൽകുന്ന മറ്റൊരു കണക്ക്. പുരുഷ വോട്ടർമാരേക്കാൾ ആറ് ശതമാനത്തിലേറെ സ്ത്രീകൾ വോട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ വോട്ടർമാർ യുഡിഎഫിലേക്ക് ഏകീകരിക്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതിനാൽ പുരുഷ വോട്ടർമാർക്കിടയിലെ ഭരണവിരുദ്ധ വികാരത്തെ സ്ത്രീവോട്ടുകൾ കൊണ്ട് മറികടക്കാൻ കഴിയുമെന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പിനു മുൻപ് നടപ്പിലാക്കിയ സ്ത്രീസുരക്ഷ പെൻഷൻ അടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിച്ചിട്ടുണ്ടെന്നും ഇടതുപക്ഷം കരുതുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പ്രധാന കാരണമായി എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നത് സമൂഹമാധ്യമ ഇടപെടൽ ഫലപ്രദമായിരുന്നില്ല എന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം സമൂഹമാധ്യമ ഇടപെടൽ ഊർജ്ജിതമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഗുണകരമായിട്ടുണ്ടെന്നാണ് എൽഡിഎഫ് വിലയിരുത്തുന്നത്. അതിനാൽ യുവ വോട്ടർമാർ യുഡിഎഫിലേക്കു ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും എൽഡിഎഫ് കരുതുന്നു. ഈ ഘടകങ്ങളാണ് സീറ്റുകൾ കുറഞ്ഞാലും തങ്ങൾ ഭരണത്തിലെത്തുമെന്ന് എൽഡിഎഫ് ഉറപ്പിക്കാൻ കാരണം.
English summary: The LDF believes it can retain power despite exit polls predicting defeat. It expects around 70–80 seats, citing a stable core vote base, advantages from the 2008 constituency delimitation, and consistent performance trends from local to Assembly elections. The front also counts on strong support from women voters, improved social media outreach among youth, and welfare measures to offset anti-incumbency. Overall, it is confident of securing a third consecutive term.
It also argues that minority vote consolidation seen in local elections did not repeat at the Assembly level. Additionally, the party believes that even in unfavorable conditions, its base support ensures a minimum of around 50 seats, making a majority achievable.