ചരിത്രത്തിലാദ്യം; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാന്‍ കേരള നിയമസഭയില്‍ പ്രമേയം, പിന്തുണയുമായി പ്രതിപക്ഷം

ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശൻ നാളെ പ്രമേയം സഭയില്‍ അവതരിപ്പിക്കും
ചരിത്രത്തിലാദ്യം; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാന്‍ കേരള നിയമസഭയില്‍ പ്രമേയം, പിന്തുണയുമായി പ്രതിപക്ഷം
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി ഡി സതീശൻ നാളെ പ്രമേയം സഭയില്‍ അവതരിപ്പിക്കും. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് എൽഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്. ഡൽഹിയിൽ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് കേരളത്തിന്റെ നീക്കം.

ഡൽഹിയിൽ അവധി ദിവസവും പ്രതിഷേധം; നേതാക്കളെ കസ്റ്റഡിയിലെടുത്തു

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ഞായറാഴ്ചയും രാജ്യതലസ്ഥാനത്ത് ശക്തമായി. ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾക്കിടെ പലയിടങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതായി ആരോപണമുയർന്നു. പൊലീസ് മർദിച്ചെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിവിധ സംഘടനാ നേതാക്കളും പരാതിപ്പെട്ടു.

എസ്എഫ്ഐ, ഡിവൈഎഫ്ഐ, ഐസ, എഐഎസ്എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത രീതിയും പ്രതിഷേധക്കാരെ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളുടെ സൗകര്യങ്ങളും വിമർശനത്തിന് ഇടയാക്കി. വാഹനത്തിനുള്ളിൽവെച്ചും പൊലീസ് മർദനമുണ്ടായെന്നാണ് നേതാക്കളുടെ ആരോപണം.

കൊണാട്ട് പ്ലേസിൽ സംഘർഷം; ജോൺ ബ്രിട്ടാസും പൊലീസും തമ്മിൽ തർക്കം

ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുകയും മെട്രോ സ്റ്റേഷനുകൾ വീണ്ടും തുറക്കുകയും ചെയ്തതോടെ വിവിധ മേഖലകളിൽ പ്രതിഷേധം പുനരാരംഭിച്ചു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് സമീപം രാവിലെ 11.30ഓടെയാണ് എഐഎസ്എഫിന്റെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ സമരം തുടങ്ങിയത്.

പ്രതിഷേധക്കാർ ഇന്നർ സർക്കിളിലേക്ക് പ്രവേശിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പ്രവർത്തകരെ ബസുകളിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചതായും ചിലർ പൊലീസിനെ വെട്ടിച്ച് ഓടിയതോടെ പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ നിലനിന്നു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിക്ക് ഉൾപ്പെടെ പരിക്കേറ്റു.

പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എംപിയും സ്ഥലത്തെത്തി. പൊലീസുമായി വാക്കുതർക്കത്തിലേർപ്പെട്ട ബ്രിട്ടാസിനെ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. പിന്നീട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം അദ്ദേഹത്തെ വഴിയിൽ ഇറക്കിവിടുകയായിരുന്നു. തന്നെ പൊലീസ് മർദിച്ചെന്നും ബ്രിട്ടാസ് ആരോപിച്ചു. ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ തുടരുന്നതിനിടെ, കേരള നിയമസഭയിലെ പ്രമേയനീക്കം വിഷയത്തെ ദേശീയ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് കൂടുതൽ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ.

Summary

The Kerala government is preparing to introduce a resolution in the State Assembly seeking the removal of the Chief Election Commissioner. It would be the first time in the country that a resolution is moved under Rule 118. With the LDF confirming that the Opposition will support the move, the issue is expected to trigger wider discussions at the national level.

Madism Digital
madismdigital.com