സംസ്ഥാനത്തെ എയ്ഡഡ്- ഓട്ടോണമസ് കോളജുകൾക്ക് പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ ഏർപ്പെടുത്തിയ ഇളവുകളെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. കോളജുകളുടെ അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോണമസ് പദവി നൽകുന്നതെന്നും പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നുമുള്ള പുതിയ വ്യവസ്ഥ യുജിസി മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തിടെയുണ്ടായ കാലടി വിഷയത്തിലെ കോടതി ഉത്തരവിനും വിധേയമായാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനത്തിൽ എത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
പുതിയ ഉത്തരവ് പ്രകാരം ഓട്ടോണമസ് മാനേജ്മെന്റുകൾക്ക് സർക്കാരിന്റെ എൻഒസി ഇല്ലാതെ തന്നെ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ പച്ചക്കൊടി ലഭിക്കും. ഇക്കാര്യം സർക്കാരിനെ അറിയിച്ചാൽ മാത്രം മതിയാകും. ഓട്ടോണമസ് പദവി ലഭിച്ച കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതി തേടുന്ന സാഹചര്യം കേരളത്തിൽ മാത്രമാണുള്ളതെന്നും ഇത് മാറേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് കോളജുകൾക്ക് യുജിസി സ്വയംഭരണ പദവി നൽകുന്നത്. എന്നാൽ പദവി ലഭിച്ചതിന് ശേഷവും പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന് മുന്നിൽ കാത്തുനിൽക്കേണ്ടി വരുന്നത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെ എൻഒസി ആവശ്യമില്ലെന്ന കാലടി വിഷയത്തിലെ കോടതി ഉത്തരവ് സർക്കാരിന്റെ പുതിയ തീരുമാനത്തിന് അടിത്തറയായിട്ടുണ്ട്. കോടതി വിധികൾക്കും യുജിസി നിർദേശങ്ങൾക്കും വിരുദ്ധമായി സർക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും ഈ നിയമസാധുതകൾ ഉൾക്കൊണ്ടാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി വിദ്യാർഥികൾ വൻതോതിൽ വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്ന പ്രവണത വർധിച്ചുവരികയാണ്. വ്യവസായ ലോകത്തിന് ആവശ്യമായ നൈപുണ്യം നൽകുന്ന പുതിയ കാലത്തെ കോഴ്സുകളുടെ അഭാവമാണ് ഇതിന് പ്രധാന കാരണം. സർക്കാരിന്റെ സാമ്പത്തിക പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എല്ലാ കോളജുകളിലും പുതിയ കോഴ്സുകൾ അനുവദിക്കുക പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ഓട്ടോണമസ് കോളേജുകൾക്ക് സ്വന്തം നിലയിൽ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകുന്നത് വിദ്യാർഥികൾക്ക് സംസ്ഥാനത്ത് തന്നെ പഠിക്കാൻ അവസരമൊരുക്കുമെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.
എയ്ഡഡ് മേഖലയിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കുന്നത് വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിന് വഴിവെക്കുമെന്ന ആരോപണങ്ങളെ മന്ത്രി തള്ളി. പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുമ്പോഴും നിലവിലെ സംവരണ തത്വങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനോ ഫീസ് ഘടനയ്ക്കോ മാറ്റമുണ്ടാകില്ല. നിലവിലുള്ള റെഗുലർ കോഴ്സുകളെ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രി ഉറപ്പുനൽകി. സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന അധ്യാപകർ സ്വാശ്രയ കോഴ്സുകൾ കൂടി കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടാകില്ലെന്നും ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ മാനേജ്മെന്റുകൾ നടത്തണമെന്നും വ്യവസ്ഥയുണ്ട്.
പുതിയ കോഴ്സുകൾ തുടങ്ങുന്നതിനൊപ്പം തന്നെ, നിലവിലെ പരമ്പരാഗത കോഴ്സുകൾ കാലികമായി പരിഷ്കരിക്കേണ്ടതുണ്ട്. വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇന്റേൺഷിപ്പോട് കൂടിയ കോഴ്സുകളാക്കി ഇവയെ മാറ്റാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. കോഴ്സുകൾ റീസ്ട്രക്ചർ ചെയ്യുന്നതിനുള്ള പുതിയ മാനദണ്ഡങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്നും ഇതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പുതിയ കോഴ്സുകൾ തുടങ്ങാനുള്ള അനുമതി നൽകുന്നത് മെറിറ്റ് സീറ്റുകളെയോ നിലവിലെ സംവരണ തത്വങ്ങളെയോ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി ഉറപ്പുനൽകി. അക്കാദമിക് സ്വയംഭരണം എന്ന ആശയത്തെ അട്ടിമറിക്കാനാണ് തീരുമാനത്തിനെതിരെ പിന്തിരിപ്പൻ വാദങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ റെഗുലർ കോഴ്സുകൾ തുടങ്ങാൻ ഇപ്പോഴും സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
Higher Education Minister Roji M. John has justified the government's decision to allow autonomous aided colleges in Kerala to start new self-financing courses without a prior No Objection Certificate (NOC). He stated that the move strictly aligns with UGC guidelines and a recent court order regarding the Kalady issue. The decision aims to introduce new-generation courses, retain students within the state, and prevent brain drain. The Minister assured that merit seats and existing reservation policies will not be compromised, and added that conventional courses will soon be restructured to meet modern industry standards.