

സാംസ്കാരികമേഖലയെ ചേർത്തുപിടിച്ച് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. നടൻ സലിംകുമാറിന് സ്മാരകമുൾപ്പടെയുള്ള പദ്ധതികൾക്കായി കോടികളാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
മലയാളസിനിമാ മേഖലയെ വികസിപ്പിക്കുന്നതിനായി കൊച്ചിയിൽ ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിംസിറ്റി സ്ഥാപിക്കും. അത്യാധുനിക സൌകര്യങ്ങളോടെയുള്ള ഫിലിംസിറ്റിക്ക് 100 കോടി രൂപ വകയിരുത്തി. സിനിമയ്ക്ക് വ്യവസായ പദവി നൽകൽ, അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിരമായി വേദി സൃഷ്ടിക്കൽ, ആന്‍റി പൈറസി സെല്ലുകൾ രൂപികരിക്കൽ, ദേശീയ അന്താരാഷ്ട്ര സിനിമാ നിർമാണത്തെ ആകർഷിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തൽ എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വനിതാ സിനിമാ പ്രവർത്തകർക്കുള്ള സഹായധനം 1.5 കോടിയിൽ നിന്ന് 7 കോടി രൂപയായി സർക്കാർ ഉയർത്തിയിട്ടുണ്ട്. സ്ത്രീ പ്രാതിനിധ്യം സിനിമാ മേഖലയിൽ വർധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ലോകം ഡിജിറ്റൽ സംസ്കാരത്തിന്റെ സ്വാധീന വലയത്തിലായതോടെ ഭീഷണി നേരിടുന്ന സാംസ്കാരിക തനിമ തിരിച്ചുപിടിക്കാനും കേരളത്തിന്റെ തനത് സാംസ്കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം.ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് കൾച്ചറൾ പാർക്ക് സ്ഥാപിക്കും. ഇവിടെ കഥകളി,കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, മാർഗംകളി, അയനിപ്പാട്ട്, ഗോത്രകലാരൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൌകര്യമുണ്ടാകും.
ജെൻസീ കുട്ടികളുടെ ഷോട്ട്ഫിലിമുകൾ പ്രദർശിപ്പിക്കുന്നതിനും നൃത്ത സംഗീതപരിപാടികൾ അവതരിപ്പിക്കുന്നതിനും സൌകര്യങ്ങളൊരുക്കും. ഇതിന് പുറമെ സിനിമാ തീയേറ്ററുകൾ, ലൈബ്രറി, ആർട്ട് ഗാലറി, ചരിത്രമ്യൂസിയം, സാഹിത്യഭാഷാമ്യൂസിയം, എഴുത്തുകാരുടെയും മറ്റ് പ്രതിഭാശാലികളുടെയും ശബ്ദമ്യൂസിയം, കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേകയിടങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിക്കും. കലാസാഹിത്യാസ്വാദകർക്കും വിദ്യാർഥികൾക്കും വിനോദവിജ്ഞാനകേന്ദ്രമായി മാറുന്ന പാർക്കിനായി 50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പാർക്കിന്റെ നടത്തിപ്പിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും.
അന്തരിച്ച പ്രശസ്ത സംഗീതസംവിധായകൻ ജോൺസൺ മാഷിന്റെ പേരിൽ തൃശൂരിൽ പുതിയ മ്യൂസിക് അക്കാദമി ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായ് 5 കോടി രൂപ വകയിരുത്തി. കോഴിക്കോട് ഗായകൻ ഉമ്പായിയുടെ പേരിലും മ്യൂസിക് അക്കാദമി സ്ഥാപിക്കാൻ തീരുമാനമായി.
ഇവയ്ക്ക് പുറമെ, ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണയ്ക്കായി നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കൾച്ചറൽ സെന്റർ ആൻഡ് മ്യൂസിയം സ്ഥാപിക്കുന്നതിന് സഹായ ധനമായി ഒരു കോടി രൂപ നൽകും. അന്തരിച്ച നടൻ സലീം കുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായും ഒരു കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
പൊന്നാനി കേന്ദ്രീകരിച്ച് ഒരു 'കൾച്ചറൽ ബിനാലേ' സംഘടിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനം മലബാറിന്റെ സാംസ്കാരിക ഭൂപടത്തിൽ വലിയൊരു ചുവടുവെപ്പാണ്. കേരളീയ കലാരൂപങ്ങൾ, നാടൻ പാട്ടുകൾ, സാഹിത്യം, ശില്പകല, സംഗീതം എന്നിവയെല്ലാം കൂട്ടിയിണക്കിയുള്ള ഒരു വേദിയായിരിക്കും ബിനാലേ. കൊച്ചി ബിനാലെ മാതൃകയിൽ, എന്നാൽ മലബാറിന്റെ തനത് ശൈലിയിൽ ഇത് ആവിഷ്കരിക്കാനാണ് പദ്ധതിയിടുന്നത്.
English Summary: The state budget has introduced comprehensive plans to develop the Malayalam cinema sector, highlighted by the announcement of a memorial for Salim Kumar and the establishment of the state-of-the-art J.C. Daniel International Film City in Kochi, for which ₹100 crore has been allocated. This major project aims to elevate the regional cinema ecosystem by granting official industry status to film production, creating a permanent venue for international film festivals, and setting up dedicated anti-piracy cells. Furthermore, the initiative is designed to build a highly favorable environment capable of attracting both national and international film productions to the state.