മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ പണം നൽകിയത് സ്വകാര്യ ഹെലികോപ്റ്റർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ ആണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ ജെ ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് ഈ യാത്രയ്ക്കായി ഉപയോഗിച്ചത്. ഈ വിമാനക്കമ്പനി ചിപ്സണ് നൽകിയ ഇൻവോയ്സ് രേഖകളിലാണ് യാത്രയുടെ ചെലവ് വിവരങ്ങൾ വ്യക്തമാക്കുന്നത്.
ജിഎസ്‍ടി ഉൾപ്പെടെ ആകെ 19,88,595 രൂപയാണ് യാത്രയ്ക്കായി ചെലവായത്. ഇതിൽ വിമാന ചാർജ് ഇനത്തിൽ 16,85,250 രൂപയും 18 ശതമാനം നികുതിയായി 3,03,345 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കർണാടകയിലെ ബെല്ലാരിക്കടുത്തുള്ള ജിൻഡാൽ വിമാനത്താവളത്തിൽ നിന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്ക് പോവുകയും അവിടെ നിന്ന് തിരിച്ചെത്തുകയുമായിരുന്നു. ഏകദേശം ഒൻപത് മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി വിമാനം സർവീസ് നടത്തിയത്.
സംസ്ഥാന സർക്കാരിന് കഴിഞ്ഞ മൂന്ന് വർഷമായി ഹെലികോപ്റ്റർ വാടകയ്ക്ക് നൽകുന്ന ചിപ്സൺ, ആ കരാർ പുതുക്കിക്കിട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ യാത്ര എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഹെലികോപ്റ്റർ കരാറും മുഖ്യമന്ത്രിയുടെ യാത്രയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ചിപ്‌സൺ ഏവിയേഷൻ വ്യക്തമാക്കുന്നത്. ഒരു ഏവിയേഷൻ ഓപ്പറേറ്റർ എന്ന നിലയിൽ സർവീസുകൾ ലഭ്യമാക്കുക മാത്രമാണ് ചെയ്തതെന്നും, ആവശ്യമെങ്കിൽ ഭാവിയിലും വിമാനം നൽകുമെന്നും കമ്പനി അറിയിച്ചു. സ്വകാര്യ വിമാന യാത്ര ചെലവ് എത്രയാണെന്ന് ഇതിലൂടെ പുറത്തേക്ക് വരട്ടെയെന്നും ചിപ്സൺ അധികൃതർ പറഞ്ഞു.
അതേസമയം, യാത്രയുടെ സ്പോൺസർ ആരാണെന്ന് തുടക്കത്തിൽ വെളിപ്പെടുത്താതിരുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്പോൺസറുടെ പേര് മറച്ചുവെക്കാൻ ശ്രമിച്ചത് വലിയ ദുരൂഹതകൾ നിലനിൽക്കുന്നതിനാലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പുറത്ത് പറയാൻ കൊള്ളാത്തവരാണ് സർക്കാരിന്റെ ഇത്തരം സ്പോൺസർമാരെന്നും, പണക്കാരെ കാണുമ്പോൾ നിലപാടുകൾ മറക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
Chief Minister V.D. Satheesan's controversial chartered flight to Malappuram was sponsored by Chipsan Aviation, costing Rs 19.88 lakh. The aircraft, owned by Kelachandra Aviation, was provided at a time when Chipsan was reportedly seeking to renew its helicopter contract with the Kerala government. The Chief Minister's initial reluctance to disclose the sponsor's name has sparked severe criticism from CPM and CPI leaders, who allege a lack of transparency and foul play.