കേരളത്തിന് പുതിയ നാല് ട്രെയിനുകൾ കൂടി; പ്രധാനമന്ത്രി ഫ്ലാഗ്ഗ് ഓഫ് ചെയ്യും

അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 11 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും അതേ ദിവസം പ്രധാനമന്ത്രി നിർവഹിക്കും
കേരളത്തിന് പുതിയ നാല് ട്രെയിനുകൾ കൂടി; പ്രധാനമന്ത്രി ഫ്ലാഗ്ഗ് ഓഫ് ചെയ്യും
Published on

കേരളത്തിന് പുതിയ നാല് ട്രെയിനുകൾ കൂടി. അടുത്തിടെ പ്രഖ്യാപിച്ച അമൃത് ഭാരത് ട്രെയിനുകളിലെ മൂന്നു സർവീസുകളും ഒരു ഗുരുവായൂർ-തൃശ്ശൂർ പാസ്സഞ്ചറുമടക്കം നാല് സർവീസുകളാണ് റെയില്‍വേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. തമിഴ്നാടിന് അനുവദിച്ച രണ്ട് പുതിയ ട്രെയിനുകൾ ഉൾപ്പെടെ ആകെ ആറു ട്രെയിനുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അടുത്ത ആഴ്ച തിരുവനന്തപുരത്ത് എത്തുന്ന സമയത്തായിരിക്കും ചടങ്ങ്.

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു എന്നിവയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ള അമൃത് ഭാരത് ട്രെയിനുകൾ. തമിഴ്നാടിനു ലഭിക്കുന്നത് നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് എന്നീ അമൃത് ഭാരത് ട്രെയിനുകളാണ്.

അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 11 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും അതേ ദിവസം പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ നിന്ന് കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊർണൂർ എന്നീ സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചത്. കൂടാതെ ഷൊർണൂർ – നിലമ്പൂർ റെയിൽപാതയുടെ വൈദ്യുതീകരണത്തിനും റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.

ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ ദിവസവും സർവീസ് നടത്തുന്നതാണ്. വൈകുന്നേരം 6.10-ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് 6.50-ന് തൃശ്ശൂരിലെത്തുകയും തിരികെ രാത്രി 8.10-ന് തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട് 8.45-ന് ഗുരുവായൂരിലെത്തുന്ന രീതിയിലാണ് ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ സമയം ക്രമീകരിച്ചിരിക്കുന്നത്.

English Summary: Indian Railways has announced four new train services for Kerala, including three Amrit Bharat trains and a Guruvayur–Thrissur passenger service, to be flagged off by Prime Minister Narendra Modi

Related Stories

No stories found.
Madism Digital
madismdigital.com