ഉഷ്ണതരംഗം; പകല്‍ സമയത്ത് പൊതുപരിപാടികള്‍ക്ക് കർശന നിയന്ത്രണം, വൈദ്യുതി മുടക്കരുതെന്ന് കെഎസ്ഇബിക്ക് നിർദേശം നല്‍കി മുഖ്യമന്ത്രി

പകൽപ്പൂരങ്ങൾക്കും, കലാകായിക പരിപാടികൾക്കും നിയന്ത്രണം
ഉഷ്ണതരംഗം; പകല്‍ സമയത്ത് പൊതുപരിപാടികള്‍ക്ക് കർശന നിയന്ത്രണം, വൈദ്യുതി മുടക്കരുതെന്ന് കെഎസ്ഇബിക്ക് നിർദേശം നല്‍കി മുഖ്യമന്ത്രി
Published on

സംസ്ഥാനത്ത് താപനില ഗണ്യമായി ഉയരുന്ന സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം. കടുത്ത വേനലിനെ പ്രതിരോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈകൊണ്ടിട്ടുണ്ട്. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയ പരിപാടികൾക്ക് കർശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുത്ത ആശുപത്രികളിൽ നൂതന സൗകര്യങ്ങളോടു കൂടിയ സ്ഥിരം ഹീറ്റ് & ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനും ആരോഗ്യവകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്.

ഉഷ്ണതരംഗം; പകല്‍ സമയത്ത് പൊതുപരിപാടികള്‍ക്ക് കർശന നിയന്ത്രണം, വൈദ്യുതി മുടക്കരുതെന്ന് കെഎസ്ഇബിക്ക് നിർദേശം നല്‍കി മുഖ്യമന്ത്രി
രാത്രി പകലാക്കാൻ കണ്ണാടി ഉപഗ്രഹം, മനുഷ്യന്റെ ജൈവഘടികാരം തകരുമെന്ന് ആശങ്ക; ജീവജാലങ്ങൾക്ക് ഭീഷണിയാകുന്ന തലത്തിലേക്കോ ബഹിരാകാശ മത്സരം?

ഉന്നതതല യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

പൊതു ഇടങ്ങളിലെ സൗകര്യങ്ങൾ: പ്രധാന മാർക്കറ്റുകൾ, ബസ്സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒ ആർ എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കും. മാർക്കറ്റുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താൽക്കാലിക തണൽ പന്തലുകൾ സ്ഥാപിക്കണം. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവ്വീസ്, ട്രേഡ് യൂണിയൻ, സന്നദ്ധ സംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ ഏകോപിതമായ പ്രവർത്തനം നടത്തണം.

ഗതാഗത നിയന്ത്രണം: സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നൽ സമയ ദൈർഘ്യം കുറയ്ക്കുന്നതു സംബന്ധിച്ച് പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

പൊതുപരിപാടികൾക്ക് നിയന്ത്രണം: ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ പൊതു പരിപാടികൾ, സെലക്ഷൻ ട്രയലുകൾ, പകൽപ്പൂരങ്ങൾ, കലാകായിക പരിപാടികൾ തുടങ്ങിയ പരിപാടികൾക്ക് കർശനമായ നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തും.

ജനകീയ തണ്ണീർ പന്തലുകൾ: വഴിയോരങ്ങളിലും കവലകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും, ഓട്ടോ ടാക്സി സ്റ്റാന്റുകളിലും തണ്ണീർ പന്തലുകൾ സ്ഥാപിക്കും. സഹകരണ സ്ഥാപനങ്ങൾ ബന്ധപ്പെട്ട പ്രദേശങ്ങളിൽ സൗജന്യമായി തണ്ണീർ പന്തൽ ഒരുക്കുന്നുണ്ട്. കുടിവെള്ളം, സാധ്യമാണെങ്കിൽ സംഭാരം, തണ്ണിമത്തൻ തുടങ്ങിയവയും ലഭ്യമാക്കുന്ന ജനകീയ സംവിധാനമൊരുക്കാൻ ശ്രമിക്കണം. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ, യുവജന സംഘടനകൾ, ക്ലബ്ബുകൾ, മറ്റ് സർവ്വീസ്, സന്നദ്ധ, ട്രേഡ് യൂണിയൻ സംഘടനകൾ തുടങ്ങിയവരെല്ലാം ചേർന്ന് പരമാവധി സ്ഥലങ്ങളിൽ ഇത് നടപ്പിലാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം.

ഉഷ്ണതരംഗം; പകല്‍ സമയത്ത് പൊതുപരിപാടികള്‍ക്ക് കർശന നിയന്ത്രണം, വൈദ്യുതി മുടക്കരുതെന്ന് കെഎസ്ഇബിക്ക് നിർദേശം നല്‍കി മുഖ്യമന്ത്രി
വരുന്നത് വരൾച്ചയോ? മൺസൂൺ മഴയ്ക്കു വില്ലനായി 'എൽ നിനോ'; കേരളത്തെയും ബാധിക്കും

ജലലഭ്യത ഉറപ്പാക്കൽ: കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ വാട്ടർ അതോറിറ്റിയും ജലസേചന വകുപ്പും നടപ്പിലാക്കണം. തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തിൽ ഏകോപനം ഉണ്ടാകണം. മഴവെള്ള സംഭരണത്തിന് ജനകീയ ക്യാമ്പയ്ൻ സംഘടിപ്പിക്കണം. വരൾച്ച വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ജല ലഭ്യത ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ എടുക്കണം. അടിയന്തര നടപടികൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾക്ക് അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതികരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ സഹായം ലഭ്യമാക്കും.

കാലാവസ്ഥാ നിരീക്ഷണവും സാക്ഷരതയും: മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. താപനില, മഴ, ആർദ്രത, ജലനിരപ്പ് തുടങ്ങിയ വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ശേഖരിക്കാനും പ്രാദേശികമായി അത് പ്രദർശിപ്പിക്കാനും അതുവഴി കാലാവസ്ഥാ സാക്ഷരത സൃഷ്ടിക്കാനുമാവണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഇതിനായി പണം അനുവദിക്കുന്നത് പരിഗണിക്കും.

ദുരന്ത നിവാരണ നടപടികൾ: ആദ്യഘട്ടത്തിൽ വയനാട് ജില്ലയ്ക്കായി തയ്യാറാക്കിയ പദ്ധതി ഉടനടി നടപ്പിലാക്കാൻ ദുരന്ത നിവാരണ വകുപ്പ് മുൻകൈ എടുക്കണം. മഴ മാപിനികൾ സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ദുരന്ത നിവാരണ അതോറിറ്റി ഈ മൺസൂണിന് മുന്നേ പൂർത്തീകരിക്കണം. അതിനാവശ്യമായ ഫണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി കണ്ടെത്തണം. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനമായ "കവചം' സംവിധാനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കണം. സൈറണുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ബാറ്ററികൾ, മറ്റ് സാങ്കേതിക കാര്യങ്ങൾ എന്നിവ പ്രവർത്തനക്ഷമമാണ് എന്ന് നിരന്തരം ഉറപ്പാക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ: സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള കാലാവസ്ഥാ മാപിനികളുടെ പ്രവർത്തനം അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വിദ്യഭ്യാസ വകുപ്പും ചേർന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള സാധാരണ വെതർ സ്റ്റേഷനുകളിൽ നിരന്തരമായ പരിപാലനവും വിവരശേഖരണവും ഉറപ്പ് വരുത്തണം. അതോടൊപ്പം ദുരന്ത സാധ്യത കൂടിയ ഇടങ്ങളിൽ ഓട്ടോമാറ്റിക് മാപിനികൾ കൂടി സ്ഥാപിച്ചു കൊണ്ടുമുള്ള പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ ദുരന്ത നിവാരണ അതോറിറ്റി മുൻകൈയെടുക്കണം.

ആരോഗ്യ സംവിധാനങ്ങൾ: തിരഞ്ഞെടുത്ത ആശുപത്രികളിൽ നൂതന സൗകര്യങ്ങളോടു കൂടിയ സ്ഥിരം ഹീറ്റ് & ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ആരോഗ്യ കേന്ദ്രങ്ങളെ ഹീറ്റ് റെസിലിയൻറ് കെട്ടിടങ്ങളാക്കി മാറ്റാൻ നടപടികൾ സ്വീകരിക്കണം.

അംഗൻവാടികൾ: സംസ്ഥാനത്തെ മുഴുവൻ അംഗൻവാടികളും താപ പ്രതിരോധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹീറ്റ് റെസിലിയന്റ് കെട്ടിടങ്ങളാക്കി മാറ്റും. കൂൾ റൂഫ്, വെന്റിലേഷൻ തുടങ്ങിയവ ഉറപ്പ് വരുത്തി കൊണ്ടാവും ഇത് ചെയ്യുക. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും എനർജി മാനേജ്മെൻറ് സെന്ററും ചേർന്ന് തയ്യാറാക്കിയ പദ്ധതി വനിതാശിശുക്ഷേമ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും. ആവശ്യമായ സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കും.

പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ: വരും വർഷങ്ങളിലും ചൂട് വർദ്ധിക്കുമെന്നുള്ള പ്രവചനങ്ങൾ ഗൗരവമായി കണ്ട് മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാനുകൾ തയ്യാറാക്കണം. ദീർഘവീക്ഷണത്തോടെയുള്ള ദീർഘകാല പദ്ധതികൾ ഓരോ പ്രദേശത്തെയും ദുരന്ത സാധ്യത ലഘൂകരിക്കുന്നതിന് വേണ്ടി തയ്യാറാക്കി നടപ്പിലാക്കുകയും വേണം. ഇതിനായി സംസ്ഥാന ദുരന്ത പ്രതിരോധ നിധിയിൽ (എസ്ഡിഎംഎഫ്) നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കും.

വൈദ്യുതി വിതരണം: വൈദ്യുതി വിതരണം മുടങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതിനാൽ വൈദ്യുതി തടസ്സങ്ങളില്ലാതെ ലഭ്യമാക്കാൻ കെഎസ്ഇബി പരമാവധി ശ്രമിക്കണം. വരും വർഷങ്ങളിലും ചൂട് കൂടുമെന്ന മുന്നറിയിപ്പിന്റെയും സംസ്ഥാനത്ത് എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയ തോതിൽ ഇനിയും വർധിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ടുകൊണ്ടുള്ള ആസൂത്രണം നടത്തണം. ഊർജക്ഷമതയുള്ള ഉപകരണങ്ങളെയും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളെയും പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിനുകൾ നടത്തണം.

വന്യജീവി ജാഗ്രത: ചൂട് അധികമായതു കാരണം ഇഴജന്തുക്കൾ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണിത്. വീടും പരിസര പ്രദേശങ്ങളും പാമ്പുകൾ കയറാതിരിക്കാൻ ജാഗ്രത പാലിക്കണം. പാമ്പുകടി ഏറ്റാൽ സമയോചിതമായ ചികിത്സ ലഭ്യമാക്കാൻ എല്ലാ സംവിധാനവും ആരോഗ്യവകുപ്പ് ഒരുക്കണം. കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. പാമ്പുകടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ സംബന്ധിച്ച അവബോധം പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. സ്നേക്ക് റെസ്ക്യൂവേഴ്സിന്റെ സേവനം വനം വകുപ്പ് നല്ലരീതിയിൽ ഉറപ്പുവരുത്തണം.

അമീബിക് മസ്തിഷ്ക്കജ്വര ജാഗ്രത: വേനൽകാലത്ത് അമീബിക് മസ്തിഷ്ക്കജ്വരം വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുക, മുഖം കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളം ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ജലസംഭരണികൾ വൃത്തിയാക്കുക, മാലിന്യം ഒഴുകുന്നത് തടയുക തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

മെസേജ് സംവിധാനം: ദുരന്ത നിവാരണ അതോറിറ്റി ഐ.കെ.എമ്മുമായി സഹകരിച്ച് പ്രദേശങ്ങളിലെ താപനില, ഉഷ്ണതരംഗ സാധ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങൾക്ക് മെസേജ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

അത്യാവശ്യ ഘട്ടങ്ങളിൽ തീരുമാനങ്ങളെടുത്ത് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

English Summary: Amid rising temperatures, the Government of Kerala has imposed strict restrictions on daytime public events during heatwave conditions. The government also directed Kerala State Electricity Board to avoid power cuts and instructed the health department to set up dedicated heat and burn clinics in selected hospitals to ensure public safety.

Related Stories

No stories found.
Madism Digital
madismdigital.com