

രാജ്യത്ത് ഇത്തവണ മൺസൂൺ സീസണിൽ മഴ ലഭിക്കുക ശരാശരിയിലും താഴെയായിരിക്കുമെന്നു കാലാവസ്ഥ വകുപ്പ് (ഐഎംഡി). എൽനിനോ പ്രതിഭാസമാണ് ഭീഷണിയായി മാറുന്നത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഈ അവസ്ഥ രാജ്യം നേരിടാരുങ്ങുന്നത്.
ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ ദീർഘകാല ശരാശരിയുടെ 92 ശതമാനം മാത്രമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അനുമാനം. 50 വർഷത്തെ ശരാശരിയായ 87 സെന്റീമീറ്റർ (35 ഇഞ്ച്) മഴയുടെ 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലാണ് സാധാരണ മഴയായി നാല് മാസത്തെ സീസണിൽ ഐഎംഡി കണക്കാക്കുന്നത്. ജൂൺ ഒന്നിന് കേരളത്തിലെത്തി സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുന്നതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ.
എൽനിനോ പ്രഭാവത്തിൽ കേരളം ഉൾപ്പെടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിൽ താഴെയാവും മഴ ലഭിക്കുക. അതേസമയം വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, തെക്കൻ ഉപദ്വീപ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സാധാരണ മുതൽ സാധാരണയിൽ കൂടുതൽ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
"ദുർബലമായ ലാ നിന പോലുള്ള അവസ്ഥകൾ നിലവിൽ നിഷ്പക്ഷ അവസ്ഥയിലേക്ക് മാറുകയാണ്. ജൂണിനുശേഷം എൽ നിനോ വികസിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്," ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഭാഗങ്ങളിൽ സമുദ്രജല താപനില സാധാരണയേക്കാൾ ഉയരുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഈ പ്രതിഭാസം ഇന്ത്യയിൽ ഉൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിൽ ചൂടും വരണ്ട കാലാവസ്ഥയും ഉണ്ടാക്കുന്നതിന് പ്രധാന കാരണമാകാറുണ്ട്.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ജീവരക്തമാണ് മൺസൂൺ. കൃഷിയിടങ്ങൾക്ക് വെള്ളം ലഭ്യമാക്കുന്നതിലും ജലാശയങ്ങളും ജലസംഭരണികളും നിറയ്ക്കുന്നതിനും ആവശ്യമായ മഴയുടെ 70 ശതമാനവും ലഭിക്കുന്നത് മൺസൂണിലാണ്. മുൻകാലങ്ങളിൽ, മിക്ക എൽ നിനോ വർഷങ്ങളിലും രാജ്യത്ത് ശരാശരിയിലും താഴെയാണ് മഴ ലഭിച്ചത്. ഇത് പലപ്പോഴും വരൾച്ചയ്ക്കും വിളനാശത്തിനും കാരണമായി. അതിനാൽ വിളവെടുപ്പ് കുറയും.
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പണപ്പെരുപ്പവുമായി പോരാടുന്ന ഇന്ത്യയ്ക്ക് മൺസൂണിൽ മഴ കുറയുന്നത് കാർഷിക ഉൽപ്പാദനത്തെയും സമ്പദ്‌വ്യവസ്ഥയെയും കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്.
എൽനിനോ മൂലം കേരളത്തിൽ ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ മഴയുടെ അളവ് ഗണ്യമായി കുറയാനുള്ള സാധ്യതയ്ക്കൊപ്പം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കടുക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില സാധാരണയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും പത്തനംതിട്ടയിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നത് മലയോര മേഖലകളൊഴികെ മറ്റിടങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും കാരണമാകും. സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വേനൽ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും അത് ചൂടിന് വലിയ ആശ്വാസം നൽകില്ലെന്നാണ് വിലയിരുത്തൽ,
English Summary: The India Meteorological Department (IMD) predicts that the 2026 southwest monsoon may fall below the long-period average at around 92%, likely due to El Niño conditions. Kerala and other southern states may face reduced rainfall and higher temperatures, impacting agriculture and the economy.