

സംസ്ഥാനത്ത് മഴ കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത. മഴ തുടരാന്‍ സാധ്യതയുള്ള ജില്ലകളില്‍ ജില്ലാ കളക്ടര്‍ മാര്‍ക്ക് അതിജാഗ്രത നിര്‍ദേശം പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇന്ന് രാത്രിയിലും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ദേശിച്ചു.
പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആണ്. കൊല്ലം ആലപ്പുഴ എറണാകുളം കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പെരിയാര്‍ മീനച്ചിലാര്‍ ഈ നദികളിലും പോഷക നദികളിലും ജലനിരപ്പ് ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ട് താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഓരോ താലൂക്കിലെയും പ്രളയ ഭൂപടങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. വിവിധ തോതിലുള്ള പ്രളയത്തില്‍ ഏതെല്ലാം പഞ്ചായത്തുകളില്‍ എത്ര അളവില്‍ ജലനിരപ്പ് ഉയരും എന്നതിന്റെ വിശദമായ വിവരങ്ങള്‍ ഈ ഭൂപടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.
ഓറഞ്ച് ബുക്ക് നിര്‍ദേശപ്രകാരം പ്രളയ സാധ്യതയുള്ള മേഖലകളിലെ പ്രായമായവര്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ മുന്‍ഗണന നല്‍കി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ ഉറപ്പാക്കണമെന്നും റവന്യൂ വകുപ്പ് അറിയിച്ചു. അടിയന്തര സഹായത്തിനും വിവരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് 1077 എന്ന ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു
പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ് എന്നിവയുടെ സംഘങ്ങളെ സജ്ജമാക്കി നിര്‍ത്തണം.
നദീതീരങ്ങളിലും മലയോര മേഖലകളിലും അനാവശ്യ സഞ്ചാരവും യാത്രയും പൂര്‍ണമായും ഒഴിവാക്കണം.
ക്യാമ്പുകള്‍ തുറക്കുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ജലനിരപ്പ് നിരീക്ഷിക്കുന്നതിന് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കണം.
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍
മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 38256 പേരാണ് 446 ക്യാമ്പുകളിലായി കഴിയുന്നത്. പത്തനംതിട്ട 143, ആലപ്പുഴ 118, കോട്ടയം 139, ഇടുക്കി 17, എറണാകുളം 1, തൃശ്ശൂര്‍ 6, മലപ്പുറം അഞ്ച്, കോഴിക്കോട് ഒമ്പത്, വയനാട് നാല് , കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് 2, എന്നിങ്ങനെയാണ് ക്യാമ്പുകളുടെ ജില്ലാ അടിസ്ഥാനത്തിലുടെ എണ്ണം. ഇതുവരെ 28 പേരാണ് മഴക്കെടുതിയില്‍ മരിച്ചിട്ടുള്ളത്. തിരുവനന്തപുരം മൂന്ന്, കൊല്ലം ഒന്ന്, പത്തനംതിട്ട 2, ആലപ്പുഴ 4, കോട്ടയം 5, ഇടുക്കി 2, പാലക്കാട് 1, മലപ്പുറം 4, കോഴിക്കോട് 2, കണ്ണൂര്‍ 4 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലുള്ള മരണ കണക്ക്. മൂന്ന് പേരെ കാണാതായി. തിരുവനന്തപുരത്ത് രണ്ടും കൊല്ലത്തും ഒരാളെയും ആണ് കാണാതായത്. സംസ്ഥാനത്ത് 58 വീടുകള്‍ മഴക്കെടുതിയില്‍ പൂര്‍ണമായി നശിച്ചു. 704 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
The Kerala Government has issued a high alert following the India Meteorological Department's warning of heavy rainfall across the state. District Collectors in areas likely to receive intense rain have been directed to maintain heightened vigilance and strictly follow emergency protocols. Based on forecasts indicating heavy rain tonight and tomorrow, Revenue Minister A. P. Anil Kumar has instructed that 24-hour control rooms remain fully operational in flood-prone regions to ensure preparedness and a swift emergency response.