

പാലക്കാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത 23 കുട്ടികളുടെ അസ്വാഭാവിക മരണം സംബന്ധിച്ച കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള ഹൈക്കോടതി. 13 വര്‍ഷത്തിനിടെ പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാനാണ് കോടതിയുടെ നിര്‍ദേശം. കുട്ടികളുടെ മരണം സംബന്ധിച്ച അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം. എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ കേസില്‍ അന്വേഷണം അടിയന്തരമായി സിബിഐക്ക് കൈമാറാന്‍ തക്കവണ്ണമുള്ള വ്യക്തമായ സാഹചര്യങ്ങള്‍ നിലവിലുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അതേസമയം, ഇത്തരം കേസുകളുടെ തല്‍സ്ഥിതി വ്യക്തമാക്കാന്‍ 2026 ഫെബ്രുവരി 19-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, സിബിഐ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ ഐപിഎസ് സാക്ഷ്യപ്പെടുത്തിയതും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചതുമായ വസ്തുതാവിവരണ പത്രികയില്‍ പരാമര്‍ശിക്കുന്ന 23 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊലീസ് ആസ്ഥാനത്ത് നിന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും വിവരങ്ങള്‍ തേടാനും കോടതി സിബിഐക്ക് അനുമതി നല്‍കി.
കുട്ടികളുടെ അസ്വാഭാവിക മരണങ്ങള്‍ക്ക് പിന്നില്‍ ചില പ്രത്യേക സാമൂഹിക ഘടകങ്ങള്‍ കാരണമായിട്ടുണ്ടാകാമെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) മെമ്പര്‍ സെക്രട്ടറിയെ കേസില്‍ അധിക കക്ഷിയായും കോടതി ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍
സംസ്ഥാനത്തുടനീളമുള്ള കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പ്രതിരോധ, ബോധവല്‍ക്കരണ നടപടികള്‍ വിശദീകരിച്ച് കെല്‍സ സമര്‍പ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിച്ചു. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണ നിയമങ്ങളും സംബന്ധിച്ച നിയമ അവബോധ പരിപാടികള്‍, കുട്ടികളുടെ ക്ഷേമവും നിയമ നിര്‍വ്വഹണ ഏജന്‍സികളുമായുള്ള ഏകോപനം, പാരാ-ലീഗല്‍ വളണ്ടിയര്‍മാരുടെ ഇടപെടല്‍ ശക്തിപ്പെടുത്തല്‍, സ്‌കൂളുകളിലും ദുര്‍ബല സമൂഹങ്ങളിലും ഔട്ട്‌റീച്ച് പ്രവര്‍ത്തനങ്ങള്‍, കൗണ്‍സിലിങ്, സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാമുകള്‍, കുട്ടികളുടെ ഹെല്‍പ്പ് ലൈനുകളുടെ പ്രോത്സാഹനം, കമ്മ്യൂണിറ്റി അധിഷ്ഠിത കുട്ടികളുടെ സംരക്ഷണ ശ്രമങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. തുടര്‍നടപടികള്‍ക്കായി കേസ് ഓഗസ്റ്റ് ആറിലേക്ക് മാറ്റി.
English Summary: The Kerala High Court has ordered the Central Bureau of Investigation (CBI) to take over the probe into 23 child deaths reported in Palakkad district over the past 13 years. A Division Bench comprising Chief Justice Soumen Sen and Justice Syam Kumar V.M. issued the directive while hearing a Public Interest Litigation (PIL) seeking a comprehensive investigation into the cases involving the unnatural deaths of children in the district.