ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് സമർപ്പിച്ച് മുഖ്യമന്ത്രി: ഇതാണ് 'റിയൽ കേരള സ്റ്റോറി' എന്ന് ജനങ്ങൾ

അതിജീവനത്തിന്റെ 579-ാം ദിവസമാണ് 178 കുടുംബങ്ങൾക്കുള്ള വീടുകൾ മുഖ്യമന്ത്രി കൈമാറിയത്.
ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് സമർപ്പിച്ച് മുഖ്യമന്ത്രി: ഇതാണ് 'റിയൽ കേരള സ്റ്റോറി' എന്ന് ജനങ്ങൾ
Published on

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവനത്തിന്റെ 579-ാം ദിവസമാണ് 178 കുടുംബങ്ങൾക്കുള്ള വീടുകൾ മുഖ്യമന്ത്രി കൈമാറിയത്. അടുത്ത മഴക്കാലത്തിന് മുൻപ് തന്നെ മുഴുവൻ ദുരന്തബാധിതർക്കുമുള്ള വീടുകൾ നൽകുമെന്നും, അതിനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും, കുടുംബങ്ങൾക്ക് ആവശ്യമായ ഫർണിച്ചറുകൾ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

'ഇത്ര കാലം ഒരുമിച്ച് ജീവിച്ച നിങ്ങൾക്ക്, തുടർന്നും ഒരുമിച്ച് കഴിയാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ അതിൻ്റെ കൂടെ നിൽക്കാനാണ് നാം ശ്രമിച്ചത്. അതിൻ്റെ ഭാഗമായാണ് ടൗൺഷിപ്പ് ആശയത്തിന് രൂപം കൊടുത്തത്. പദ്ധതി പൂർത്തിയാക്കുന്ന കാര്യത്തിൽ സർക്കാരിന് ഒരു സംശയം ഉണ്ടായിരുന്നില്ല. അതിനായി എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടായി,' മുഖ്യമന്ത്രി പറഞ്ഞു. 13 പട്ടികവർഗ കുടുംബങ്ങൾക്ക് മേപ്പാടിയിൽ 5 ഏക്കർ ഭൂമി നൽകിയതിന്റെ പട്ടയവും മുഖ്യമന്ത്രി കൈമാറി.

വാഗ്ദാനം ചെയ്ത സഹായങ്ങളിൽ നിന്ന് ആരെങ്കിലും പിൻവാങ്ങിയാലും ബാക്കിയുള്ള വീടുകളുടെ നിർമ്മാണം മുടങ്ങില്ലെന്നും പദ്ധതി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ദുരിതാശ്വാസ നിധിയിലേക്ക് ചില്ലികാശ് നൽകരുതെന്ന് ചിലർ പറഞ്ഞിരുന്നു. അവർ തുടക്കം മുതൽ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എതിരായി പ്രവർത്തിച്ചു. വൈരനിര്യാതന ബുദ്ധിയോടെയാണ് അവർ ഇടപെട്ടത്. യുദ്ധനീതി പോലും അവർ അക്കാര്യത്തിൽ കാണിച്ചില്ല. ചില മാധ്യമങ്ങളും തെറ്റായ പ്രചാരണം നടത്തിയിരുന്നു, മുഖ്യമന്ത്രി വിമർശിച്ചു. എന്നിരുന്നാലും ദുരിതാശ്വാസ നിധിയിലേക്ക് സമാനതകളില്ലാത്ത സംഭാവനകളാണ് ലഭിച്ചതെന്നും, വ്യക്തികളും സംഘടനകളും, ദക്ഷിണേന്ത്യയിലെ സർക്കാരുകളും സഹായവും കരുത്തും നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു.

ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളാൻ കേന്ദ്രം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനസർക്കാർ നടപടി സ്വീകരിച്ചത്. ഇതിനായി 18 കോടിയലധികം രൂപയാണ് അനുവദിച്ചത്. കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയെ വരെ കേന്ദ്രം വിമർശിക്കുന്ന സ്ഥിതി ഉണ്ടായിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒപ്പം, ടൗൺഷിപ്പിനായി പ്രവർത്തിച്ച തൊഴിലാളികളേയും, പിന്തുണച്ച ജനങ്ങളേയും, സന്നദ്ധപ്രവർത്തകരേയും, കളക്ടർ മേഘശ്രീയേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

English Summary: Kerala Chief Minister Pinarayi Vijayan inaugurated the first phase of the rehabilitation township for the Mundakkai–Chooralmala landslide victims, handing over houses to 178 families. He assured that all remaining families would be rehabilitated before the next monsoon.

Related Stories

No stories found.
Madism Digital
madismdigital.com