വഖഫ് ബോർഡ് പ്രതിസന്ധി: ഹൈക്കോടതി വിധിയും കേരളത്തിലെ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റും

ഈ വിഷയത്തിൽ മുസ്ലിം ലീഗിന്റെ നിലപാടിനെ ചോദ്യം ചെയ്താണ് സിപിഎം പ്രധാനമായും രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കുന്നത്
വഖഫ് ബോർഡ് പ്രതിസന്ധി: ഹൈക്കോടതി വിധിയും കേരളത്തിലെ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റും
Published on

കേരളത്തിലെ വഖഫ് ബോ‍ർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ വഖഫ് ഭേദ​ഗതി നിയമം (UMEED Act 2025) പാലിക്കാതെയാണ് നിലവിലെ ഭരണസമിതി പ്രവർത്തിക്കുന്നത് എന്ന കണ്ടെത്തലാണ് ഈ പ്രതിസന്ധിക്ക് കാരണം. എന്നാൽ ഇതിലുപരി, ഈ വിഷയത്തിൽ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടാണ് ഇപ്പോൾ സർക്കാരിനെതിരെ തിരിയാൻ പ്രതിപക്ഷമായ സിപിഎമ്മിനും മുസ്ലിം സംഘടനകൾക്കും വലിയൊരു ആയുധമായി മാറിയിരിക്കുന്നത്.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ പുതിയ നിയമപ്രകാരമുള്ള മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് കാണിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാൽപ്പര്യ ഹർജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടിയുണ്ടായത്. പുതിയ ഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളും ഒരു ഷിയാ വിഭാഗം പ്രതിനിധിയും നിർബന്ധമായും ഉണ്ടായിരിക്കണം. ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ബോർഡിന്റെ നയപരവും സാമ്പത്തികവുമായ അധികാരങ്ങൾ താൽക്കാലികമായി മരവിപ്പിച്ചത്. പകരം ബോർഡിന്റെ ദൈനംദിന കാര്യങ്ങൾക്കായി വഖഫ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി കോടതി ചുമതലപ്പെടുത്തി.

വഖഫ് ബോർഡ് പ്രതിസന്ധി: ഹൈക്കോടതി വിധിയും കേരളത്തിലെ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റും
'കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും അത്തരം പദ്ധതികളില്ല'; 10,000 കോടിയുടെ നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

എന്നാൽ, സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹർജിയിലെ ആവശ്യങ്ങൾ പരിശോധിക്കാമെന്നും ആവശ്യമെങ്കിൽ പുതിയ നിയമപ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്നുമാണ് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. വിധിപ്പകർപ്പ് ലഭിച്ച ശേഷം വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് വഖഫ് വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനും വ്യക്തമാക്കിയിട്ടുണ്ട്.

ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാന വഖഫ് ബോർഡും അംഗമായ ഉമർ ഫൈസിയും അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കണമെന്നും ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎമ്മും രംഗത്തെത്തിയതോടെ യുഡിഎഫ് സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. ഹൈക്കോടതിയിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് അഡ്വക്കേറ്റ് ജനറൽ മുഖേന യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട്, ന്യൂനപക്ഷങ്ങളോടും കേരളത്തിന്റെ മതനിരപേക്ഷ സമൂഹത്തോടുമുള്ള കൊടിയ വഞ്ചനയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. പുതിയ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ, അത് ബിജെപിയുടെയും സംഘപരിവാറിന്റെയും അജണ്ടകൾക്ക് കേരളത്തിൽ കുടപിടിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

ഈ വിഷയത്തിൽ മുസ്ലിം ലീഗിന്റെ നിലപാടിനെ ചോദ്യം ചെയ്താണ് സിപിഎം പ്രധാനമായും രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കുന്നത്. പാർലമെന്റിൽ വഖഫ് ഭേദഗതിക്കെതിരെ അതിശക്തമായി വാദിച്ച ലീഗ്, ഇപ്പോൾ അവർ കൂടി ഭാഗമായ യുഡിഎഫ് സർക്കാർ അതേ നിയമം കേരളത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ മൗനം പാലിക്കുന്നതിലെ ഇരട്ടത്താപ്പാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, സമസ്തയിലെ ഇ കെ, എ പി വിഭാഗങ്ങൾ സർക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നു. രാഷ്ട്രീയ പ്രേരിതമായി ബിജെപി നേതാവ് നൽകിയ ഹർജിയെ പിന്തുണയ്ക്കുന്നതിലൂടെ സംസ്ഥാന സർക്കാർ സംഘപരിവാർ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് ഇരുവിഭാഗം നേതാക്കളും കുറ്റപ്പെടുത്തി.

വഖഫ് ബോർഡ് പ്രതിസന്ധി: ഹൈക്കോടതി വിധിയും കേരളത്തിലെ പുതിയ രാഷ്ട്രീയ കൊടുങ്കാറ്റും
ചിതറിപ്പോയ ഒരു സമരം, പട്ടിണികിടക്കുന്ന ഒരു മനുഷ്യൻ: ജന്തർമന്തറിലെ സിജെപി പ്രതിഷേധം സോനം വാങ്ചുക്കിലേക്ക് ചുരുങ്ങിയതെങ്ങനെ?

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഈ വിഷയത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. കേന്ദ്രം വഖഫ് ഭേദഗതി കൊണ്ടുവന്നപ്പോൾ അതിലെ അമുസ്ലിം പ്രാതിനിധ്യം അടക്കമുള്ള വ്യവസ്ഥകളെ പാർലമെന്റിലും പുറത്തും അതിശക്തമായി എതിർത്ത പാർട്ടിയാണ് ലീഗ്. എന്നാൽ ഇപ്പോൾ തങ്ങൾ കൂടി ഉൾപ്പെട്ട സംസ്ഥാന സർക്കാർ അതേ നിയമം നടപ്പിലാക്കാൻ കോടതിയിൽ സമ്മതിച്ചിരിക്കുന്നത് ലീഗ് അണികളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ നയത്തിൽ മാറ്റമില്ലെന്നും, വിഷയം യുഡിഎഫിൽ ചർച്ച ചെയ്യുമെന്നുമാണ് ലീഗ് നേതൃത്വം വ്യക്തമാക്കുന്നത്.

നിയമപരമായ ഒരു പ്രശ്നം എന്നതിലുപരി, കേരളത്തിലെ മുന്നണി രാഷ്ട്രീയ സമവാക്യങ്ങളെ ഉലയ്ക്കാൻ ശേഷിയുള്ള ഒരു വലിയ രാഷ്ട്രീയ വിഷയമായി വഖഫ് ബോർഡ് വിവാദം മാറിക്കഴിഞ്ഞു. സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ എന്ത് തീരുമാനമുണ്ടാകും എന്നത് നിയമപരമായി നിർണായകമാണ്. രാഷ്ട്രീയമായി, മുസ്ലിം ലീഗിന്റെയും മറ്റ് സമുദായ സംഘടനകളുടെയും സമ്മർദ്ദങ്ങളെ അതിജീവിച്ച് യുഡിഎഫ് സർക്കാർ ഈ വിഷയത്തിൽ ഇനി എന്ത് നയം സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്റെയും മുന്നണിയുടെയും ഭാവി പ്രതിച്ഛായ. ഹൈക്കോടതി വിധി പഠിച്ച ശേഷം സർക്കാർ സ്വീകരിക്കുന്ന ഔദ്യോഗിക നിലപാട് ഈ വിവാദത്തിൽ നിർണായക വഴിത്തിരിവാകും.

Summary

The Kerala High Court's decision to temporarily suspend the functioning of the Kerala Waqf Board has triggered a fresh political controversy in the state. The court found that the current board was functioning without complying with the Centre's new Waqf amendment law, the UMEED Act 2025, leading to the interim order. Beyond the legal issue, the stance taken by the UDF government before the High Court has become a major political flashpoint, providing the opposition CPI(M) and several Muslim organizations with an opportunity to intensify their criticism of the government.

Madism Digital
madismdigital.com