സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാ സംവിധാനങ്ങളിൽ പാർട്ടിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. പാർട്ടിയുടെ പ്രസിദ്ധീകരണമായ 'ചിന്ത' വാരികയിൽ 'തിരിച്ചുവരവ് അനിവാര്യമാണ്' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ്, അധികാരത്തിലുണ്ടായിരുന്നിട്ടും എന്തുകൊണ്ട് പാർട്ടിക്ക് അടിത്തട്ടിൽ തിരിച്ചടി നേരിട്ടുവെന്നതിനെക്കുറിച്ചുള്ള സ്വയംവിമർശനം കെ കെ ശൈലജ നടത്തുന്നത്.
സംഘടനാപരമായ ദൗർബല്യങ്ങൾക്കൊപ്പം പുതിയ തലമുറയെയും പരമ്പരാഗത വോട്ട് ബാങ്കിനെയും നിലനിർത്തുന്നതിൽ നേതൃത്വം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും അറിവില്ലാത്ത പുതിയ തലമുറയെ പാർട്ടിയോട് അടുപ്പിക്കുന്നതിലോ, അവരുടെ ഭാഷയിൽ നവമാധ്യമങ്ങളിലൂടെ സംവദിക്കുന്നതിലോ പാർട്ടി സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല
പാർട്ടിയുടെ അടിസ്ഥാന ഘടകങ്ങളായ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങളിൽ അടുത്ത കാലത്തായി വലിയ ദൗർബല്യങ്ങളും പിന്നോക്കാവസ്ഥയും പ്രകടമാണെന്ന് ശൈലജ ചൂണ്ടിക്കാട്ടുന്നു. ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായ ഈ വിള്ളൽ ജനങ്ങളുമായുള്ള പാർട്ടിയുടെ ബന്ധം അകലാൻ കാരണമായി. നേതാക്കളുടെയും പ്രവർത്തകരുടെയും ജനങ്ങളോടുള്ള പെരുമാറ്റം, സംസാരശൈലി, ജീവിതരീതി എന്നിവ അടിയന്തരമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നേതാക്കൾ തയ്യാറാകണമെന്നും അവർ ലേഖനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു.
സംഘടനാപരമായ ദൗർബല്യങ്ങൾക്കൊപ്പം പുതിയ തലമുറയെയും പരമ്പരാഗത വോട്ട് ബാങ്കിനെയും നിലനിർത്തുന്നതിൽ നേതൃത്വം വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും അറിവില്ലാത്ത പുതിയ തലമുറയെ പാർട്ടിയോട് അടുപ്പിക്കുന്നതിലോ, അവരുടെ ഭാഷയിൽ നവമാധ്യമങ്ങളിലൂടെ സംവദിക്കുന്നതിലോ പാർട്ടി സംവിധാനങ്ങൾക്ക് കഴിഞ്ഞില്ലെന്നും ലേഖനത്തിൽ പറയുന്നു.
ഇതിനുപുറമെ, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം മൂലം പരമ്പരാഗത തൊഴിലാളി മേഖലകളിലുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനോ, അതൃപ്തിയുള്ള തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി കൂടെനിർത്താനോ എൽഡിഎഫ് നേതാക്കൾക്കായില്ല. ഇത് വോട്ടർമാരെ വൈകാരികമായ നിലപാടുകളിലേക്ക് നയിക്കുന്നതിനും വോട്ട് ചോർച്ചയ്ക്കും ഇടയാക്കി.
പാർട്ടിയുടെ ആന്തരിക ദൗർബല്യങ്ങളെ മുതലെടുത്ത് വലതുപക്ഷ ശക്തികൾ നടത്തിയ ആസൂത്രിതമായ നീക്കങ്ങളെ പ്രതിരോധിക്കുന്നതിലും വലിയ പാളിച്ചകളുണ്ടായതായി കെ കെ ശൈലജ ചൂണ്ടിക്കാട്ടുന്നു. 1957-ലെ വിമോചന സമരകാലത്തെ അതേ തന്ത്രങ്ങൾ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടപ്പിലാക്കി, ഇടതുപക്ഷം വിശ്വാസികൾക്ക് എതിരാണെന്ന പ്രചാരണം വലതുപക്ഷം ശക്തിപ്പെടുത്തി. കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടായിരുന്നിട്ടും, നേമം, കഴക്കൂട്ടം, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞിട്ടും, ഇടതുപക്ഷത്തിന് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന കുപ്രചാരണം ജനങ്ങൾക്കിടയിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞുവെന്നും വിമർശനമുണ്ട്.
പ്രാദേശികമായ അസംതൃപ്തികളും സംഘടനാപരമായ പോരായ്മകളും കാരണം ഇടതുപക്ഷത്തിന്റെ സുശക്തമായ കോട്ടകളിൽ നിന്നുപോലും വോട്ടുകൾ ചോർന്നുപോയിട്ടുണ്ടെന്ന് ലേഖനം സമ്മതിക്കുന്നു. തെറ്റുകൾ തിരുത്തി സുസംഘടിതമായി മുന്നോട്ട് പോയാൽ മാത്രമേ ഇടതുപക്ഷത്തിന് ശക്തമായൊരു തിരിച്ചുവരവ് സാധ്യമാകൂ എന്ന് വ്യക്തമാക്കിയാണ് കെ കെ ശൈലജ ലേഖനം അവസാനിപ്പിക്കുന്നത്.
CPM Central Committee member K.K. Shailaja has attributed the LDF’s major electoral defeat in Kerala to severe organizational failures within the party. In an article titled "A Comeback is Mandatory" (Thirichuvaravu Anivaryamanu) published in the party mouthpiece Chintha, she conducts a critical self-analysis, questioning why the party faced a grassroots-level setback despite being in power.