

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ പദ്ധതികളില്‍ ഒന്നായിരുന്നു 'ലൈഫ് മിഷന്‍'. പാവപ്പെട്ടവര്‍ക്കു വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ഈ പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതിയിലെ കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം മറ്റൊരു രൂപം ലഭിച്ചിരിക്കുകയാണ്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സഹായം അനുവദിക്കുന്നത്. ലൈഫ് - പിഎംഎവൈ (പ്രധാന മന്ത്രി ആവാസ് യോജന) അര്‍ബന്‍ പദ്ധതിയിലൂടെ നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ക്കു കേന്ദ്ര ധനസഹായം ഏതാണ്ട് ഒന്നരലക്ഷം രൂപയാണ്. ചേരി നിര്‍മ്മാര്‍ജ്ജനത്തിന് ഒരു ലക്ഷം രൂപയും ഗുണഭോക്താക്കള്‍ നേരിട്ട് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും വായ്പയെടുത്ത് വീട് നിര്‍മ്മിക്കുന്നവര്‍ക്ക് 2.67 ലക്ഷം രൂപ പലിശ സബ്സിഡിയുമാണ് നല്‍കുന്നത്. ഇത്തരം ഭവന നിര്‍മ്മണ പദ്ധതികളെല്ലാം ഒരൊറ്റക്കുടക്കീഴിലാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഇത് പ്രകാരം സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് രണ്ടര ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിലുള്ള തുക ചെലവഴിക്കുന്നുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ക്കു മുന്നില്‍ 'പിഎംഎവൈ' ലോഗോ പതിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സഹിതമാണ് ഈ ലോഗോ. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും ഇതിനെ ശക്തമായി എതിര്‍ത്തു. വീടുകള്‍ ഔദാര്യമല്ലെന്നും അങ്ങനെ ലോഗോ പതിച്ചാല്‍ ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ അത് ബാധിക്കുമെന്നുമായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. ഇതിനിടെ പദ്ധതിയുടെ കേന്ദ്ര വിഹിതത്തിന്റെ ലഭ്യതയുള്‍പ്പെടെ പലപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തങ്ങളുടെ അഭിമാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടി തുടരുകയും ചെയ്തു. ഇതിനിടെ ലൈഫ് പദ്ധതി പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞു.
അന്ന് പിണറായി പറഞ്ഞത് ഇങ്ങനെ, ' ലൈഫ് മിഷനില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് ഒന്നരലക്ഷം രൂപയാണ്. രണ്ടരലക്ഷത്തില്‍ അധികം സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നു. കേന്ദ്രം പറഞ്ഞത് ഈ വീടുകള്‍ക്കു മുന്നില്‍ ഒരു ലോഗോ വയ്ക്കണം. അതില്‍ ഫോട്ടോയും കാര്യങ്ങളുമൊക്കെയുണ്ട്. ഞങ്ങള്‍ പറഞ്ഞു, 'അത് ശരിയല്ല, ആ വീട് അവരുടേതാണ്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതൊന്നും അവിടെ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. പക്ഷേ കേന്ദ്രം ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചു. അവസാനം ഒരു ഘട്ടത്തില്‍ അതിന്റെ മന്ത്രിയുമായി സംസാരിക്കാന്‍ ഇടയായി. ഇങ്ങനെ ലോഗോ വച്ചില്ലെങ്കില്‍ സഹായം നല്‍കാന്‍ പറ്റില്ലെന്ന് കേന്ദ്രമന്ത്രി തീര്‍ത്തുപറഞ്ഞു. സഹായം ഇല്ലെങ്കിലും വേണ്ട, ഞങ്ങള്‍ വീട് പണിതുകൊടുക്കും. ഇതില്‍ പണം ചെലവിടുന്നത് മാത്രമല്ലല്ലോ, ഇങ്ങനെ ലോഗോ വെച്ച് ഈ വീട് അവര്‍ക്കു ആരെങ്കിലും കൊടുത്തതാണ് എന്ന് തോന്നാല്‍ പാടില്ലല്ലോ,' പിണറായി ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പദ്ധതിയില്‍ കമ്മീഷന്‍ ഇടപാട് നടന്നുവെന്ന ആരോപണം ഒന്നാം പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. കരാര്‍ അനുവദിക്കുന്നതില്‍ സ്വാധീനിക്കപ്പെട്ടു, ചില ഇടനിലക്കാരിലൂടെ കൈക്കൂലി കൈമാറ്റം നടന്നു, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നടപടിക്രമങ്ങള്‍ പാലിച്ചില്ല തുടങ്ങിയവയായിരുന്നു പ്രധാനമായും ഉയര്‍ന്ന ആക്ഷേപം. .അന്നതെ പ്രതിപക്ഷം ലൈഫില്‍ വന്‍ അഴിമതി നടന്നതായി ആരോപിച്ചു. ഭരണപക്ഷം മറുവശത്ത് പദ്ധതി ജനങ്ങള്‍ക്ക് ഗുണകരമായിരുന്നുവെന്നും ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വാദിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ലൈഫ് പദ്ധതിയുടെ ഭാവി സംബന്ധിച്ച തീരുമാനം കേരളം ഏറെ ശ്രദ്ധിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചേക്കുമെന്നുള്‍പ്പെടെ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍, വീടുകള്‍ക്കു മുന്നില്‍ പിഎംഎവൈ (പ്രധാന മന്ത്രി ആവാസ് യോജന) ലോഗോ വയ്ക്കുന്നതില്‍ തെറ്റില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ നീക്കങ്ങള്‍. തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയാണ് ഇതു സംബന്ധിച്ച പ്രതികരണം നടത്തിയത്.
പിഎംഎവൈ പദ്ധതിയില്‍ നഗരങ്ങളില്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് അടയാളമായി പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്ള എംബ്ലം വയ്ക്കണമെന്നാണ്. പണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്തും ഇന്ദിര ആവാസ് യോജന പദ്ധതി പോലുള്ളവ ഉണ്ടായിരുന്നു. അതിനെ തടുക്കേണ്ട കാര്യമില്ല. കേന്ദ്ര സര്‍ക്കാരുമായി അനാരോഗ്യകരമായ തര്‍ക്കത്തിലേക്ക് ഞങ്ങള്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് കെ.എം. ഷാജിയുടെ പ്രതികരണം.
മന്ത്രിയുടെ പ്രതികരണം ഇടത് കേന്ദ്രങ്ങള്‍ ഇതിനോടകം തന്നെ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എഫ്.ഐ ഉള്‍പ്പെടെ രംഗത്തെത്തി. ചേര തോല്‍ ഉരിയുന്നത് പോലെ ഇത്രയുംനാള്‍ പറഞ്ഞ രാഷ്ട്രീയം ഉരിഞ്ഞു കളഞ്ഞ് സുന്ദരക്കുട്ടനായി നില്‍ക്കുന്ന ലീഗ് നേതാവിനെ കാണുമ്പോള്‍ കൗതുകം തോന്നിപ്പോവുകയാണെന്ന് എസ്എഫ്‌ഐ പ്രസിഡന്റ് എം. ശിവപ്രസാദ് പരിഹസിച്ചു. വിഷയം വരും ദിനങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍ നല്‍കുന്നത്.
Kerala Local Self-Government Minister K.M. Shaji has said there is no objection to displaying an emblem featuring Prime Minister Narendra Modi on houses constructed under the Pradhan Mantri Awas Yojana (PMAY). He stated that the state should not forgo central financial assistance over the issue of branding or logos. Shaji noted that similar naming practices existed when the Congress-led central government introduced schemes such as the Indira Awaas Yojana, arguing that such precedents make the current practice neither unusual nor objectionable. He added that the Kerala government does not intend to engage in an unnecessary confrontation with the Centre over the matter.